തിരൂര്‍ പുഴയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി

തിരൂര്‍: മാലിന്യം നിറഞ്ഞതിനെ തുടര്‍ന്ന് തിരൂര്‍ പുഴയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് വ്യാപകമാകുന്നു. പുഴവെള്ളം കറുപ്പുനിറമായതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ആശങ്കയില്‍. മാലിന്യം നിറഞ്ഞതിനെ തുടര്‍ന്നാണ് കഴിഞ്ഞ രണ്ടുദിവസമായി തിരൂര്‍ പുഴയില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തത്. ഇവ പ്രദേശത്തെ യുവാക്കള്‍ കരയ്ക്കടുപ്പിച്ച് കുഴിച്ചുമൂടിയെങ്കിലും ശനിയാഴ്ചയും വന്‍തോതില്‍ മത്സ്യങ്ങള്‍ ചത്തു. തിരൂര്‍ പുഴയില്‍ പനമ്പാലം മുതല്‍ മംഗലം കൂട്ടായിക്കടവ് വരെയാണ് മത്സ്യങ്ങള്‍ ചത്തൊടുങ്ങിയത്. പുഴവെള്ളം കറുപ്പുനിറത്തിലായതും കടുത്ത ദുര്‍ഗന്ധം വ്യാപിച്ചതും പുഴയോരവാസികളെ ആശങ്കയിലാക്കി. പുഴയോരത്തെ കിണറുകളിലേക്കും കറുപ്പുനിറം വ്യാപിച്ച് കുടിവെള്ളത്തിന് രുചിവ്യത്യാസമുണ്ടായിട്ടുണ്ട്. തിരൂര്‍ അന്നാര, പൊറൂര്‍, പച്ചാട്ടിരി ഭാഗത്തുള്ള നിരവധി കുടുംബങ്ങള്‍ വീട് ഒഴിഞ്ഞുപോയിരിക്കയാണ്. നഗരത്തിലെ അങ്ങാടികളിലെ ഓടകളില്‍നിന്നുള്ള മലിനജലം തിരൂര്‍ പുഴയിലേക്കാണ് ഒഴുക്കിവിടുന്നത്. പുഴയില്‍ വെള്ളം കുറഞ്ഞതും കൂട്ടായി റഗുലേറ്ററിന്റെ ഷട്ടര്‍ ഇട്ടതുംമൂലം വെള്ളം മലിനമായി. ഇതേ തുടര്‍ന്ന് വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതോടെയാണ് മത്സ്യങ്ങള്‍ ചത്തുപൊന്തിയതെന്നാണ് നിഗമനം. പുഴവെള്ളം മലിനമായതോടെ ദുര്‍ഗന്ധം ശ്വസിച്ച് സമീപത്തെ വീടുകളിലെ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും അസുഖങ്ങളും തളര്‍ച്ചയും അനുഭവപ്പെട്ടതായും പറയുന്നു. ഇത് തടയാന്‍ അധികൃതര്‍ കാര്യമായ നടപടി എടുത്തിട്ടില്ല. ദുര്‍ഗന്ധം കൂടുതല്‍ സ്ഥല ത്തേക്ക് വ്യാപിച്ചിട്ടുമുണ്ട്. മഴ ശക്തമായി പുഴയില്‍ വന്‍ കുത്തൊഴുക്ക് വന്നാല്‍ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയൂ