തിരൂർപുഴ വിഷയാവതരണം 2014-03-23

തിരൂർപുഴ സഹജീവനം
തിരൂർപുഴ പുനരുജ്ജീവന പ്രവർത്തനങ്ങൾ

                വിഷയാവതരണങ്ങൾ

                                                        പൊതുസംവാദം

                                                                                      സമന്വയ സമീപനം

2014 മാർച്ച്‌ 23 ഞായറാഴ്ച 2 മണിക്ക്
തിരൂർ ജി എം യു പി സ്കൂൾ ആഡിറ്റോറിയം

വഞ്ചിപ്പാട്ട്                                                                : തിരൂർപുഴ സഹജീവനം
സ്വാഗതം                                                                 : കെ ഭാസി
തിരൂർപുഴ സഹജീവന പദ്ധതി                                 : ഡോ. എൻ എൻ പണിക്കർ
തിരൂർപുഴ സഹജീവനത്തിന്റെ ധന്യ മുഹൂർത്തങ്ങൾ  : സരള പണിക്കർ

പന്ത്രണ്ടിന പരിപാടി

1. ഒഴുകേണം പുഴ നന്നായ് നീക്കീടേണം തടസ്സങ്ങൾ..

1.1 തിരൂർപുഴയുടെ പാരിസ്ഥിതിക പ്രത്യേകതകൾ                      : ഡോ.എം സീനത്ത്
1.2 കാട്ടാമ്പള്ളിയും കൂട്ടായിയും                                                 : കുഞ്ഞിരാമൻ കെ
1.3 കൂട്ടായി ഷട്ടർ നാട്ടുകാർ തുറന്നതിലെ നേട്ടവും കണ്ടെത്തലും    : സുഭാഷ് കൂട്ടായി
1.4 ചീർപ്പ് പാലങ്ങളുടെ ഗുണദോഷങ്ങൾ                                   : ഡോ.അബ്ദുൽ ഹക്കിം
2. പണ്ടേ ഉണ്ടായിരുന്നൊരു ജലപാത വീണ്ടെടുക്കാം..
2.1 ചങ്ങാടത്തിത്തിലും വെള്ളത്തിലും തലക്കടത്തൂർ മുതൽ തിരൂർ വരെ   : റ്റി എം കാസീം
3. അവബോധ യാത്ര ചെയ്യാം പുഴക്കരയിൽ
3.1 പുഴക്കൂട്ടങ്ങളും വിദ്യാർഥി കൂട്ടായ്മകളുമായുള്ള പാരസ്പര്യം                : രാജി പി
4. പുഴയോരത്തൊത്തു കൂടാം ജനങ്ങൾക്കെല്ലാം ..
4.1 നന്മയുടെ പുഴക്കൂട്ടം – കുണ്ടനാട്ടുകടവ്                           : റാവുഫ്, ഷംലി, രാഗേഷ്,

5. ജൈവമാലിന്യങ്ങളൊക്കെ ..വാതകവും വൈദ്യുതിയും..
5.1മാലിന്യ സംസ്കരണം ആധുനിക ജീവിതത്തിൽ                  : ഡോ. പി എ രാധാകൃഷ്ണൻ
5.2 ജൈവപ്ലവങ്ങൾ                                                             : ബേബിതോമസ്‌
5.3തിരൂർ മാർക്കറ്റിലെ മാലിന്യ സംസ്കരണം                        : സരളാ പണിക്കർ
5.4നിയമത്തിന്റെ വഴികൾ                                                    : അലവിക്കുട്ടി
5.5 ഓട അടയ്ക്കൽ കോട്ടയ്ക്കലും വടകരയിലും. തിരൂരിൽ കാനാത്തും? : കുഞ്ഞിരാമൻ

6. പ്രകൃതി ജീവനം വഴി ജനങ്ങൾക്കും പുഴയ്ക്കുമായി..
6.1 ജീവിത ശൈലി മാറ്റുക                                                    : ഖദീജാ നർഗ്ഗീസ്

7. പ്രകൃതി കൃഷിയിലൂടെ ജീവാഹാരമാക്കിയിട്ടു ആസ്വദിച്ചീടാം..
7.1 പരമ്പരാഗത കൃഷി                                                         : നൂർ മുഹമ്മദ്‌
7.2 പുഴയും കൃഷിയും                                                             : ഹിലാൽ

8. പുഴയോരക്കാടുകളും …..തഴപ്പിച്ചു മത്സ്യമേന്മ വർദ്ധിപ്പിച്ചീടാം..

8.1 തിരൂർ പുഴമത്സ്യസമ്പത്തും പ്രജനന രീതികളും                    : ഡോ.എം സീനത്ത്
8.2. തിരൂർപുഴയിലെ കണ്ടൽക്കാടുകൾ                                   : ജയശ്രീ

9. മഴവെള്ളം സംഭരിക്കാം കുളങ്ങൾ ചാലുകളുമായി..
9.1 ശുദ്ധജല സംഭരണം പുഴക്കൂട്ടങ്ങളിലൂടെ                             : ഡോ.എം സീനത്ത്

10. പാത ഊർജ്ജ സ്വാശ്രയത്തിൽ തെളിഞ്ഞിടട്ടെ..
10.1 സൗരോർജ്ജവും ജൈവവാതകവും – തൊഴിൽ സാദ്ധ്യതകൾ : ഡോ. എൻ എൻ പണിക്കർ

11. വികസന ബദലുകൾ കണ്ടിടേണം..
11.1 വിനോദ സഞ്ചാര സാദ്ധ്യതകൾ                                       : ജനാർദ്ദനൻ പേരാമ്പ്ര
11.2 ബോട്ട് ക്ലബ്ബുകൾ ആരോഗ്യത്തിനും പുഴ ശുചീകരണത്തിനും : പി ശശിധരൻ

12. സർക്കാരിന്റെ സ്ഥാപനങ്ങൾ രക്ഷിക്കാനും, ശിക്ഷിക്കാനും..
12.1 നീളണം കൈകൾ – തിരൂർപുഴ സംരക്ഷണത്തിനായി    : ഭാസി കെ
12.2 പുഴ ശുചീകരണ മാർഗ്ഗങ്ങൾ – ഡ്രെഡ്‌ജിംഗ് ഉൾപ്പെടെ   : ഡോ. എൻ എൻ പണിക്കർ

പൊതുസംവാദം
സമന്വയ സൃഷ്ടിയും നിർദ്ദേശങ്ങളും
കൃതജ്ഞത                                                                            : ഖദീജാ നർഗ്ഗീസ്
ദേശീയ ഗാനം

********************

2014 മാർച്ച് 23  തിരൂർപുഴ സെമിനാർ

 തിരൂർ സഹജീവനം വഞ്ചിപ്പാട്ട്

എൻ എൻ പണിക്കർ & സരള പണിക്കർ

തിരൂർ പുഴ ജലമേള
തെയ് തെയ് തക തെയ് തെയ് തോ
നാട്ടാരെല്ലാം കൂട്ടായുള്ള
തിത്തത്താ തിത്തെയ് തെയ്

സഹജീവന പദ്ധതി
തെയ് തെയ് തക തെയ് തെയ് തോ
ജീവതാള ലയത്തോടെ
തിത്തത്താ തിത്തെയ് തെയ്

തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോ

പന്ത്രണ്ടിന പരിപാടി
സഹാജാരോഗ്യത്തിനായ്
തന്ത്രമായി നമുക്കവ
ചെയ്തു തുടങ്ങാം                              (തിത്തിത്താരാ……)

പണ്ടേയുണ്ടായിരുന്നൊരു
ജലപാത വീണ്ടെടുക്കാം
കൊണ്ടാടീടാം ജലയാത്ര
നമുക്കിനിയും                                   (തിത്തിത്താരാ……)

നവംബർ പതിമൂന്നിലും
പതിനാലാം ദിനത്തിലും
അവബോധ യാത്ര ചെയ്യാം
പുഴക്കരയിൽ                                    (തിത്തിത്താരാ……)

ഒഴുകേണം പുഴ നന്നായ്
നീക്കിടേണം തടസ്സങ്ങൾ
പുഴയോരത്തൊത്തുകൂടാം
ജനങ്ങൾക്കെല്ലാം                             (തിത്തിത്താരാ……)

കുളി, നീന്തൽ, ഒത്തുചേരൽ
വഞ്ചിയാത്ര, ജീവരക്ഷ
കളിയാകാം ചിരിയാകാം
യോഗം കളിയും                                 (തിത്തിത്താരാ……)

മാനസാദി സ്വാസ്ഥ്യത്തിനായ്
പതിവാക്കാം സുര്യയോഗം
വാനനിരീക്ഷണമാകാം
ചർച്ചാവേദിയും                                  (തിത്തിത്താരാ……)

പ്രകൃതി ജീവനം വഴി
ജനങ്ങൾക്കും പുഴയ്ക്കുമായ്
വികൃതിയില്ലാതാരോഗ്യം
കൈവരിച്ചിടാം                                  (തിത്തിത്താരാ……)

ജൈവമാലിന്യങ്ങളൊക്കെ
പ്രകൃതി കൃഷിയിലൂടെ
ജീവാഹാരമാക്കിയിട്ട്
ആസ്വദിച്ചീടാം                                   (തിത്തിത്താരാ……)

വാതകവും വൈദ്യുതിയും
വേണമെങ്കിൽ അവകൊണ്ട്
പാത ഊർജ്ജ സ്വശ്രയത്തിൻ
തെളിഞ്ഞീടട്ടെ                                   (തിത്തിത്താരാ……)

പുഴയോരക്കാടുകളും
ആഴിയുമായുള്ളൊഴുക്കും
തഴപ്പിച്ചു മത്സ്യ മേന്മ
വർദ്ധിപ്പിച്ചീടാം                                    (തിത്തിത്താരാ……)

മഴവെള്ളം സംഭരിക്കാം
കുളങ്ങൾ ചാലുകളുമായ്
ഒഴുകട്ടെ ശുദ്ധജലം
ആണ്ടുമുഴുവൻ                                      (തിത്തിത്താരാ……)

പൂഴിക്കുനകളും പിന്നെ
തീരദേശ മരങ്ങളും
ഒഴുകും പുഴയുമായാൽ
ഉപ്പുതടയാം                                           (തിത്തിത്താരാ……)

വികസന ബദലുകൾ
കണ്ടിടേണം നമുക്കിനി
പ്രകൃതിക്കു ചേർന്നിടുന്ന
വളർച്ച വേണം                                    (തിത്തിത്താരാ……)

കേട്ടറിവും നാട്ടറിവും
അനുഭവങ്ങളൊക്കെയും
ഒട്ടും ചോരാതെഴുതീടാം
പങ്കുവച്ചീടാം                                         (തിത്തിത്താരാ……)

നാട്ടാരെല്ലാം കൂട്ടായിട്ടീ
പന്ത്രണ്ടിന പരിപാടി
കോട്ടമൊട്ടും തട്ടീടാതെ
മുന്നോട്ടു നീക്കാം                                   (തിത്തിത്താരാ……)

സർക്കാരിന്റെ സ്ഥാപനങ്ങൾ
രക്ഷിക്കാനും ശിക്ഷിക്കാനും
തർക്കമൊന്നുമില്ലാതാക്കി
ഒപ്പമെത്തട്ടെ                                        (തിത്തിത്താരാ……)

നാരായണൻ മേല്പത്തൂരിൻ
തോണിയാത്ര മുഖാഭി ശ്രീ
നാരായണ ഗുരുജന്മം
വിനോബാജന്മം                                   (തിത്തിത്താരാ……)

ചിക്കാഗോ പ്രഭാഷണമാം
വിശ്വസാഹോദര്യദിനം
ഒക്കെയിങ്ങു നമുക്കിന്നീ
ടിട്ടിധ്  ധെയ് യാക്കാം                           (തിത്തിത്താരാ……)

കുറിപ്പുകൾ

1. മുഖാഭി = 425, കടപയാദി സംഖ്യാഗണന ക്രമത്തിൽ മേല് പത്തൂർ നാരായണ ഭട്ടതിരി തിരൂർ പുഴയിലൂടെ വഞ്ചിയാത്ര ചെയ്തു ഗുരുവായൂരിൽ ഭജനം ചെയ്ത്  തുടങ്ങിയതിന്റെ 425-ാം വാർഷിക ദിനമാണ് നാലാം ഓണമായ 2011 സെപ്റ്റംബർ 11.

2. ടിട്ടിധ്  ധെയ് യാക്കാം  = 11  9  11 (2011 സെപ്റ്റംബർ 11) തിരൂർ സഹജീവന ജലമേളാരംഭം.ടിട്ടിധ്  ധെയ്  = തിത്തിത്തെയ്  = വഞ്ചിപ്പാട്ട്  = ജലമേള

തത് സത്, തിരുവനന്തപുരം 695010, 0471 2321299, 9447389369 tatsatpanicker@gmail.com

തിരൂർപുഴ സഹജീവന പദ്ധതി – ഡോ. എൻ എൻ പണിക്കർ  

സഹജീവന പദ്ധതിയിൽ മാര്‍ഗ്ഗം തന്നെ ലക്ഷ്യം : സ്വാശ്രയത്തിലൂടെ സ്വരാജ്, സഹജീവനത്തിലൂടെ സഹജാരോഗ്യം . ഭേദചിന്തയില്ലാതെ എല്ലാ മനുഷ്യരും പ്രകൃതിയോട് ഒത്തിണങ്ങി പരസ്പരാനന്ദത്തോടു കൂടി മുന്നേറുന്നതിന് വേണ്ട സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതാണ് പ്രവര്‍ത്തനം. ഈ പ്രവർത്തനത്തിൽ സമൂഹത്തിലെ സമന്വയത്തിന്  ആണ്  പ്രാധാന്യം. സംഘർഷം കഴിവതും ഒഴിവാക്കുന്നതാണ് പ്രവർത്തന ശൈലി. സഹജീവനത്തിന്റെ സാരം അതാണല്ലോ.

‘ഭാവനയ്ക്ക്  അതിന്റേതായ ശക്തി സൃഷ്ടിക്കാം, പ്രത്യേകിച്ചു സമൂഹമനസ്സിന്റെ പിന്തുണയുണ്ടെങ്കിൽ. കാലക്രമേണ അതിലേക്ക് പ്രപഞ്ച ഇച്ഛയുടെ സമ്മതിയും വലിച്ചെടുക്കാം’. നമ്മുടെ ഭാവന, തിരൂർപുഴ പൂർവ്വ പ്രൗഢിയോടെ പുനർ ജീവിച്ച് ഈ നാട്ടിന്റെ  ജീവനാഡിയായി തുള്ളിക്കളിച്ച് ഒഴുകുന്നതാണ്.

“ഒഴുകേണം പുഴ നന്നായ്
നീക്കിടേണം തടസ്സങ്ങൾ
പുഴയോരത്തൊത്തു കൂടാം
ജനങ്ങൾക്കെല്ലാം”

അതിന് സമൂഹ മനസ്സിൽ പിന്തുണയുണ്ട് . വള്ളത്തോൾ അതു പണ്ടേ ഏറ്റുപറഞ്ഞു.
“തിരൂരിൽ നിന്നിപ്പുഴ നാലുകാതം നീണ്ടും പലേടം ബഹുധാ വളഞ്ഞും
കാട്ടിൽ പെരുമ്പാമ്പിഴയുന്ന മട്ട് കാണിച്ചു തെക്കോട്ടൊഴുകുന്നു മന്ദം
പൊന്നാനിയിൽ ചെന്നു നദീവതംസപ്പൊന്നായ സാക്ഷാൽ നിളയോടിണങ്ങി
ഈയുപ്പുവെള്ളപ്പുഴ വിശ്രമാർത്ഥം പൂകുന്നു പൂർവ്വേതര സാഗരത്തിൽ”

പ്രപഞ്ച ഇച്ഛയുടെ സമ്മതിയും അതിനുണ്ട് .
“സ്ഫുരിച്ചു കൊള്ളട്ടെ വിശുദ്ധതോയംവഹിച്ചു കൊണ്ടന്യനദീശതങ്ങൾ
ഉന്നിദ്ര ലാവണ്യമീയെന്ന നീതാൻ ഉപ്പാളുമാഴിക്കനുരൂപ പത്നി”

മൂന്ന് വർഷം മുൻപ് ഈ ഭാവനയുമായി നാട്ടുകാർ തുടങ്ങിയ ഒരു ബഹുമുഖ പദ്ധതിയാണ്‌. തിരൂർ പുഴ സഹജീവനം”. ലോക നദീദിനമായ മാർച്ച് 14 മുതൽ ലോകജലദിനമായ മാർച്ച് 22 വരെ കൂട്ടായി ഷട്ടർ, മാർക്കറ്റ് , പുഴക്കൂട്ടങ്ങൾ എന്നീ ഇടങ്ങളിലായി വിവിധ പരിപാടികൾ നടന്നതിനു ശേഷമാണ് പത്താം ദിവസമായ ഇന്ന് നാമിവിടെ കൂടിയിരിക്കുന്നത്. 3 വർഷത്തെ പ്രവർത്തനത്തിന്റെ കണ്ടെത്തലുകളും നേട്ടങ്ങളും, വിഷയാവതരണങ്ങളിലൂടെ അവലോകനം ചെയ്യാം. എല്ലാവരും പങ്കെടുക്കുന്ന തുറന്ന സംവാദത്തിലൂടെ ഭാവി പരിപാടികൾക്കു വേണ്ടിയുള്ള സമന്വയത്തിൽ എത്തിച്ചേരുകയാണ് നമ്മുടെ ലക്ഷ്യം.

സ്വരാജിന്റെ ആവിഷ്ക്കാരത്തിനുള്ള ഒരു പരീക്ഷണ പ്രവർത്തനമായതുകൊണ്ട്  അപൂർവ്വമായ ഒരു പ്രവർത്തന ശൈലിയാണ് ഇതിനുള്ളത്. ജാതി – മത – പ്രായ – ലിംഗ – കക്ഷി ഭേദമെന്യേ എല്ലാവരെയും ഉൾക്കൊള്ളുന്ന ഈ പ്രവർത്തനത്തിൽ ഔപചാരികതകൾ ഒന്നുമില്ല. സംഘടന, സംഭാവന, സർക്കാർ ആശ്രയം മറ്റു സാമ്പത്തിക സഹായം ഇവയെല്ലാം  ഒഴിവാക്കി നാട്ടുകാർ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു പുതിയ രീതിയാണ് നമ്മുടേത്‌. നമുക്ക് ഒരുമിച്ചു മുന്നേറാം.

തിരൂർപുഴ സഹജീവനത്തിന്റെ ധന്യ മുഹൂർത്തങ്ങൾ – സരള പണിക്കർ

1. തുറക്കാൻ സംവിധാനം ഇല്ലാതെ അടച്ചിട്ടിരുന്ന കൂട്ടായി ഷട്ടർ നാട്ടുകാർ  തുറന്നു : 2011 മാർച്ച്‌ 25 വെള്ളി
2. ഏഴുർ മുതൽ അഴിമുഖം വരെ ജലയാത്ര നടത്തി നാട്ടുകാർ  ജലപാത വീണ്ടും ഉപയോഗിച്ചു : 2011 സെപ്റ്റംബർ 11
3. ആദ്യത്തെ പുഴക്കൂട്ടം, ‘കോട്ട് ആശാരിക്കടവ് ‘ തുടങ്ങി : 2011 ഒക്ടോബർ 9
4. 40-ാം പുഴക്കൂട്ടം, ‘വെട്ടം ചീർപ്  കനോലി കനാൽ’  തുടങ്ങി : 2012 ജൂലൈ 22
5. സ്കൂളുകൾ പങ്കെടുത്ത് നടത്തിയ കണ്ടൽ കാട് നാടീലിനു അവാർഡു കിട്ടി  : 2012
6. കോളേജുകൾ പങ്കെടുത്ത് നടത്തിയ നദീജല പരിശോധനയിൽ വരാൻ പോകുന്ന മീൻ ചത്തു പൊങ്ങൽ മുന്നറിയിക്കപ്പെട്ടു : 2012 ജൂണ്‍ 02
7. സ്വയം ഉണ്ടാക്കിയ ചങ്ങാടത്തിലൂടെ തലക്കടത്തൂർ മുതൽ തിരൂർ ബോട്ട് ജെട്ടി വരെ നാട്ടുകാർ പുഴ വൃത്തിയാക്കി : 2013 ഓഗസ്റ്റ്‌റ്റ് 15
8. പായലും പുല്ലും പിടിച്ചു പുഴ അടഞ്ഞു കിടന്നതു കൊണ്ട് വീണ്ടും ഒരു വൃത്തിയാക്കൽ പരാജയപ്പെട്ടു : 2014 ജനുവരി 26
9. പുഴയെ വായ്‌ മൂടിക്കെട്ടിയും ശ്വാസം മുട്ടിച്ചും കൊല്ലുന്നതിൽ പ്രതിഷേധിച്ചു നാട്ടുകാർ വായ്‌ മൂടിക്കെട്ടി ഉപവസിച്ചു : 2014 ജനുവരി 30
10. ലോക നദീദിനം മുതൽ ലോകജലദിനം വരെ പുഴക്കൂട്ടങ്ങളിൽ പ്രത്യേക പരിപാടികൾ  : 2014 മാർച്ച്‌ 14 – 22
11. മൂന്നു വർഷത്തെ പ്രവർത്തന അവലോകനവും പൊതു സംവാദവും സമന്വയസൃഷ്ടിയും : 2014 മാർച്ച്‌ 23
12. ന്യൂസ്‌ ഫ്ളാഷ്

പന്ത്രണ്ടിന പരിപാടി

1. ഒഴുകേണം പുഴ നന്നായി

1.1 തിരൂർപുഴയുടെ പാരിസ്ഥിതിക പ്രത്യേകതകൾ  – ഡോക്ടർ എം സീനത്ത്

പുഴയെ അറിയുക

തിരൂർ പുഴ: തിരൂറിന്റെ സമീപ പഞ്ചായത്തുകളായ കല്പ്പകഞ്ചേരി, തലക്കാട് ആതവനാട് എന്നിവടങ്ങളിലെ കുന്നുകളിൽ നിന്നുൽഭവിച്ചു വരുന്ന, വർഷക്കാലത്തു മാത്രം ഇന്നു നിലനില്ക്കുന്ന ചെറിയ നീർച്ചാലുകളിൽ നിന്നാണ് ഈ പുഴയുടെ തുടക്കം. ഇത് സമതലത്തിലൊഴുകുന്ന വേലിയേറ്റ ഇറക്കമുള്ള ഒരു ഉപ്പു പുഴയാണ്. ഈ പുഴയുടെ ഇരുകരയിലും ചെമ്പ്രക്ക് അപ്പുറം പരപ്പുവരെയും ഇരു കരകളിലും ചതുപ്പ് നിലമുണ്ട്. ഈ ചതുപ്പിന്റെ പ്രാധാന്യം ആദ്യം നാം മനസ്സിലാക്കണം. എങ്കിലേ പുഴയുടെ സംരക്ഷണത്തിനിറങ്ങുന്ന നമ്മുടെ സദുദ്ദേശം സാദ്ധ്യമാകൂ.

ആദ്യമായി ചതുപ്പു നിലത്തിന്റെ അത്ഭുതകരമായ പ്രത്യേകതകൾ മനസിലാക്കാം. പുഴയിലെ മണ്ണിന്റെ ഘടന നോക്കാം. ഏറ്റവും മുകളിൽ ഏകദേശം ഒരടി മുതൽ രണ്ടടി വരെ കുഴമ്പ് പരുവത്തിലുള്ള ചളിയാണ്‌. ഈ മേൽത്തട്ടിലെ ചെളിക്ക് ഏറ്റവും കൂടുതൽ വെള്ളം ശേഖരിച്ചു വെയ്ക്കാനും, ഉപ്പുവെള്ളത്തിലെ ഉപ്പിന്റെ അംശത്തെ താഴേക്കിറങ്ങാൻ അനുവദിക്കാതെ തടഞ്ഞു നിരത്തുന്ന ഒരു ഫിൽറ്റർ ആയി പ്രവർത്തിക്കാനും  കഴിയുന്നു. ഈ ചെളിമണ്ണ് വളരെ ഫലപുഷ്ടിയുള്ളതാണ്. ഇതിനു തൊട്ടു താഴെയുള്ള മണ്ണ് റബ്ബർ പോലെ ഉറപ്പുള്ളതും കരയിലേക്ക് എടുത്തുവച്ചാൽ ഒളിച്ചിറങ്ങാത്തതുമായ കളിമണ്ണ് പരുവത്തിലുള്ളതാണ്. ഇത് ഉറപ്പില്ലാത്ത ഹൽവമാതിരി മുറിച്ചെടുക്കാം. മേൽ ചളിയിൽ നിന്ന് ഊർന്നിറങ്ങി വരുന്ന ഉപ്പിന്റെയും മാലിന്യത്തിന്റെയും അംശം പൂർണമായും തടയുന്നു ഈ റബ്ബർ ചളി ഏകദേശം മൂന്നടി മുതൽ എട്ട് അടി വരെ താഴ്ച്ചയിൽ കാണാറുണ്ട്. ഇതിനു താഴെ കാണുന്നത് നാട്ടുഭാഷയിൽ പറയുന്ന ‘പുതച്ചേറ്‌’ എന്ന മണ്ണാണ്. മരങ്ങളും ഇലകളും മറ്റു ജൈവ അവശിഷ്ടങ്ങളും ചേര്ന്ന വെള്ളത്തെ പിടിച്ചു നിർത്താൻ കഴിവില്ലാത്തതും, തീരെ ഫലപുഷ്ടി ഇല്ലാത്തതും, കരയിൽ വാരിയിട്ടാൽ  ഈ ഭാഗത്തുള്ള പുല്ലു പോലും കരിഞ്ഞു പോകുന്ന ആസിഡ് പവറുള്ള മണ്ണാണ്. ഇതാണ് ചതുപ്പു നിലത്തിന്റെ ഏകദേശം രൂപം. ഈ ചത്തുപ്പു നിലം നിലനിൽക്കണമെങ്കിൽ വെള്ളം കയറി ഇറങ്ങുന്ന പ്രകൃതിയുടെ ഈ പ്രതിഭാസം നിർത്തണം. ഈ ചതുപ്പ് നിലത്തേക്കുള്ള വേലിയേറ്റ ഇറക്കമില്ലതായാൽ ചതുപ്പ് നിലം ഉറച്ചു വീണ്ടും കീറും. ഉറച്ചു കഴിഞ്ഞാൽ പിന്നീടു ഈ ചതുപ്പ് പഴയ രീതിയിലേക്ക് ഒരിക്കലും തിരിച്ചു വരില്ല. അങ്ങനെ സംഭവിച്ചാൽ അതിന്റെ പ്രത്യഘാതം നമ്മുടെ കണക്കു കൂട്ടലുകൾക്കും അപ്പുറമാകും. അതുകൊണ്ട് ഷട്ടർ ഒഴിവാക്കി പുഴയെ പൂർണമായും ഒഴുകാൻ അനുവദിക്കുന്നതാണ് നമുക്കു നല്ലത്. ഈ മണ്ണിന്റെ (ചളിയുടെ) വെള്ളം ശേഖരിക്കാനുള്ള കഴിവും ഫിൽട്ടർ ആയി പ്രവർത്തിക്കാനുള്ള കഴിവും നഷ്ടപെട്ടാൽ ഈ ജലാശയത്തിൽ വരുന്ന വെള്ളവും മാലിന്യവും പെട്ടെന്ന് തന്നെ ഭൂമിയിലേക്ക്‌ ആഴ്ന്നിറങ്ങും. അങ്ങനെ സംഭവിച്ചാൽ ആദ്യം കിണറുകളിൽ ഒരു കലക്ക് അനുഭവപ്പെടുകയും പിന്നീട് പൂർണ്ണമായും മലിനമാവുകയും ചെയ്യും.അങ്ങനെ ഒരു പ്രതിഭാസം സംഭവിക്കുമോ എന്ന് അറിയാനാണ് ഭാവമെങ്കിൽ ഒന്നോർക്കുന്നത്‌ നന്നായിരിക്കും. 14.02.2006-ൽ തിരൂർ
എം എസ് സാംസ്‌കാരിക സമുച്ചയത്തിൽ ചേർന്ന വിഷൻ 2020 എന്ന പരിപാടിയിൽ കൂട്ടായി റെഗുലേറ്റർ അടച്ചാൽ പുഴ മലിനമകുമെന്നും, അതിന്റെ പ്രത്യാഘാതം കൂടുതൽ അനുഭവിക്കേണ്ടി വരിക തിരൂരിനാണ് എന്ന മുന്നറിയിപ്പ് അവഗണിച്ചതാണ് ഇപ്പോഴുണ്ടാകുന്ന ദുരന്തത്തിന് കാരണം. അതുകൊണ്ട് പോതുജനങ്ങളായ നമ്മൾ ഒറ്റക്കെട്ടായി നിന്ന് കക്ഷി രാഷ്ട്രീയ മതഭേതമെന്യേ അണിചേരുക. ഇനിയൊരു ദുരന്തം സംഭാവിക്കാതിരിക്കാനും നാം ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.

ഉപ്പുവെള്ളം കയറുമ്പോൾ പുഴയിൽ നിന്നും 200 മീറ്ററിലധികം ദൂരത്തുള്ള കിണറുകളിൽ പോലും വെള്ളം കയറി ഇറങ്ങുന്ന പ്രതിഭാസം കാണാറുണ്ട്. പുഴയുടെ ഒഴുക്ക് നിലച്ചപ്പോൾ കിണറിലെ വെള്ളത്തിന്റെ വിതാനം വളരെ താഴ്ന്നു. പുഴയിൽ ഒഴുക്കില്ലാതെ മലിനജലം കെട്ടിനിന്നാൽ നമ്മുടെ കിണറുകളിൽ നിന്നും വെള്ളത്തിന്റെ ഉപയോഗം കൂടുമ്പോൾ മേൽ മലിനജലം നമ്മുടെ കിണറുകളിൽ എത്താനുള്ള സാദ്ധ്യത കൂടുതലാണ്.

കണ്ടൽ കാടുകളും അവയുടെ ആവാസ വ്യവസ്ഥയും

കണ്ടൽ കാടുകൾ എന്നാൽ ഉപ്പു വെള്ളം കയറുന്ന ചതുപ്പ് നിലത്ത് മാത്രം വളരുന്ന ഒരു പ്രത്യേക തരം ചെടികളാണ്. വിവിധ വർഗ്ഗത്തിൽപ്പെട്ട കണ്ടൽ കാടുകൾ കൊണ്ട് നമ്മുടെ തിരൂർപുഴ അനുഗ്രഹീതമാണ്. ഇവയുടെ നിലനിൽപ്പിനു ഉപ്പുവെള്ളം കൂടിയേ തീരു. മഴക്കാലം വന്ന് ശുദ്ധജലം ആകുമ്പോൾ ഈ കണ്ടൽ ചെടികൾ അൽപ്പം ക്ഷീണിക്കുകയും മഴക്കാലം കഴിഞ്ഞു ഉപ്പുവെള്ളം കയറുന്നതോടെ ഇവ വളർച്ച പ്രാപിക്കുകയും, വിത്ത് ഈ ഒഴുക്കു വെള്ളത്തിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് ഇവയുടെ വംശ വർദ്ധനവ്‌ നടക്കുന്നത്. ഈ കണ്ടൽ കാടുകൾക്കും ഉപ്പുവെള്ളം കൂടിയേ തീരു എന്ന് നാം മനസ്സിലാക്കണം.
മറ്റു ശുദ്ധ ജല പായലുകൾ, കുളവാഴ,ആഫ്രിക്കൻ പായൽ, വിവിധ ഇനം ആമ്പലുകൾ, പുഴച്ചേന, കുളച്ചണ്ടി ഇവയെല്ലാം നിറഞ്ഞു പുഴയിലെ ഒഴുക്കിന് തടസ്സമാകുമ്പോൾ മഴക്കാലം കഴിഞ്ഞിരിക്കും. കടലിൽ നിന്നുള്ള ഉപ്പുവെള്ളം കയറാൻ തുടങ്ങിയാൽ ഈ ശുദ്ധജല സസ്യങ്ങൾ ചീഞ്ഞു താഴുകയും ഉപ്പു വെള്ളത്തിന്റെ ഒഴുക്കിൽ ഒഴുകിപ്പോയി കടലിൽ ചേരുകയാണ് പതിവ്.

കൃഷി

1990 വരെയും ഈ പുഴയുടെ ഇരു കരകളിലുമുള്ള കരപ്പാടങ്ങളിലും ഉപ്പുവെള്ളം കയറിയിറങ്ങിയിരിക്കുന്ന ചതുപ്പ് നിലങ്ങളിലും വ്യത്യസ്ഥ ഇനം നെല്ലുകളാണ് കൃഷി ചെയ്തിരുന്നത്. ചതുപ്പ് നിലങ്ങളിൽ (കയ്യൻ, പുളിപ്പാണ്ടി) എന്നീ നെല്ലിനങ്ങളാണ് പ്രധാനമായും കൃഷി ചെയ്യാറ്. ഈ നെല്ല് കൊയ്തെടുക്കുമ്പോഴേക്കും പുഴയിൽ ഉപ്പുവെള്ളം കയറും. എന്നാലും ഈ വിത്തിന് ഒരു കേടും സംഭവിക്കില്ല കരപ്പാടങ്ങളിൽ രണ്ട് പൂലും ജലസേചന സൗകര്യമുള്ള സ്ഥലത്ത് മൂന്ന് പൂലും കൃഷി ചെയ്തിരുന്നു. നെൽകൃഷിയെ സംബന്ധിച്ചിടത്തോളം കൃഷിയ്ക്ക് യഥേഷ്ടം വെള്ളം വേണം. എന്നാൽ ജലലഭ്യത കുറഞ്ഞ സ്ഥലത്ത് രണ്ടു പൂൽ നെൽകൃഷിക്ക് ശേഷം പച്ചക്കറികളാണ് ഈ പാടങ്ങളിൽ കൃഷി ചെയ്തിരുന്നത്. പുഞ്ചകൃഷി ഏറ്റവും കൂടുതൽ കൃഷി ചെയ്തിരുന്നത് ഉപ്പുവെള്ളം ആദ്യം എത്തുന്ന വെട്ടം, കാരാറ്റു കടവ്,   ആലിശ്ശേരി പരിയാപുരം എന്നീ ഭാഗങ്ങളിലെ കരപ്പാടത്താണ്. അവരൊന്നും ഈ പുഴയെ ആശ്രയിച്ചല്ല പുഞ്ചകൃഷി ചെയ്തിരുന്നത് എന്നോർക്കണം. ഇവിടെങ്ങളിലെല്ലാം ഒരുപാട് പുഞ്ചക്കുളങ്ങൾ ഇപ്പോഴും ജീർണാവസ്ഥയിൽ കിടക്കുന്നുണ്ട്. പുറത്തൂർ, മംഗലം, പുല്ലൂട്ടി, വെട്ടം, കാരാറ്റുകടവ്, ആലിശ്ശേരി, പരിയാപുരം എന്നീ പ്രദേശങ്ങളിൽ ഈ പുഴയ്ക്കു ഒരുപാടു കൈത്തോടുകളുണ്ട്. പുഞ്ചകൃഷി ചെയ്യുന്നവർ ഉപ്പുവെള്ളം കയറാതിരിക്കാൻ ഈ കൈത്തോടുകൾക്ക് മുളയുംഓലയും ഉപയോഗിച്ച് താല്ക്കാലിക ബണ്ട് കെട്ടാറാണ് പതിവ്. ചിലയിടങ്ങളിൽ പഞ്ചായത്ത് സ്ഥിരമായിട്ടുള്ള ചീർപ്പുകൾ നിർമ്മിച്ചു നല്കി. 1990-കൾക്കു ശേഷം കൃഷിപ്പണിക്ക് തൊഴിലാളികളുടെ കുറവ് അനുഭവപ്പെടാൻ തുടങ്ങുകയും, 1995 ആയപ്പോഴേക്കും മേൽ പാടശേഖരങ്ങൾ പലതും കൃഷി ചെയ്യാതെ തരിശായി കിടക്കാനും തുടങ്ങി. ചതുപ്പ് നിലങ്ങളാണ് കർഷകർ ആദ്യം ഉപേക്ഷിച്ചത്. 2000 ആയപ്പോഴേക്കും കൂലി വർദ്ധനവ്‌ കാർഷിക മേഖലയിൽ നിന്നും പിന്തിരുപ്പിച്ചു എന്നുവേണം പറയാൻ. അല്ലാതെ വെള്ളം ഇല്ലാഞ്ഞിട്ടല്ല കർഷകർ കൃഷിയിൽ നിന്ന് പിന്മാറിയത്.

മത്സ്യസമ്പത്ത്

മത്സ്യങ്ങൾ പല വിധത്തിലാണ് കാണുന്നത്. കടൽ മത്സ്യം, കായൽ മത്സ്യം, പുഴ മത്സ്യം, എന്നിങ്ങനെ മൂന്ന് വിഭാഗമായി കാണാം. ഇവയിൽ ചിലത് വർഷത്തിൽ അനേക തവണ പ്രജനനം നടത്തുമ്പോൾ മണ്‍സൂണ്‍ കാലത്ത് മാത്രം പ്രജനനം നടത്തുന്നവയാണ് ഇതിൽ ഭൂരിഭാഗം കടൽ മത്സ്യങ്ങളും കായൽ മത്സ്യങ്ങളും. ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാണ് ഉപ്പുജലത്തിലും ശുദ്ധജലത്തിലും ഒരുപോലെ വളരുന്ന പുഴമത്സ്യങ്ങൾ. വിവിധ ഇനം മത്സ്യങ്ങളായ കരിമീൻ, മലാൻ, തിരുത, ചെമ്പല്ലി, ഇളമീൻ, പൂഴാൻ, പൂളാൻ, പ്രാച്ചി, വാമീൻ, പൂമീൻ,കീരിക്കോര, കോര, പാരാ, വിവിധയിനം ഏട്ടകൾ, കാരച്ചെമ്മീൻ, നാരൻ ചെമ്മീൻ, കുഴിച്ചെള്ളി, വെള്ളചെമ്മീൻ, ആറ്റുകൊഞ്ച് മറ്റനേകം മത്സ്യങ്ങളും ഞണ്ട്, കക്ക, ഇവയെല്ലാം മഴക്കാലം കഴിഞ്ഞു പുഴയിലേക്ക് ഉപ്പുവെള്ളം കയറി രണ്ടുവെള്ളവും കൂടി ചേരുമ്പോഴുള്ള മധുരപ്പുളിയിലാണ് പ്രജനനം നടത്താറ്. ഇവ ചേർന്നാൽ മാത്രം പോര, ഇതിനു അനുയോജ്യമായ വെള്ളത്തിന്റെ ചൂടും, വെള്ളത്തിന്റെ ചലനവും അനുയൊജ്യമായെങ്കിൽ മാത്രമേ ഇവയുടെ മുട്ട വിരിയൂ. അതായതു വെള്ളത്തിന്റെ ഒഴുക്ക് വേണമെന്നർത്ഥം. അതിന് നമ്മുടെ ‘ഷട്ടർ’ മാറ്റിയേ തീരു. അല്ലെങ്കിൽ ഈ ജീവജാലങ്ങളുടെ വംശം നശിക്കുമെന്നതിൽ സംശയം വേണ്ട. കുടിവെള്ളത്തേയും മത്സ്യ സമ്പത്തിനെയും കണ്ടൽകാടുകളെയും ചതുപ്പ് നിലത്തേയും ഉൽമൂലനാശം വരുത്തുന്ന ഈ ഷട്ടറുകൾ നമുക്ക് വേണോ??????                       ഒരു നിമിഷം ചിന്തിക്കു ……….

പുഴ മലിനമാകാനുണ്ടായ കാരണങ്ങൾ

1) നൂറ്റാണ്ടുകളായി യാതൊരു തടസ്സവുമില്ലാതെ ഒഴുകിയിരുന്ന പുഴയുടെ ഒഴുക്കിനെ കൂട്ടായി റെഗുലേറ്ററിന്റെ ഷട്ടർ ഇട്ടു തടഞ്ഞതാണ് പ്രധാന കാരണം.
2) ഷട്ടറിട്ട ശേഷവും ഈ പുഴയിലുണ്ടായിരുന്ന കുളപ്പായലുകൾ അടിത്തട്ടിൽ അടിഞ്ഞുകൂടി ഒഴുകി പോവാതെ കിടന്നു.
3) തിരൂർ മുൻസിപ്പാലിറ്റിയിലേയും, സമീപ പഞ്ചായത്തുകളിലെയും നിന്നുള്ള മാലിന്യം പുഴയിലേക്ക് ഒഴുക്കിയതു പുഴയിൽ കെട്ടിക്കിടക്കുന്നു. ഇത് ചില ആൽഗകളുടെ വളർച്ചയ്ക്കും, ഓക്സിജൻ ഇല്ലാതാക്കുന്നതിനും കാരണമായി. ഇതാണ് പുഴയ്ക്കു ആദ്യം പച്ച നിറമുണ്ടാക്കാനുണ്ടായ കാരണം.
4) മത്സ്യം ചാവുന്നത് അറിഞ്ഞ് ഷട്ടർ തുറന്നപ്പോൾ വെള്ളം കയറുകയും അതോടൊപ്പം അടിത്തട്ടിൽ അടിഞ്ഞു കൂടിയിരുന്ന ചീഞ്ഞ പായലുകൾ ഇളകുകയും വേലിയിറക്കത്തിന്റെ ശക്തിയിൽ കലങ്ങി മറിയുകയും ചെയ്തു.അതാണ് വെള്ളം കറുപ്പ് നിറമാകാനുള്ള കാരണം.
5) ഷട്ടറിട്ടതോടുകൂടി പുഴയോര വാസികളും, വിനോദത്തിനു വേണ്ടിയും ഉപജീവനത്തിനു വേണ്ടിയും മീൻ പിടിച്ചും കക്ക വാരിയിരുന്നവരും, പുഴയുമായുള്ള ബന്ധം ഉപേക്ഷിച്ചതും ഒരു പരിധി വരെ ഇതിനു കാരണമായി.

ഞങ്ങൾ  അറിയുന്ന തിരൂർ  പുഴ

ഞാനീ പുഴയിൽ കുട്ടിക്കാലത്ത് ധാരാളം കുളിച്ചിട്ടുണ്ട് അന്നൊക്കെ നല്ല തെളിഞ്ഞതായിരുന്നു പുഴ.  കൊണ്ടനാമത്തുകടവിൽ പാലമില്ലായിരുന്നു. വഞ്ചി തുഴഞ്ഞാണ് അക്കരേക്ക് പോയിരുന്നത്. കോഠി മീനുകൾ ധാരാളം പുഴയുടെ അടിത്തട്ടിൽ അരിച്ച് നടക്കുന്നത് കാണാമായിരുന്നു. കുളിക്കുമ്പോൾ  അതിനടുത്തായി പലപ്പോഴും നീർനായ്ക്കളുടെ തല പൊന്തിക്കാണുമായിരുന്നു. ഇടക്കിടെ പുരവഞ്ചികൾ  എന്തെങ്കിലും ചരക്കുകളുമായി പുഴയിൽ കൂടി പോകുന്നുണ്ടായിരുന്നു.
സീനത്ത് ടീച്ചർ

ഞാനീ പുഴയിൽ മീൻ പിടിച്ചിരുന്നയാളാണ്. മുമ്പോക്കെ ധാരാളം മീൻ കിട്ടിയിരുന്നു. ഇപ്പോൾ വളരെ കുറവാണ്. കെട്ടിനിർത്തിയിരിക്കുന്നത് കൊണ്ട് പുഴയിലേക്ക് ഇറങ്ങാൻ തന്നെ മടിയാണ്.
കാദർ

ഹോ, എന്തായിപുഴ, ഞങ്ങൾ കുടിക്കാൻ വരെ വെള്ളമെടുത്തിരുന്ന പുഴയണ്. എവിടെ വാമീനും, പൂമീനും. എന്തിന്, കരിയാം പൂട്ട പോലും കുറഞ്ഞു. മീൻ ഇനി തീരെ കാണില്ല. ഉപ്പ് കേറഞ്ഞാൽ മീൻ ഇനിയും കുറയും, മധുര പുളിവെള്ളം ഇല്ലാലോ പിന്നെങ്ങനെ മീൻ കുട്ട്യാളു വെക്കു.
മുഹമ്മദ്ക്ക
പുഴയോരവാസി

പൊഴയിലേക്ക് ഉപ്പ് കേറ്ണത് പൊഴേല് വെള്ളല്ല്യാഞ്ഞിട്ടാ. അതിന് മഴവെള്ളം  പുഴയിലേക്കെത്തിക്കണം. അല്ലാതെ ഷട്ടറടച്ചിടലല്ല.
കരീം

ഭാരതപുഴയിൽ നല്ല നീരൊഴുക്കുണ്ടായിരുന്നു ഇത്കൊണ്ടാണ് നമ്മളെ പുഴയിലേക്ക് അധികം ഉപ്പ് കേറാതിരിക്കുന്നത്. മലമ്പുഴ ഡാം വന്നപ്പോ ഭാരതപ്പുഴയിൽ വെള്ളം കുറഞ്ഞു. അപ്പോ ഉപ്പ് കൂടുതൽ കേറാൻ തുടങ്ങി. അതിന് നമ്മളെ പുഴയിൽ വെള്ളം കൂട്ടണം. പറമ്പുകൾ കേന്ദ്രീകരിച്ച് മഴവെള്ളം ഭൂമിയിലേക്കിറക്കി ഒറു കൂട്ടണം. പുഴത്തീരത്തെ കുളങ്ങൾ വൃത്തിയാക്കി മഴവെള്ളം സംഭരിച്ചാൽ ഉപ്പ് കുറയും
അബൂബക്കർ
പുറത്തൂർ

പുഴയിലെ സകല മീനും, കക്കനും ഇല്ലാതാകും മധുര പുളിവെള്ളം ഇല്ല്യാണ്ടായാല് പിന്നങ്ങനെ മീന് മക്കള് വെക്കാ. ഒരടി മിഷിനടിച്ചാ കിണറ്റിലെ വെള്ളം വറ്റി അത്പ്പോ ഷട്ടർ വന്നശേഷാ കാണണത്.
അത്തീസ്.

അഞ്ച് വർഷമായി കൃഷിയില്ലാതെ കിടക്കുന്നു. പുഞ്ച കൃഷിയായിരുന്നു. ഒരു കുളത്തിൽ നിന്ന് 5 ഏക്കറോളം കൃഷിയിടം നനച്ചിരുന്നു.
ഷട്ടർ ദോഷം – ദുർഗന്ധം വമിക്കുന്നു, ശുദ്ധജലത്തിന്റെ അപര്യാപ്തത കിണർ കുഴിച്ചാൽ പാടമായത് കൊണ്ട് പുളിവെള്ളം
ആദ്യത്തെ രണ്ടുകുടി വിരിപ്പും, മുണ്ടകനും നനക്കാതെ ചെയ്തിരുന്നു. ചിറ്റേനി, വെള്ളക്കോരി എന്നിവ ഉണ്ടാക്കും. കൈപാടത്ത് പുളിപ്പാണ്ടി എന്ന നെല്ലുണ്ടാക്കിയിരുന്നു. ഒറ്റഞാറ്  നടുന്ന രീതിയായിരുന്നു. അത് ഉപ്പ് കയറിയാലും പ്രശ്നമില്ല.
വെട്ടം കാരാറ്റ് കടവിൽ ഒരു വലിയ കുളം കെ.കെ. യൂസഫ് ന്റെ മക്കളുടെ കൈവശമുള്ള കുളം പഞ്ചായത്ത് ഏറ്റെടുത്ത് നന്നാക്കിയാൽ ഇവിടെ മുഴുവൻ കുടിവെള്ളം കിട്ടും.
നാരായണൻ
പരിയാപുരം

കക്കവാരി ജീവിച്ചിരുന്നു. കഴിഞ്ഞ വർഷം കോടിക്കണക്കിന് രൂപയുടെ കക്ക ചത്തുപോയി. കൊതുക് ശല്ല്യം കാരണം ആളുകൾക്ക് ജീവിക്കാൻ വയ്യ. ഷട്ടറിലെ ലീക്ക് കാരണം ഉപ്പ് എന്തായാലും കയറും. ഇനി ഭാരത പുഴയിലേക്ക് വെള്ളം കയറുന്നത് നിന്നാൽ കൂടുതൽ ഉപ്പ് വെള്ളം ഇങ്ങോട്ട് കയറും. ധാരാളം പൊന വെച്ച് മീന് പിടിച്ചിരുന്നവർക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. കക്ക വാരിയിരുന്നവർ ഇപ്പോൾ കള്ളവാറ്റ് കൊണ്ട് ജീവിക്കേണ്ട ഗതികേടാണ്.
പല്ലിക്കാട് ഉണ്ണി കൃഷ്ണൻ

പ്ലവകങ്ങളും അവയുടെ പാരിസ്ഥിതിക  പ്രത്യേകതകളും

പുഴയിൽ ഒഴുകി നടക്കുന്ന പുഴയിലെ ഭക്ഷ്യ ശൃംഖലയുടെ അടിസ്ഥാന ഘടകങ്ങളാണ് പ്ലവകങ്ങൾ. സസ്യപ്ലവകങ്ങളും ജന്തു പ്ലവകങ്ങളുമുണ്ട്. ചിലതൊക്കെ സൂക്ഷ്മദർശിനിയിൽ കൂടി മാത്രമേ കാണാൻ  കഴിയുകയുള്ളു. എന്നാൽ ചിലത് നഗ്നനേതൃങ്ങൾ കൊണ്ടും കാണാം മത്സ്യങ്ങളുടെ ഭക്ഷണം എന്നതിന് പുറമെ പുഴയിലെ പല രാസ മൂലകങ്ങളുടെ അളവ് നിയന്ത്രിക്കുന്നതിലും പ്ലവകങ്ങൾക്ക് പ്രധാന പങ്കുണ്ട്. കൂടാതെ ഇവ വെള്ളത്തിൻറ പ്രൊഡക്റ്റിവിറ്റി നിശ്ചയിക്കുന്നതിന് സഹായിക്കുന്നു.പ്ലവകങ്ങൾ ഉൾപ്പെടെ ചില ജന്തു സസ്യങ്ങൾ പാരിസ്ഥിക സൂചകങ്ങളായി പ്രവർത്തിക്കുന്നു. ഒരു ജല ആവാസ വ്യവസ്ഥയുടെ പാരിസ്ഥിതികാവസ്ഥ അറിയാൻ  ഇത്തരം പ്ലവകങ്ങളുടെ പഠനം സഹായിക്കുന്നു. തിരൂർ പുഴയിൽ മുമ്പ് മത്സ്യങ്ങൾ ചത്തുകിടക്കുന്നതിന് മുമ്പായി ചില ആൽഗകളുടെ വർദ്ധിച്ച തോതിലുള്ള ആധിക്യം കാണുകയുണ്ടായി. അനാബേന വിഭാഗത്തിൽ പെട്ട ഈ ആൽഗകൾ ചില വിഷപദാർത്ഥങ്ങൾ പുറത്ത് വിടുന്നുണ്ട് ആൽഗകളുടെ ഇത്തരം വർദ്ധനവിനെ യൂട്രോഫിക്കേഷൻ എന്നാണ് വിളിക്കുന്നത്. അധികമായ നഗരസഭാ മാലിന്യങ്ങളും, മറ്റു ജൈവാവശിഷ്ടങ്ങളടങ്ങിയ മാലിന്യങ്ങളും പുഴയിലേക്കു തള്ളുന്നതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഈ മാലിന്യങ്ങൾ കൂട്ടായി റഗുലേറ്ററിന്റെ ഷട്ടർ അടച്ചതു കൊണ്ടു പുഴയിൽ കെട്ടിനിൽക്കുകയും ആൽഗകൾ പെരുകുകയും ചെയ്തു. വളരെ കുറഞ്ഞ ആയുസ്സുള്ള ഈ ആൽഗകൾ ചീഞ്ഞു പോകുന്നതിനാവശ്യമായ ഓക്സിജൻ വെള്ളത്തിൽ നിന്നെടുക്കുയും  വെള്ളത്തിൽ ഓക്സിജൻ കുറയുകയും ചെയ്തു. അതുകൊണ്ടാണ് മത്സ്യങ്ങൾ ചത്തത്. ഇനി ഇത് ആവർത്തിക്കാതിരിക്കണമെങ്കിൽ മാലിന്യങ്ങൾ പുഴയിലൊഴുക്കുന്നത് നിർത്തിയെ പറ്റു. എല്ലാ തടസ്സങ്ങളും തുറന്ന് പുഴയെ ഒഴുകാനനുവദിച്ചേ പറ്റു.

തിരൂർ  പുഴ കണ്ടലുകളും മറ്റു പുഴയോര സസ്യങ്ങളും

ആതവനാട് ഭാഗത്ത് നിന്നുള്ള കുന്നുകളിൽ  നിന്ന് (ആറളം കാട്) ചെറിയ നീർചാലായി തുടങ്ങി തിരുന്നാവയ  ഭാഗത്ത്  വലിയ പറപ്പൂർ  കായൽ  എന്നറിയപ്പെടുന്ന  താമരകായലിലെത്തി അവിടെ നിന്നും ഒരു തോടുപോലെ തിരുന്നാവായ, കോലൂപാലം, കട്ടച്ചിറ, ഏഴൂർ , പനമ്പാലം  തലക്കടത്തൂർ , ചെമ്പ്ര , തിരൂർ, എട്ടിരിക്കടവ്(പൂങ്ങോട്ടുകുളം) വഴി വെട്ടത്തെത്തി, കൂട്ടായി വഴി പൊന്നാനിയിൽ   ഭാരത പുഴയോട് ചേർന്ന് അറബിക്കടലിൽ   പതിക്കുന്ന 48 കി.മി. നീളമുള്ള ഒരു ചെറിയ പുഴയാണ് തിരൂർ  പുഴ. ഇത്  ഒരു ഉപ്പ് വെള്ളം പുഴയാണ്. കാല പ്രവാഹത്തിൽ  അറബി കടലിൽ നിന്നും ചില മാസങ്ങളിൽ  ഉപ്പ് കയറി ഈ പുഴ ഒരു brackish water system ആയി മാറി. ധാരാളം മത്സ്യങ്ങൾക്കും , കണ്ടലുകൾക്കും  ആവാസ വ്യവസ്ഥയൊരുക്കുന്നു.
തിരൂർ  പുഴയുടെ തീരത്തുള്ള കണ്ടലുകൾ  പ്രധാനമായും കാണുന്നത് മംഗലം, വെട്ടം പഞ്ചായത്തുകളിലാണ്. മംഗലം പഞ്ചായത്തിലെ പുല്ലൂണിയിൽ  സമ്പന്നമായ കണ്ടൽ കാടാണുള്ളത്. ഇത് വളരുന്നത് സ്വകാര്യഭൂമിയിലാണ്. ഈ പ്രദേശത്ത് ധാരാളം ദേശാടന പക്ഷികളെത്തുന്നുണ്ട്. സ്വർണ കണ്ടൽ, ഭ്രാന്തൻ  കണ്ടൽ, ചെറു കണ്ടൽ, ചക്കര കണ്ടൽ, പൂക്കണ്ടൽ, കമ്പട്ടി, ഉപ്പട്ടി , ചെറുഉപ്പട്ടി, വെള്ളിക്കണ്ടൽ  എന്നിവ  ഇവിടെ ധാരാളമായി കാണുന്നു. ഏറ്റെവും കുറഞ്ഞ സ്ഥലത്ത് ഏറ്റവും വൈവിധ്യം കാണുന്നു എന്നത് തിരൂർ  പുഴ കണ്ടലിൻറെ  പ്രത്യേകതയാണ്. ഈ കണ്ടലുകൾ  നശിപ്പിച്ച് ഒരു വിദ്യഭ്യാസ സ്ഥാപനം നിർമ്മിക്കുന്നുണ്ട്. ഈ കണ്ടൽ തുരുത്ത് സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണം
പുറത്തൂർ  പഞ്ചായത്തിലെ മുരുക്കുമ്മാട് ദ്വീപിൽ ഉപ്പട്ടി, ഭ്രാന്തൻ  കണ്ടൽ, ചെറു ഉപ്പിട്ടി, ചെറുകണ്ടൽ  കമ്പട്ടി  എന്നിവയാണ് കാണുന്നത്.
മംഗലം പഞ്ചായത്തിലെ കൂട്ടായി കടവ് ഭാഗത്തും സ്വകാര്യ ഭൂമിയിലും , പുറംമ്പോക്കിലുമായി 15-20 വർഷം  വരെ പ്രായമുള്ള കണ്ടലുകൾ  കാണുന്നുണ്ട്.
കൂട്ടായിക്കടവ് പാലത്തിനക്കരെ സമൃദ്ധമായ കണ്ടൽ  തുരുത്ത് നിലനിൽകുന്നുണ്ട്. കൈയേറ്റങ്ങളും, നിർമ്മാണ പ്രവർത്തനങ്ങളും  ഈ പുഴയോരത്തെ കണ്ടലുകൾ  നശിപ്പിച്ചുകൊണ്ടാണ് നടക്കുന്നത്. പുഴ തീരത്തുള്ള കിണറുകളിലേക്ക് ഉപ്പ് കയുന്നത് തടയുന്നത് ഈ കണ്ടലുകളാണ്. പുഴയിലെ മത്സ്യ സമൃദ്ധിക്കും ഈ കണ്ടൽ  സമൃദ്ധി തന്നെയാണ് കാരണം.
കണ്ടലുകൾക്ക് പുറമെ ധാരാളം കണ്ടൽ  അനുബന്ധ സസ്യങ്ങളും ഇവിടെയുണ്ട് ചക്കരമുള്ള്, പൊന്നം വള്ളി, ഒതളം, പുഴമുല്ല., ഞാവൽ , ഉങ്ങ്, കാട്ടമര, പൂപ്പരുത്തി, നീർവീട്ടി തുടങ്ങിയ ധാരാളം അനുബന്ധ സസ്യങ്ങൽ  കണ്ടലുകൾക്കിടയിൽ  വളരുന്നു.
ഇതിന് പുറമേ ചിലയിടങ്ങളിൽ  നല്ല പുഴയോരക്കാടുകൾ  തന്നെ കാണാം. വെട്ടം പഞ്ചായത്തിലെ പുല്ലൂണിക്കടുത്ത് പുഴതീരത്ത് വൻ മരങ്ങളുടെ  ചെറിയ കാടുണ്ട്. പുന്ന, കലം പൊട്ടി., നോനി അഥവാ മഞ്ഞനാത്തി, പുഴമുല്ല തുടങ്ങിയ സസ്യങ്ങൾ  സമൃദ്ധമായികാണുന്നു.
വെള്ളത്തിൽ പിസ്റ്റിയ, കുളവാഴ, ഹൈഡ്രില്ല, ആമ്പൽ , പുഴച്ചേന തുടങ്ങിയ വെള്ളത്തിൽ  കാണുന്ന സസ്യങ്ങളുമുണ്ട്. പുഴച്ചേന ഭക്ഷ്യവസ്തുവായി മുമ്പൊക്കെ ഉപയോഗിച്ചിരുന്നത്രേ. സസ്യസമൃദ്ധിയുള്ള ഈ പുഴത്തീരം നശിപ്പിക്കപ്പെട്ടിട്ടും വീണ്ടും പലയിടത്തും പുനരുജ്ജീവിച്ചു വരുന്നു.
കണ്ടലുകൾ  നിലനിൽക്കണമെങ്കിൽ ഈ പുഴയുടെ ഒഴുക്ക് നിലനിലനിർത്തണം, വേലിയേറ്റ വേലിയിറക്കങ്ങൾ  നിലനിർത്തണം. അതിന് പുഴ ഒഴുകിയേപറ്റു. ഒഴുക്കിന് തടസ്സമായതെല്ലാം മാറ്റണം സ്ഥിതി മാറിയേ തീരൂ.

ഇനിയും പുഴയ്ക്ക് ഷട്ടർ ഇട്ടാൽ ഉണ്ടാകാനിടയുള്ള അപകടങ്ങൾ

1) വേനൽകാലത്ത് വെള്ളം തീരെ വറ്റിപ്പോകും. ഇതിനു പല കാരണങ്ങളുണ്ട്. തുലാവർഷ മഴയിൽ ലഭിച്ച വെള്ളത്തിന്റെ ഒരംശം മാത്രമേ വേനലിൽ പുഴയിലുണ്ടാകൂ. ഇത് കെട്ടി നിർത്തുമ്പോൾ ബാഷ്പീകരണം വഴി കുറെ നഷ്ടപ്പെടും. നിശ്ചലമായ ജലാശയത്തിലേക്കുള്ള ഉറവകൾ ക്രമേണ വറ്റിപോകും. വേലിയേറ്റ, വേലിയിറക്കങ്ങൾ സ്വാധീനിക്കാത്ത പുഴയുടെ കൊലൂപ്പാലം, കട്ടച്ചിറ ഭാഗങ്ങളെ പോലെയാകും പുഴ. അവിടെയെല്ലാം വേനലിൽ വെള്ളമില്ലാതെ ഉണങ്ങികിടക്കുകയാണ്.
2) പുല്ലും, മറ്റു സസ്യങ്ങളും പുഴയിൽ വളരുകയും സസ്യസ്വേദനം വഴി കൂടുതൽ ജലം നഷ്ടപ്പെടുകയും ചെയ്യും.
3) മഴയിൽ ഒലിച്ചുവരുന്ന മണ്ണിടിഞ്ഞ് പുഴത്തടം തൂർന്നു വെള്ളം സംഭരിക്കാനുള്ള ശേഷി കുറയും.
4) വെള്ളം തീരെ കലങ്ങി ഇത് സമീപകാലത്തെ കിണറുകളിലേയ്ക്കൂർന്നിറങ്ങി കിണറുകളിലെ വെള്ളം കലക്ക വെള്ളമായിത്തീരും
5) പുഴയുടെ ജൈവവൈവിദ്ധ്യത്തിനു വരുന്ന നാശം അതിഭീകരമായിരിക്കും. ഒട്ടു മിക്ക പുഴ മത്സ്യങ്ങളും മക്കൾവെക്കുന്നത് (പ്രജനനം) ഉപ്പും ശുദ്ധജലവും കലർന്ന വെള്ളത്തിലാണ്. ഉപ്പ് കയറാത്തത്തോടുകൂടി ഇവയെല്ലാം ഇല്ലാതാകും.
6) പുഴയോരത്തുള്ള കണ്ടലുകൾ, പുഴയിലെ ചെമ്മീൻ, ഞണ്ട്, കക്കകൾ എല്ലാം ഇതോടെ നശിച്ചുപോകും.
7) പുഴയോരത്തെ ചതുപ്പുകൾ ഉപ്പുവെള്ളത്തെ ഒരു സ്പോഞ്ചുപോലെ വലിച്ചെടുക്കുന്നു. തുടർച്ചയായി ഉപ്പ് കയറാതാവുന്നതോടുകൂടി ഈ ചതുപ്പുകളുടെ സ്പോഞ്ച് സ്വഭാവം ഇല്ലാതാവുകയും കട്ടിയായി ഉറച്ചു വിണ്ടുകീറുകയും ചെയ്യും.
8) വിണ്ടുകീറിയ ഈ ചതുപ്പിലൂടെ പുഴയിലെത്തുന്ന ഏതഴുക്കും നേരെ കിണറിലെത്തും.
9) എത്ര മാലിന്യം പുഴയിലെത്തുന്നത് തടഞ്ഞാലും ഇത് 100% സാദ്ധ്യമാവില്ലെന്നത് എല്ലാവർക്കുമാറിയാം. അതു കൊണ്ടുതന്നെ ഇന്ന് സംഭവിച്ചത്‌ വീണ്ടും ആവർത്തിക്കും.
10) തുടർച്ചയായി കുറെ കാലം ഷട്ടറിട്ടു കഴിഞ്ഞ ശേഷം പിന്നെ തുറന്നിടാമെന്നു കരുതിയാലും ഈ തെറ്റു തിരുത്താൻ കഴിഞ്ഞെന്നു വരില്ല. കാരണം അപ്പോഴേക്കും ഉപ്പുവെള്ളത്തെ സ്പോഞ്ച്‌ പോലെ വലിച്ചെടുക്കുന്ന ചതുപ്പുകൾ പാടെ കട്ടിയാകും. അവിടെ കൃഷി തന്നെ അസാധ്യമാകും. അവയ്ക്ക് ഉപ്പിനെ നിയന്ത്രിക്കാനാവില്ല. ഇത് നമ്മുടെ തെറ്റ് തിരുത്താനുള്ള അവസരമാണ്. ഈ തെറ്റ് നമുക്ക് തിരുത്താം.

പുഴയെ വീണ്ടെടുക്കാനുള്ള വഴി ആഗ്രഹിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

1) കൂട്ടായി റെഗുലേറ്ററുകൾ അടക്കാതിരിക്കുക.
2) പുഴയെ സ്വതന്ത്രമായി ഒഴുകാൻ അനുവദിക്കുക. ഒഴുക്കിന് തടസ്സമുള്ള മരച്ചില്ലകൾ മുറിച്ചു മാറ്റുക.
3) പുഴയോരത്ത് വെള്ളം കെട്ടിനിൽക്കുന്ന ചതുപ്പുകൾ ഇനി ബാക്കിയുള്ളത് ഒരിക്കലും തൂറക്കാൻ അനുവദിക്കരുത്. അവിടെ വെള്ളം കെട്ടിക്കിടന്ന് പുഴയിലേയ്ക്കും സമീപത്തെ കിണറുകളിലേയ്ക്കും ജലമെത്തിക്കട്ടെ.
4) പുഴ കയ്യേറ്റം തടയുക.
5) പുഴയോര നിവാസികൾ മാലിന്യം പുഴയിലേക്ക് തള്ളാതിരിക്കാൻ ബോധവല്ക്കരണം നടത്തുക.
6) മത്സ്യ സമ്പത്തിന് കോട്ടം വരുത്തുന്ന വിധത്തിലുള്ള മത്സ്യബന്ധനം (തോട്ട പൊട്ടിക്കൽ) തടയുക. അന്യ സംസ്ഥാന വാസികളുടെ മത്സ്യബന്ധനങ്ങൾ തടയുക.
7) റെഗുലേറ്ററിന്റെ കവാടം തടഞ്ഞുകൊണ്ടുള്ള മീൻപിടിത്തം കർശനമായും തടയുക.
8) ആവശ്യമായി വരുന്ന പക്ഷം മണൽ കടത്ത് തടയാൻ റെഗുലേറ്റർ കവാടത്തിൽ സ്റ്റീൽ റോപ്പ് കെട്ടുക.
9) ഉപ്പിന്റെ വരവ് ആദ്യം അനുഭവപ്പെടുന്ന വെട്ടം, കാരറ്റുകടവ് മുതലായ സ്ഥലത്തെ പുഞ്ചകുളങ്ങൾ അടിയന്തരമായി പഞ്ചായത്ത് ഇടപെട്ട് ശുദ്ധീകരിച്ചു വെള്ളം സംഭരിക്കുക.
10) മേൽ മേഖലയിലെ കുടിവെള്ള ക്ഷാമത്തിന് അതാത് മേഖലയിലെ ജലസ്രോതസ്സ് കണ്ടെത്തി ഉപയോഗിക്കുക.
11) പുഴയിലേയ്ക്കും, പുഴയോരത്തുള്ള കിണറുകളിലേയ്ക്കും ശുദ്ധ ജലമെത്തിക്കാൻ എല്ലാ പഞ്ചായത്തുകളും മുൻസിപ്പാലിറ്റി പ്രദേശത്തും മഴവെള്ളത്തെ ഭൂമിയിലേയ്ക്കിറക്കാനുള്ള ശ്രമങ്ങൾ നടത്തണം. ഇതിനു നാടൻ ജലസംഭരണ സാങ്കേതിക വിദ്യകളുണ്ട്‌. ഇതും ചെയ്തു തരുവാൻ തയ്യാറാണ്.
12) പുഴയോരത്ത് കണ്ടലും മറ്റു പുഴയോര സസ്യങ്ങളും നട്ടു പിടിപ്പിക്കുക. എവിടെയെല്ലാം സസ്യാവരണമുണ്ടോ അത് നില നിർത്തുക
13) പുഴയോരത്തുള്ള കുളങ്ങൾ ശുദ്ധീകരിച്ച് അവിടെ മഴവെള്ളം സംഭരിക്കാൻ ശ്രമം നടത്തുക. അവിടെ മഴവെള്ളം നിറയട്ടെ. അതു പുഴയെ റിചാർജ്ജ് ചെയ്യും
14) പുഴക്കടവുകൾ നിർമ്മിക്കുക – ആളുകൾ പുഴയോരത്ത് കാറ്റു കൊള്ളട്ടെ, പുഴയെ ഉപയോഗിക്കട്ടെ. അത് പുഴയുടെ തിരിച്ചു വരവിനു സഹായിക്കും..

1.2 കാട്ടാമ്പള്ളിയും കൂട്ടായിയും – കെ കുഞ്ഞിരാമൻ
കാട്ടാമ്പള്ളി പദ്ധതിയും കൂട്ടായി പദ്ധതിയും – ലക്ഷ്യങ്ങളും സാക്ഷാൽക്കരവും – ഒരു താരതമ്യ പഠനം

കാട്ടാമ്പള്ളി പദ്ധതി – വളപട്ടണം പുഴയുടെ പോഷകനദിയായ കാട്ടാമ്പള്ളി പുഴയിൽ തുരുത്തി ഭാഗത്ത്‌ ഇരുകരകളെയും യോജിപ്പിച്ച് 13 റെഗുലേറ്റർ സഹിതം – 1966ൽ പണിതതാണ് കോട്ടമ്പള്ളി റെഗുലേറ്റർ ബ്രിഡ്ജ്, വെള്ളപ്പൊക്ക നിയന്ത്രണം , 1200 ഹെക്ടർ പാടത്ത് 3 വിള കൃഷി, ഓരു വെള്ളം തടയൽ, റോഡു ഗതാഗതം, ജലഗതാഗതം, ടെലിഫോണ്‍ സൗകര്യം എന്നിവ ഉറപ്പാക്കലായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയുടെ പ്രയോജനം സാക്ഷാൽക്കാരം : നെൽപ്പാടങ്ങളിൽ പകുതിയോളം ഓരു വെള്ളം കയറിയിറങ്ങുന്ന കൈപ്പാട് നിലങ്ങൾ ആയിരുന്നു. അവ ഓരു വെള്ളത്തിന്റെ അഭാവത്തിൽ കൃഷിക്കു അനുയോജ്യമല്ലാതായി മാറി. മണ്ണ് ഉറച്ചു കളകൾ വളർന്നു യാതൊരു കൃഷിക്കും പറ്റാതായി .വേലിയിറക്കവും വേലിയേറ്റവും ഇല്ലാതായതോടെ പുഴയുടെ 15 കിലോമീറ്റർ ദൂരത്തുള്ള ഇരുകരകളിലെയും കിണറുകളിലെ ജലനിരപ്പിൽ കുറവുണ്ടായി. കെട്ടിനിർത്തിയ ജലാശയത്തിൽ കുളവാഴകളും പായലുകളും നിറഞ്ഞു. കട്ടി കൂടിയ മുള്ളൻ പുല്ലുകൾ വളർന്നു ചീഞ്ഞളിഞ്ഞു കാട്ടാമ്പള്ളി പുഴയിലേക്കൊഴുകി ചേരുന്ന, കക്കാട് പുഴയടക്കമുള്ള ചെറുപുഴകൾ ചതുപ്പുകളായി മാറി. ഭൂമാഫിയ പുഴകൾ കൈയ്യേറി, നികത്തി സ്വന്തമാക്കി. മത്സ്യ സമ്പത്തും കക്കയും നിറഞ്ഞിരുന്ന പുഴയിൽ ഓരുവെള്ളം കയറാതായതോടെ മത്സ്യസമ്പത്ത് നാമമാത്രമായി. കക്കാവാരലും കുമ്മായ നിർമ്മാണവും നിലച്ചു. ആയിരക്കണക്കിന് പേരുടെ ഉപജീവനം നിലച്ചു. കൃഷി ഇല്ലാതായി. കക്കാട്ടുപുഴ ഇല്ലാതായി.

ജനം പ്രതികരിക്കുന്നു
കൃഷിയില്ലാതായതോടെ ജനങ്ങൾ സമരത്തിനിറങ്ങി. നിയമ നടപടികളുടെ ഫലമായി 2009ൽ ഷട്ടറുകൾ തുറന്നു. കാട്ടാമ്പള്ളി പുഴയിൽ ഒഴുക്കുണ്ടായി. മഴക്കാലത്ത്‌ ശുദ്ധജലവും വേനലിൽ മകരപ്പൊങ്ങലും, വേലിയേറ്റ വേലിയിറക്കങ്ങളും വീണ്ടും വന്നു. മത്സ്യ സമ്പത്ത് പഴയതു പോലെയായി കക്കവാരലും കുമ്മായ നിർമ്മാണവും വീണ്ടും ആരംഭിച്ചു. കൈപ്പാടു നിലങ്ങളിൽ ഓർക്കയ്മയവും ഏഴോം നെല്ലിനങ്ങളും കൃഷി തുടങ്ങി. കർഷക മനസ്സുകൾ. സന്തോഷിക്കുന്നു. ആയിരങ്ങൾക്ക്‌ കൃഷിപ്പണി തിരികെ ലഭിച്ചു.
കൃഷിയില്ലാത്ത നിലം ചുളുവിലയ്ക്കു വാങ്ങി നികത്തി ലാഭം കൊയ്യുന്ന ഭൂമാഫിയ ഇപ്പോഴും അടങ്ങിയിരിക്കുന്നില്ല. അവർക്ക് റെഗുലേറ്റർ സ്ഥിരമായി അടച്ചു വെച്ചിട്ടു ഭൂമി തരിശാക്കണം എന്നാൽ എസ് റ്റി യു കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ ജനാബു കുഞ്ഞിമാമു മാസ്റ്റർ അടക്കമുള്ളവരുടെ നേതൃത്വത്തിൽ കൃഷിക്കാരും പരിസ്ഥിതി പ്രവർത്തകരും പുഴ സ്നേഹികളും നിതാന്ത ജാഗ്രതയിലാണ്.

കൂട്ടായി പദ്ധതി : മംഗലത്തേയും കൂട്ടായിയേയും യോജിപ്പിച്ചു പെരുന്തുരുത്തിക്കടുത്ത് കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്‌ജ് ഇരുകരകളെയും യോജിപ്പിച്ചു വാഹനഗതാഗതം സാധ്യമാക്കുക, മകരത്തിൽ തുടങ്ങുന്ന ഓരു വെള്ളക്കയറ്റം തടയുക, മൂന്നുവിള കൃഷി സാധ്യമാക്കുക, പുഴയുടെ സമീപത്തെ കിണറുകളിലെ പുളിരസം ഇല്ലാതാക്കുക എന്നീ ചുരുക്കം പരിമിത ലക്ഷ്യങ്ങളാണീ പദ്ധതിക്കുള്ളത്.

ഈ ലക്ഷ്യങ്ങൾ സാക്ഷാൽകരിച്ചുവോ -?

1. വാഹന ഗതാഗത ലക്‌ഷ്യം സാക്ഷാത്കരിച്ചു
2. മൂന്നാം വിള കൃഷി ചെയ്തില്ലെന്ന് മാത്രമല്ല, ഒന്നാം വിളയും രണ്ടാം വിളയും പുഴയുടെ ഇരുകരകളിലെവിടെയും വർഷങ്ങളായി നടക്കുന്നില്ല. ഓരു വെള്ളം കയറിയിറങ്ങാത്തതു കാരണം ഇടത്തോടുകളുടെ കരയിലുള്ള തെങ്ങുകളിലെ ഉത്പ്പാദനം കുറഞ്ഞു. തിരൂർ പുഴയിൽ മാലിന്യങ്ങൾ നിറഞ്ഞു. മത്സ്യ സമ്പത്തു നശിച്ചു. കക്കാവാരലും കുമ്മായ നിർമ്മാണവും ഇല്ലാതായി. ചകിരി വ്യവസായം, കുമ്മായ നിർമ്മാണം എന്നിവ ഇല്ലാതായി. പുഴയിലെ ജലത്തിന്റെ ഘടനയിൽ മാറ്റം വന്നു. പുഴയോരത്തെ കിണറുകളിലെ ജലത്തിലും ഇത് പ്രകടമായി പുഴയിൽ കളകളും പായലുകളും നിറയുന്നു. ഇവ കെട്ടടിഞ്ഞു പുഴയുടെ ആഴം ഇല്ലാതാക്കുന്നു. വെണ്‍ മണൽ ദൃശ്യമയിരുന്ന പുഴയുടെ അടിത്തട്ടു കറുത്തിരുണ്ട് മത്സ്യസമ്പത്ത് നശിച്ചു.  പുഴയിൽ ഭൂമി കൈയ്യേറ്റം തുടങ്ങി.

കൃഷി വളരാൻ എന്ത് ചെയ്യുന്നു: ഇടത്തോടുകൾ തിരൂർ പുഴയിൽ സംഗമിക്കുന്നിടങ്ങളിൽ പണിത എല്ലാ ഷട്ടറുകളും പുതുക്കി ഓരു ജലം ഉപ്പു തോടുകളിൽ കയറുന്നത് തടയുക. ഷട്ടറുകളില്ലാത്ത തോടുകളിൽ ഷട്ടറുകൾ പണിയുക. ഒഴുകുമ്പോഴേ പുഴ പുഴയാകൂ. പുഴ ഒഴുകാതിരുന്നാൽ കാലക്രമത്തിൽ ശുദ്ധജലത്തിന്റെ ഘടനമാറി ഉപ്പുവെള്ളമായി മാറുന്ന സമയം അതിക്രമിച്ചിട്ടില്ല. ജനം ജാഗ്രതരാവുക. പുഴയെ രക്ഷിക്കുക.

1.3 കൂട്ടായി ഷട്ടർ നാട്ടുകാർ തുറന്ന ധന്യ മുഹൂർത്തം  – സുഭാഷ്

2011 മാർച്ചിൽ കൂട്ടായി ഷട്ടർ അടച്ചിട്ടിരുന്നതു കൊണ്ട് മാലിന്യം അടിഞ്ഞുകൂടി. ദുർഗന്ധം സഹിക്കവയ്യാതെയായി. സാംക്രമിക രോഗങ്ങൾ ചുറ്റുപാടും പരന്നു ഉത്ഘാടനത്തിനുവേണ്ടി പെട്ടെന്ന് അടച്ചിട്ടതായത് കൊണ്ട് തുറക്കാൻ സംവിധാനം ഇല്ലായിരുന്നു. അപ്പോൾ അതുകൊണ്ട് നാട്ടുകാർ കൂടി മാർച്ച്‌ 25ന് 5 മണിക്കൂർ കൈകൊണ്ടു തിരിച്ചു ഒരു ഷട്ടർ തുറന്നു. ശക്തമായുണ്ടായ ഒഴുക്കിൽ മാലിന്യങ്ങൾ കടലിലേക്ക്‌ ഒഴുകിപ്പോയി. നാട്ടുകാർക്ക് സ്വയം ചെയ്യാനുള്ള കഴിവുകൾ ഉണ്ടെന്ന് വ്യക്തമായി.

1.4 ചീപ്പു പാലങ്ങളുടെ ഗുണദോഷങ്ങൾ – ഡോ. അബ്ദുൽ ഹക്കിം

ചീപ്പു പാലങ്ങൾ ഉണ്ടാക്കുന്നത്‌ ഉപ്പുവെള്ളം കയറാതിരിക്കാനും, ഭൂഗർഭ ജലം വർദ്ധിപ്പിക്കാനും, കാർഷിക ഉൽപ്പന്നങ്ങൾ വർദ്ധിപ്പിക്കാനും സഞ്ചാര സൗകര്യങ്ങൾ കൂട്ടാനും ആണ്. അവയ്ക്ക് പല പ്രയോജനങ്ങളുണ്ടെങ്കിലും പല വിപരീത ഫലങ്ങളും ഉണ്ട്. പഠനഫലമായി കണ്ടത്  ഓരു കയറ്റം കുറഞ്ഞെങ്കിലും വെള്ളം കെട്ടിക്കിടന്ന് മാലിന്യം കൂടുന്നതായാണ് കാണുന്നത്. ഓക്സിജന്റെ കുറവ് കൊണ്ട് ജലജൈവവ്യവസ്ഥയ്ക്ക് ദോഷം വരുന്നതായും കണ്ടു.

2. പണ്ടേ ഉണ്ടായിരുന്നൊരു ജലപാത വീണ്ടെടുക്കാം

2.1 ചങ്ങാടത്തിത്തിലും വെള്ളത്തിലും തലക്കടത്തൂർ മുതൽ തിരൂർ വരെ    : റ്റി എം കാസീം

കാസിം, പി റ്റി അൻവർ, പി ഷംസു എന്നിവർ ചേർന്ന് തെർമ്മോക്കോൾ ഉപയോഗിച്ചുണ്ടാക്കിയ ചങ്ങാടത്തിൽ പനമ്പാലം മുതൽ തിരൂർ ബോട്ടുജെട്ടി വരെയുള്ള എല്ലാ മാലിന്യങ്ങളും കൈ ഉപയോഗിച്ച് കോരിയെടുത്തു തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ നിക്ഷേപിച്ചു അത് സംസ്കരിച്ചു ആഗസ്തിലെ സ്വതന്ത്ര്യദിനാഘോഷം ഇങ്ങനെയാണ് ആചരിച്ചത്‌. ബാക്കിയുള്ള മാലിന്യങ്ങൾ ഒഴുക്കിവിട്ടു. വെറും മൂന്നാൾ വിചാരിച്ചിട്ടു മൂന്നു കിലോമീറ്ററോളം പുഴ വൃത്തിയാക്കാൻ സാധിച്ചു. ഇതു പോലെ സന്മനസ്സുള്ളവർ കൂട്ടമായി പങ്കെടുത്താൽ  എന്നും പുഴ വൃത്തിയായിരിക്കും പുഴയോടടുത്തുള്ള വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ അധ്യാപകരുടെ സഹായസഹകരണത്തോടെ പുഴ ശുദ്ധീകരിക്കാൻ ഇറങ്ങിയാൽ അതിന്റെ ഫലം നാം ചിന്തിക്കുന്നതിലുമപ്പുറമാണ് അതിനുവേണ്ടി എല്ലാവരും രംഗത്തിൽ വരണമെന്ന് വിനയത്തോടുകൂടി അപേക്ഷിച്ചു കൊള്ളുന്നു ജയ്ഹിന്ദ്.

3. അവബോധ യാത്ര ചെയ്യാം പുഴക്കരയിൽ

3.1 പുഴക്കൂട്ടങ്ങളും വിദ്യാർഥി കൂട്ടായ്മകളുമായുള്ള പാരസ്പര്യം        : രാജി. പി

തിരൂർപുഴ – ഗതകാല സ്മരണകളിൽ പുനർജ്ജനിക്കുകയാണ്. ആഴവും, പരപ്പുമുള്ള തിരൂർപുഴയുടെഓളങ്ങളിൽ ഒഴുകി നീങ്ങിയ എത്രയെത്ര നൗകകൾ, സഞ്ചാരത്തിനും, ചരക്കു ഗതാഗതത്തിനും വെട്ടത്തു നാട്ടിലെ ജനത ആശ്രയിച്ചിരിക്കുന്നത് പരിപൂർണമായി ഈ പുഴയെ ആയിരുന്നു. ജീവിതത്തിന്റെ നേർക്കാഴ്ച്ചകളൊരുക്കി മത്സ്യബന്ധനവും, കയർ വ്യവസായവും തീരങ്ങളെ സജീവമാക്കി. എത്രയോ കവികൾക്ക് പുഴ പ്രചോദനമായി. ഐശ്വര്യവാഹിനിയായി   പുഴ ഒഴുകിക്കൊണ്ടിരിക്കുന്നു.

ഇന്ന് പ്രണിത ഹൃദയവുമായ്, മാലിന്യ വഹിനിയായി, വിഷലിപ്തയായി പുഴ തേങ്ങുകയാണ്. വികസനത്തിന്റെ മറവിൽ നടന്ന കൈയ്യേറ്റങ്ങളും, മാലിന്യ നിർമ്മാർജ്ജനവും, പുഴയുടെ ഹൃത്തടത്തെ കടന്നാക്ക്രമിച്ചിരിക്കുന്നു. ദുർഗന്ധപൂരിതമായ കടവുകളും, ചത്തു പൊങ്ങുന്ന മത്സ്യങ്ങളും പുഴ നിവാസികൾക്ക് തീരാവേദനയാകുന്നു.

പുഴയുടെ വീണ്ടെടുപ്പു അനിവാര്യമാണ്. അതിനുള്ള വേദികൾ നാം കണ്ടെത്തേണ്ടിരിക്കുന്നു. വിദ്യാർത്ഥി കൂട്ടായ്മകളെ പുഴകൂട്ടങ്ങളുമായി സഹകരിപ്പിച്ച് പുഴയുടെ അതിജീവനം യാഥാർത്ഥ്യമാക്കാവുന്നതാണ് ഓരോ കടവുകളുടെയും സമീപത്തെ വിദ്യാലയങ്ങളുമായി ബന്ധിപ്പിച്ച്‌ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്താവുന്നതാണ്. കുരുന്നുകളിൽ പ്രകൃതി സൗഭാഗ്യങ്ങളോടുള്ള മനോഭാവം സൗഹൃദപരമാക്കാനും, പ്രകൃതി സംരക്ഷണത്തിന്റെ അവബോധം സൃഷ്ടിക്കാനും ഈ കൂട്ടായ്മ പ്രേരകമാവുന്നതാണ്. നാടിനെ അറിയാൻ, നദികളെ അറിയാൻ, അവരുടെ പൈതൃകം തിരിച്ചറിയാൻ ഇത് ഒരു വേദിയാകണം. ബോധവല്ക്കരണ പ്രവർത്തനങ്ങൾ കേവലം പ്രേരണ മാത്രമേ കുട്ടികൾക്കു നൽകൂ. പക്ഷേ പുഴ എത്രമേൽ നാടിന്റെ ആവശ്യമാണെന്ന ബോധം കുട്ടികൾ സ്വയം ഉൾക്കൊള്ളേണ്ടതാണ്. പുഴയെ അടുത്തറിയാൻ അവസരം ഒരുക്കുകയാണ് ഇതിന്റെ പ്രതിവിധി.

മനസ്സ് മുഖത്തിന്റെ കണ്ണാടിയെന്നതു പോലെ പ്രകൃതിയുടെ മനസ്സാണ് നദീതടങ്ങൾ. അവന്റെ ജീവന്റെ തുടിപ്പുകൾ നിലനില്ക്കണം. അതിനായി നമുക്ക് ശ്രമിക്കാം.

4. പുഴയോരത്തൊത്തു കൂടാം ജനങ്ങൾക്കെല്ലാം

4.1 നന്മയുടെ പുഴക്കൂട്ടം – കുണ്ടനാട്ടുകടവ്                   : റാവുഫ്, ഷംലി, രാഗേഷ്

ഞങ്ങൾ ചാടിക്കളിച്ചു കുളിച്ചിരുന്ന പുഴ മലിനപ്പെട്ടു കിടക്കുന്നതിൽ സങ്കടം കൊണ്ട് ഞങ്ങൾ ഒരു പുഴകൂട്ടം ഉണ്ടാക്കി. കാടായി കിടന്ന കടവ് ശരിയാക്കി വഴിയും തെളിച്ചു  ഇരിക്കാൻ കൂടാരവും ഉണ്ടാക്കി അത് നല്ലൊരു അനുഭവം ആയിരുന്നു പുഴയിലെ മാലിന്യം ഒഴിവാക്കാൻ വലിയതോതിൽ സാധിച്ചു. കളിക്കാൻ കൂടാറുണ്ട് അല്പം കൃഷിയും ഉണ്ട്. വാഴ കുലച്ചു നില്ക്കുന്നു. ഭാവി പരിപാടികളിൽ സൗരോർജ മേഖലയിലുള്ള തൊഴിൽ സാദ്ധ്യതകൾ വികസിപ്പിക്കാനും ഉദ്ദേശ്യം ഉണ്ട്.

5. ജൈവമാലിന്യങ്ങളൊക്കെ ..വാതകവും വൈദ്യുതിയും

5.1 മാലിന്യ സംസ്കരണം ആധുനിക ജീവിതത്തിൽ              : Dr. പി എ  രാധാകൃഷ്ണൻ

പുഴയുടെ മരണത്തിന്റെ കാരണം മാലിന്യ സംസ്കരണത്തിന്റെ പോരായ്മ കൊണ്ടാണ്. ശാസ്ത്രീയമായി സംസ്കരിക്കാൻ വഴികൾ ഉണ്ടെങ്ക്കിലും ജനത്തിന് അത് തെളിയിച്ചു കൊടുക്കുന്നില്ല. എല്ലാവരും പരസ്പരം പഴിചാരുന്നുണ്ട്

 5.2 തിരൂർ മാർക്കറ്റിലെ മാലിന്യ സംസ്കരണം              : സരളാ പണിക്കർ

തിരൂർ എന്ന കൊച്ചു നഗരത്തെ മനോഹരമാക്കികൊണ്ട് നാനാ പ്രദേശത്തു വളഞ്ഞും, പുളഞ്ഞും ഒഴുകുന്നു സുന്ദരിയായ തിരൂർപുഴ. ഈ പ്രകൃതിദത്തമായ മനോഹാരിത എത്ര നഗരങ്ങൾക്കു സ്വന്തമായി കിട്ടും? ഈ പൈതൃകത്തിന്റെ വിലയറിയാതെ നാം ഈ പുഴയെ ഒരു ശാപമാക്കിയോ? പാഴായതെല്ലാം വലിച്ചെറിയാനുള്ള സ്ഥലം ആക്കി തീർക്കുന്നത് പരമ ദയനീയം തന്നെയാണ്.

തിരൂർ മാർക്കറ്റിൽ പല പ്രാവശ്യം പോയപ്പോൾ കത്തിക്കൊണ്ടും നീറിപുകഞ്ഞു കൊണ്ടും ഇരിയ്ക്കുന്ന ഖരമാലിന്യങ്ങളും, ഒഴുകിയും ഒഴുകാതെയും കിടക്കുന്ന ദ്രവമാലിന്യങ്ങളും കണ്ടപ്പോൾ ഈ വലിയ മാർക്കറ്റ് അതിന്റേതായ പ്രൗഢിയോടെ നിലനിൽക്കാവുന്നതല്ലേ എന്നു തോന്നി. ഈ തോന്നൽ മറ്റു രാജ്യങ്ങളിലെ മാർക്കറ്റിലെ മാലിന്യങ്ങൾ എങ്ങനെ സംസ്കരിക്കുന്നു എന്ന് പഠിക്കാൻ അവസരമുണ്ടാക്കി.

ഉദാഹരണത്തിന്, ലോകത്തിലെ ഏറ്റവും വലിയ മീൻ ചന്തയുടെ ഉടമ ആയികൊണ്ടിരിക്കുന്ന അബുദാബി  മാർക്കറ്റിന്റെ കാര്യം തന്നെ എടുക്കാം. 75 മീൻ കടകളും, ഇവിടേയ്ക്ക് മീൻ എത്തിക്കാനായി 500 ബോട്ടുകളും അവയ്ക്കുണ്ട്. മീനിന്റെ ദുർഗന്ധം ഒഴിവാക്കാനുള്ള സംവിധാനവും ഈ മീൻ ചന്തയ്ക്കുണ്ട് എന്നുള്ള വസ്തുത യു.എ.യിലെ പല മീൻ ചന്തകളിൽ നിന്നും ഈ പുതിയ മീൻ ചന്തയെ വ്യത്യസ്തമാക്കുന്നു. ഇവിടെ ഉണ്ടാകുന്ന മാലിന്യങ്ങളെ (വിഭവങ്ങളെ) പുനരുപയോഗം ചെയ്ത് ഗുണമേന്മയുള്ള കോഴിതീറ്റയും, അക്വേറിയത്തിലുപയോഗിക്കുന്ന തീറ്റയും ഉണ്ടാക്കാനുള്ള സൗകര്യവും അവിടെയുണ്ട്.

തിരൂർ മാർക്കറ്റിൽ ഞങ്ങൾക്കു ലഭിച്ച ചില സുഹൃത്തുക്കളുടെ കണക്കിൻ പ്രകാരം, മീൻചന്ത വൃത്തിയാക്കുവാൻ 10,000 ലിറ്റർ വെള്ളം എങ്കിലും ഒരു ദിവസം ഉപയോഗിക്കുന്നു. ഈ വെള്ളം വൃത്തിയാക്കി പുനരുപയോഗം ചെയ്യാനുള്ള വ്യവസ്ഥയുണ്ടാക്കുകയാണെങ്കിൽ കാനാത്തു കടവിലെ മാലിന്യ പ്രശ്നത്തിന് ഒരു വലിയ പരിഹാര മാർഗ്ഗമാകും. വളം നിർമ്മാണത്തിലൂടെയും, തീറ്റകൾ ഉണ്ടാക്കുന്നതിലൂടെയും, ബയോഗ്യാസ് നിർമ്മാണത്തിലൂടെയും, വെള്ളത്തിന്റെ പുനരുപയോഗത്തിലൂടെയും മാലിന്യങ്ങളെ വിഭവങ്ങളാക്കി മാറ്റാം. പുകഞ്ഞു നീറികൊണ്ടിരിക്കുന്ന ഖരമാലിന്യ നിർമ്മാർജ്ജനത്തിനും വഴികളുണ്ട്. നിത്യ രോഗികളായി ജനം മാറാതിരിക്കും; പ്രശ്നങ്ങൾക്ക്‌ പരിഹാരവുമാകും.

5.3 നിയമത്തിന്റെ വഴികൾ   : അലവിക്കുട്ടി

        വിവരാവകാശ നിയമം ഉപയോഗിച്ച് കാനാത്തുകടവ് പുഴക്കൂട്ടക്കാർ പുഴ മലിനീകരണത്തിന്റെ വിശദ വിവരങ്ങൾ തേടിയിട്ടുണ്ട്. കോടതിയിൽ കൊടുത്ത കേസ്സുകളുടെ വിധി പ്രതീക്ഷിക്കുന്നു. (NNP)

5.4 ഓട അടയ്ക്കൽ കോട്ടയ്ക്കലും വടകരയിലും. തിരൂരിൽ കാനാത്തും?  : കെകുഞ്ഞിരാമൻ

കോട്ടക്കൽ മുനിസിപ്പാലിറ്റിയുടെ ബസ്സ്‌ സ്റ്റാൻഡിൽ നിന്നും ലോഡ്ജുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും ടോയിലറ്റ് മാലിന്യങ്ങളും റോഡിനിരുവശവുമുള്ള ഓടകളിലൂടെ ഒഴുക്കി വിട്ട് പുത്തൂരിലെ മലിനജല ശേഖരണിയിലേക്ക്  എത്തിച്ചേരുന്നു അവിടെ നിന്ന് അത് പുത്തൂർ തോട്ടിലൂടെ കടലുണ്ടി പുഴയിലേയ്ക്കും എത്തിച്ചേരുന്നു. കവിഞ്ഞൊഴുകുന്ന ഈ മലിന ജലം കുടിവെള്ള സ്രോതസ്സിലേക്ക്‌ എത്തിച്ചേരുന്നു. അസഹ്യമായി ദുർഗന്ധം നിറഞ്ഞു. മൂന്നുവാർഡുകളിലെ കിണർ ജലം മലിനമായി. എണ്ണൂറിലധികം പേരും ഹെപ്പറ്റൈറ്റിസ് എയും സിയും ബാധിച്ചു. കൂടാതെ ത്വക്ക്‌ രോഗവും വ്യാപകമായി. കൊതുകടിമൂലം മുനിസിപ്പൽ അധികൃതർ യാതൊരു നടപടിയും എടുക്കാതിരുന്നാൽ പൗരന്മാർ രാഷ്ട്രീയ ഭേദമെന്യേ സമരത്തിനിറങ്ങി. ഓടകൾ മണ്ണിട്ടു നികത്തി. തുടർന്ന് ഈ പ്രദേശത്തെ മലിന ജല സംസ്കരണത്തിനു ഏർപ്പാടുണ്ടാക്കിയിരിക്കുകയാണ്. രണ്ടിടത്തെയും വിജയം ജനങ്ങളുടെതാണ്. ഇതേ പ്രശ്നമാണ് തിരൂർ മുനിസിപ്പാലിറ്റിയിലെ കാനാത്തുകടവിലെ നൂറു കണക്കിനു വീട്ടുകാർ അഭിമുഖീകരിക്കുന്നത്. ഒട്ടനവധി നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും മുൻസിപ്പൽ അധികാരികൾ മോഹന വാഗ്ദാനങ്ങൾ നല്കി ജനങ്ങളെ കബളിപ്പിക്കുകയാണ്. ഈ ജീവൻ പരിഹാര പ്രശ്നത്തിൽ തിരൂർ നിവാസികൾ എന്നു ഉണരും.

6. പ്രകൃതി ജീവനം വഴി  ജനങ്ങൾക്കും പുഴയ്ക്കുമായി..

6.1 ജീവിത ശൈലി മാറ്റുക   : ഖദീജാ നർഗ്ഗീസ്

        വെള്ളമാണ് ജീവന്റെ നിലനില്പ്പിനു കരുത്തേകുന്നതു. ഈ ശുദ്ധജലം, ഭൂമിയിൽ വേണ്ടത്ര ഉണ്ടായിരുന്നു. എന്നാൽ ഭയാനകമാം വിധത്തിൽ ശുദ്ധജല ലഭ്യത കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഓരോ പ്രദേശത്തും ഭൂമിയുടെ രക്ഷയ്ക്കായി, മനുഷ്യരടക്കമുള്ള ജീവജാലങ്ങളുടെ രക്ഷയ്ക്കായി നമ്മുടെ ശരീരത്തിലൂടെ രക്തം ഒഴുകുന്നതുപോലെ ഭൂമിയിലൂടെ തോടുകളായും പുഴകളായും ജലം ഒഴുക്കിക്കൊണ്ടിരിക്കുന്നു. പക്ഷെ, ആധുനിക മനുഷ്യന് ഈ  വെള്ളം എന്തിനാണെന്നറിയില്ല.അവനു കുടിക്കാൻ കുപ്പി വെള്ളം കിട്ടുമല്ലോ. നമുക്കു ചുറ്റും ഒരു കിണർ, ഒരു തോട്, ഒരു കുളം, ഒരു പുഴ എന്നിവയുണ്ടെങ്കിൽ എന്തുമാത്രം ഭാഗ്യമാണ്. അത് ആ പ്രദേശത്തുകാരുടെ ജീവധാരയാണ്. അതിനെ മലിനപ്പെടുത്താതെ അതു നശിപ്പിക്കാതെ നോക്കേണ്ടത് ആ പ്രദേശത്തുകാരുടെ, ആ പ്രദേശത്തെ ഭരണകൂടത്തിന്റെ ബാദ്ധ്യതയാണ്. ജീവിത ശൈലിയിൽ വന്ന മാറ്റമാണ് രോഗങ്ങൾ വർദ്ധിക്കാനുള്ള കാരണം. ആശുപത്രികളും വർദ്ധിച്ചു. ആശുപത്രികളിൽ നിന്നുള്ള മാലിന്യം പുഴയെ മലിനപ്പെടുത്തുന്നു. അതുകൊണ്ട് ജീവിതശൈലി മാറ്റി, രോഗികളില്ലാതെ ജീവിക്കുന്നത് പുഴയുടെ പുനരുജ്ജീവനത്തിനാവിശ്യമാണ്.

7.  പ്രകൃതി കൃഷിയിലൂടെ ജീവാഹാരമാക്കിയിട്ടു ആസ്വദിച്ചീടാം..

7.1 പരമ്പരാഗത കൃഷി  ഷട്ടർ വരുന്നതിനു മുൻപ്   : നൂർ മുഹമ്മദ്‌

തിരൂർ പുഴയുടെ ഇരുകരകളിലും ചതുപ്പ് നിലങ്ങൾ ധാരാളം ഉണ്ട്. ചില ഭാഗങ്ങളിൽ പുഴയോടു ചേർന്നുള്ള ഭാഗം മാത്രം ചതുപ്പും ബാക്കി ഭാഗം ഉയർന്ന കര ഭാഗങ്ങളുമാണ്. ചില ഭാഗങ്ങളിൽ ചില കൈത്തോടുകളും പുഴയുടെ വെള്ളം കേറിയിറങ്ങുന്ന വീതി കുറഞ്ഞ പുഴകളും ധാരാളം കാണാനും കഴിയും ഈ ചതുപ്പ് നിലത്തെ എക്കൽ മണ്ണ് വളരെ ഫലഭൂയിഷ്ടമാണ്. ചതുപ്പ് നിലത്തു ഉഴുതു മറിക്കുന്നതിനു  പകരം വേലിയേറ്റം ഇറക്കം നോക്കി കിളച്ചാണ് ഞാറു നടൽ. കൈയ്യെൻ നെല്ല്, പുളിപ്പാണ്ടി, എന്നീ പേരുകളിൽ അറിയപ്പെടുന്ന ഒരുതരം സൂചിപോലെ കൂർത്തഓവുള്ള മൂപ്പ് കൂടിയ നെല്ലായിരുന്നു ഏറെയും കൃഷി ചെയ്തിരുന്നത് ഈ നെല്ല് മകരമാസത്തിലാണ് എല്ലാം വൃത്തിയാക്കിയെടുത്താൽ മേൽ പ്രദേശത്തിന്റെ കൃഷി ആവശ്യത്തിനും കുടിവെള്ള ആവശ്യത്തിനും ഇത് ധാരാളമാണ്. ആദ്യകാലങ്ങളിൽ എല്ലാം പുഴയിൽ ഉപ്പു വെള്ളം കേറാൻ മകര മാസം കഴിയുമായിരുന്നു. കാരണം ഭാരതപ്പുഴയിൽ നിന്നുള്ള ശുദ്ധ ജലത്തിന്റെ ഒഴുക്ക് കാരണം ഉപ്പുവെള്ളം കേറാൻ കാലതാമസം വരുമായിരുന്നു. മലമ്പുഴ ഡാം വന്നതോടെ ഒഴുക്കിന്റെ ശക്തി കുറഞ്ഞപ്പോൾ ഉപ്പുവെള്ളം കയറാൻ വേഗത കൂടി. ഇന്നിപ്പോൾ ചമ്രവട്ടം റെഗുലേറ്റർ വന്നതോടെ പെട്ടെന്ന് തന്നെ ഉപ്പുവെള്ളം കയറാനും കടൽവെള്ളത്തിന്റെ അത്രതന്നെ സാന്ദ്രത ഉള്ള വെള്ളം ഒഴുകാനും തുടങ്ങി.

7.2 പുഴയും കൃഷിയും   : കെ എം ഹിലാൽ

        മനുഷ്യൻ കൃഷി ആരംഭിച്ചതു പുഴക്കരയിലാണ് ആധുനിക മനുഷ്യൻ പുരാണത്തിലെ ബലരാമന്റെ മാതൃക പിന്തുടർന്ന് പുഴയില്ലാത്ത നാടിലേക്ക് പുഴയെ കൊണ്ട് പോയി കൃഷി ചെയ്യുന്നു. പുഴയില്ലാതെ കൃഷിയില്ല. കൃഷിയില്ലാതെ സംസ്കാരമില്ല. സംസ്കാരമില്ലാത്തവന് ആത്മാഭിമാനവുമില്ല. തിരൂർ പുഴയുടെ സംരക്ഷണത്തിലൂടെ സംസ്കാരത്തെ നമുക്ക് തിരിച്ചുപിടിക്കാം

8.  പുഴയോരക്കാടുകളും …..തഴപ്പിച്ചു മത്സ്യമേന്മ വർദ്ധിപ്പിച്ചീടാം..

8.1 തിരൂർ പുഴമത്സ്യസമ്പത്തും പ്രജനന രീതികളും  : ഡോ.എം സീനത്ത്

8.2.തിരൂർപുഴയിലെ കണ്ടൽക്കാടുകൾ   : ജയശ്രീ
അതീവ ദുർബലമായ കേരളത്തിലെ തീരപ്രദേശങ്ങളുടെ ശാശ്വതമായ നിലനില്പിന് അനിവാര്യമായ ആവാസവ്യവസ്ഥയാണ് കണ്ടൽക്കാടുകൾ. ഓരു ജലത്തിന്റെയും തിരകളുടെയും തുടർച്ചയായ ഏറ്റഇറക്ക പ്രക്രിയയുടെ സാന്നിധ്യത്തിൽ വളരുന്ന ഇവ സമുദ്രത്തിന്റെ ഉല്പ്പാദന മികവിനെക്കാൾ ഏകദേശം ഇരുപതു ഇരട്ടി അധിക ഉല്പാദന മികവുള്ള വ്യവസ്ഥയാണ്‌.

കൂട്ടമായി നിൽക്കുന്ന കണ്ടൽ സസ്യങ്ങളും അവയുടെ വേരുപടലങ്ങളും ഒട്ടേറെ ജീവികൾക്ക് അഭയവും ഭക്ഷ്യദായകവുമാണ് പുഴയിലൂടെ എത്തുന്ന ലവണങ്ങളും കടലിലെ ലവണങ്ങളും സമ്മേളിക്കുന്ന ഈ ആവാസവ്യവസ്ഥ മത്സ്യങ്ങളുടെയും കവച ജന്തുവർഗ്ഗങ്ങളുടെയും കേന്ദ്രമാണ്. കൂടാതെ ചെളിത്തിട്ടയിലെ ഇലകളും മറ്റും ചീഞ്ഞുണ്ടാകുന്ന ഭക്ഷണവും അതുണ്ടാക്കുന്ന പ്ലവഗങ്ങളുടെ സാന്നിധ്യവും ഞണ്ടിന്റെയും ഞവണിക്കയുടെയും മത്സ്യങ്ങളുടെയും വിഹാര രംഗമാക്കി കണ്ടൽക്കാടുകളെ മാറ്റുന്നു. കാരചെമ്മീൻ, നാരൻ ചെമ്മീൻ, കഴന്തൻ, പുവാലൻ എന്നീ ചെമ്മീനുകളുടെ ജീവിതചക്രം പൂർത്തിയാകുന്നത് കായലുകളും അതിനോടനുബന്ധിച്ച ആവാസവ്യവസ്ഥകളുമാണ്. കരിമീൻ, കണമ്പ്‌, പ്യാച്ചി, നന്തൽ പൂമീൻ, കരിപ്പിടി, പള്ളത്തി, നരിമീൻ, ചെമ്പല്ലി, കാളാഞ്ചി, കായൽ ഞണ്ടുകൾ, കക്കകൾ, ചിപ്പികൾ, ആറ്റുകൊഞ്ചു എന്നിവയെല്ലാം കണ്ടൽ വനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. 177 ഇനം പക്ഷികളെ കണ്ടൽക്കാടുകളിൽ നിന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഹെറോണ്‍, മീൻകൊത്തികൾ, കൊക്കുകൾ കടൽക്കാക്കകൾ, താറാവുകൾ, കർലൂസ്, പരുന്ത്, ഫ്ലെമിങ്ങ്ഗോ തുടങ്ങിയ പക്ഷികളുടെയും ദേശാടന പക്ഷികളുടെയും താവളങ്ങളാണ് കണ്ടൽക്കാടുകൾ.

പ്രാധാന്യം (ധർമ്മങ്ങൾ)

തീരദേശ കാലാവസ്ഥയെ നിയന്ത്രിക്കുന്നു കരയിടിച്ചിലിനെ തടയുന്നു ചുഴലിക്കാറ്റിനെ പ്രതിരോധിക്കുന്നു. സുനാമിക്കെതിരെ നിൽക്കാൻ കഴിവുണ്ട്. സൂര്യരശ്മികളിലൂടെ എത്തുന്ന അൾട്രാവയലെറ്റ് കിരണങ്ങളെ പ്രതിരോധിക്കുന്നു, ഹരിത ഗ്രഹപ്രഭാവത്തെ കുറയ്ക്കുന്നു, പ്രളയത്തെ പ്രതിരോധിക്കുന്നു. തീരപ്രദേശങ്ങളിലെ മണ്ണ് ഒലിപ്പു തടയുന്നു, എക്കലിനെ തടഞ്ഞു നിർത്തുന്നു. പോഷക ചംക്രമണവ്യവസ്ഥയുടെ സംരക്ഷണം. പ്രകൃതിദത്ത മത്സ്യ പ്രജനനകേന്ദ്രം, ഇങ്ങനെയുള്ള ധാരാളം ധർമ്മങ്ങൾ നടത്തുന്ന കണ്ടൽ ഇന്ന് വൻ നശീകരണത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ് അവയെ സംരക്ഷിക്കേണ്ടത് വളരെ അനിവാര്യമായി തീർന്നിരിക്കുന്നു.
തിരൂർപുഴ പ്രത്യേകിച്ചും ഉപ്പുപുഴ ആയതിനാൽ കണ്ടൽ വളരാൻ ഏററവും അനുയോജ്യമായ ഒരിടമാണ്. പുഴയോര കയ്യേറ്റങ്ങളെ തടഞ്ഞ് കണ്ടൽ വ്യാപനം ശക്തമാക്കിയാൽ മത്സ്യസമ്പത്തും പുഴസംരക്ഷണവും നടക്കുന്നു. സ്കൂൾ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ കണ്ടൽക്കാടുകളെ കുറിച്ച് പഠനം നടത്തിയപ്പോൾ ഉപ്പട്ടി, ഭ്രാന്തൻ കണ്ടൽ, കമ്പട്ടി, സ്വർണ്ണക്കണ്ടൽ, വള്ളിക്കണ്ടൽ, ചെറുപെട്ടി, ചെറുകണ്ടൽ, പീക്കണ്ടൽ, ചക്കരക്കണ്ടൽ, നക്ഷത്രക്കണ്ടൽ എന്നിങ്ങനെ വൈവിധ്യമാർന്ന കണ്ടലുകൾ തീരത്ത് കണ്ടുവരുന്നു.
പുന്ന, ചുള്ളിക്കണ്ടൽ, പുഴമുല്ല (ചെറുചിന്ന), അടമ്പ്, മച്ചിൻതോൽ, പുഴലില്ലി, പൊന്നുംവള്ളി, ഒതളം (ചാത്തൻ കായ്‌) എന്നീ കണ്ടൽ – അനുബന്ധ സസ്യങ്ങളും കണ്ടുവരുന്നു. ഇക്കോ ക്ലബ്‌ പ്രവർത്തനങ്ങളുടെ ഭാഗമായി പുഴയോര വാസികൾക്ക് കണ്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ്സ്‌, കുട്ടികളുമായി പുഴതീരത്ത് കണ്ടൽനടൽ എന്നിവ നടത്തി വരുന്നു. കൊളാവി കടപ്പുറത്തെ തീരം സംരക്ഷക പ്രവർത്തകരിൽ നിന്നും കൊണ്ടുവന്ന 15,000 ത്തോളം കണ്ടൽ ചെടികൾ ഈ വർഷം പുഴയുടെ തീരത്ത് നട്ടു.

9.  മഴവെള്ളം സംഭരിക്കാം കുളങ്ങൾ ചാലുകളുമായി..
    ശുദ്ധജല സംഭരണം പുഴക്കൂട്ടങ്ങളിലൂടെ                 : ഡോ.എം സീനത്ത്

10. പാത ഊർജ്ജ സ്വാശ്രയത്തിൽ തെളിഞ്ഞിടട്ടെ..
10.1 സൗരോർജ്ജവും ജൈവവാതകവും– തൊഴിൽ സാദ്ധ്യതകൾ: ഡോ. എൻ എൻ പണിക്കർ
മാലിന്യ മുക്തിക്ക് ഊർജ്ജം സുലഭമായി കിട്ടിയാൽ എളുപ്പമാകും. സൗരോർജത്തിലൂടെ കിട്ടുന്ന ചൂടുവെള്ളം  ഉപയോഗിച്ചാൽ രാസവസ്തുക്കൾ ഇല്ലാതെ അഴുക്കു മാറ്റാൻ സാധിക്കും എന്നുള്ളത് പുഴയ്ക്കു ഒരു രക്ഷയാണ്. മാർക്കറ്റിലും വീടുകളിലും മറ്റും അതിനുള്ള സൗകര്യം ഉണ്ടാക്കാൻ യുവാക്കൾക്ക്  സാധിക്കും. സൗരോർജവൈദ്യുതിയും ജൈവ വാതകവും സുലഭമാക്കൻ ഉള്ള അറിവും കഴിവും നേടാൻ പുഴക്കൂട്ടങ്ങളിലൂടെ സൗകര്യം ഉണ്ടാക്കാവുന്നതാണ്. കക്കൂസുകൾ ഉൾപ്പെടെയുള്ള ജൈവവിഭവങ്ങൾ ഊർജസ്വശ്രയതിനായ് ഉപയോഗിക്കാൻ കഴിയും. പുഴയുടെ സംരക്ഷണം നാട്ടിന്റെ ഐശ്വര്യത്തിന് കൂടി കാരണം ആയി ഭവിക്കും

11. വികസന ബദലുകൾ കണ്ടിടേണം..

11.1 വിനോദ സഞ്ചാര സാദ്ധ്യതകൾ                 : ജനാർദ്ദനൻ പേരാമ്പ്ര
11.2 ബോട്ട് ക്ലബ്ബുകൾ ആരോഗ്യത്തിനും പുഴ ശുചീകരണത്തിനും       : പി ശശിധരൻ
ബോട്ട് ക്ലബ്ബുകൾ രൂപീകരിച്ച് പുഴയിൽ ഇറങ്ങി തുഴഞ്ഞാൽ പുഴ ശുചീകരണവും അതേ സമയം തന്നെ ആരോഗ്യ ലാഭവും ഉണ്ടാകും. തിരൂർ പുഴ പുനരുജീവനത്തിനു നമുക്ക് ബോട്ട് ക്ലബ്ബുകൾ തുടങ്ങാം.

12. സർക്കാരിന്റെ സ്ഥാപനങ്ങൾ രക്ഷിക്കാനും, ശിക്ഷിക്കാനും..
12.1    നീളണം കൈകൾ – തിരൂർപുഴ സംരക്ഷണത്തിനായി    : ഭാസി കെ
ലോകത്ത് ജീവ ജാലങ്ങളുടെ നിലനില്പിന് അത്യന്താപേക്ഷിതമാണ് ജലവും വായുവും ആരോഗ്യകരമായ അന്തരീക്ഷവും. അപ്പോൾ തോടും പുഴകളും കുളങ്ങളും സമുദ്രവും കുന്നു മലയും എല്ലാം സംരക്ഷിക്കേണ്ടി വരും, അതെല്ലാം നമ്മൾക്ക് മാത്രമല്ല വരും തലമുറക്കും അവകാശപ്പെട്ടതാണ്. അതിന്റെ ഉപയോഗം ക്രമീകരിക്കണം ചില നിയന്ത്രങ്ങൾ സ്വയം ഏറ്റെടുക്കേണ്ടി വരും, സ്വയം നിയന്ത്രണം ഇല്ലെങ്കിൽ ബന്ധപ്പെട്ട തർദ്ദേശ സർക്കാറുകൾ, സംസ്ഥാന കേന്ദ്ര ഭരണ കൂടങ്ങൾ അവരുടെ കർത്തവ്യം നിർവ്വഹിക്കേണ്ടിവരും. ജാതി മത രാഷ്ട്രീയ ഭേദമെന്യേ മുഖം നോക്കാതെ ഭാവി തലമുറയുടെയും നമ്മുടെയും സഹജീവനത്തിനായി നിയമങ്ങൾ ഉപയോഗപ്പെടുത്തേണ്ടിവരും അതില്ലാത്തതാണ് നമ്മുടെ നാട്ടിലെ മിക്ക പുഴകളും നദികളും കുന്നുകളും നശിച്ചു കൊണ്ടിരിക്കുന്നത്. ഈ കാര്യം നമ്മെ ഓർമ്മിക്കുന്നത്തിന് വേണ്ടി ലോക നദി സംരക്ഷണ ദിനമായി മാർച്ച്‌ 14 ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ആചരിച്ചു വരുന്നു. നദികളിലെയും മറ്റു  പൊതു സ്ഥലങ്ങളിലെ  ജലസംഭരണികളിലെ മലിനീകരണം തടയുന്നതിനായ് കേന്ദ്രസർക്കാർ വാട്ടർ (പ്രിവൻഷൻ & കണ്‍ട്രോൾ ഓഫ് പൊലൂഷ്യൻ) ആക്റ്റ്റ്റ് 1974 എസ് – 27 (2) നടപ്പിൽ വരുത്തിയത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഇതിൽ ഇടപെടാവുന്നതാണ്.

രാഷ്ട്ര പിതാവായ ഗാന്ധിജി നർമ്മദാ നദിയിൽ നിന്നും ഒരു മുരുടയിൽ വെള്ളമെടുത്ത് ആവിശ്യം കഴിച്ചിട്ടുള്ള വെള്ളം നദിയിൽ തന്നെ ഒഴുക്കിയിരുന്നു. നമുക്ക് അവകാശപ്പെട്ടത് മാത്രമേ എടുക്കാവു എന്നതായിരുന്നു അദ്ദേഹത്തിന്റെ മതം. അത് നമ്മൾക്കെല്ലാമുള്ള ഒരു മുന്നറിയിപ്പായിരുന്നു. നമ്മുടെ 40 പുഴക്കൂട്ടങ്ങളുടെ ലക്ഷ്യവും അതു തന്നെയാണ്.

പുഴ തിരൂർ സഹജീവന സംരക്ഷണം പരിപാടി. പൊതുജനങ്ങളുടെ ചർച്ചയ്ക്കും വിലയിരുത്തലിനുമായി സമർപ്പിക്കുന്നു..

12.2 പുഴ ശുചീകരണ മാർഗ്ഗങ്ങൾ – ഡ്രെഡ്‌ജിംഗ്  ഉൾപ്പെടെ    : ഡോ. എൻ എൻ പണിക്കർ

സ്വയം ശുദ്ധീകരിക്കുന്ന പ്രകൃതിയാണ് പുഴകൾക്ക്. ഒഴുക്കാണ്  അഴുക്കു ഒഴിവാക്കാൻ ഉത്തമ മാർഗ്ഗം. ചലനം ഉണ്ടാക്കിയാലും പുഴ വൃത്തിയാകും. സഹജീവനത്തിലൂടെ മനുഷ്യനും മറ്റു ജീവികളും കുളിക്കാനും കളിക്കാനും നീന്താനും യാത്ര ചെയ്യാനും ഉപയോഗിക്കുമ്പോൾ പുഴ വൃത്തിയാകും മഴക്കാലത്തെ വെള്ളപ്പാച്ചിലും മറ്റുള്ള സമയങ്ങളിലെ നീരുറവകളും വേലിയേറ്റ വേലിയിറക്കങ്ങളും പുഴ ശുദ്ധീകരിക്കുന്നു. ഉപ്പുവെള്ളം കയറുന്നത് പുഴ വൃത്തിയാകാൻ ഉപകരിക്കുന്നു. മാലിന്യം കൂടിപ്പോകുമ്പോൾ ശക്തമായി ഇളക്കിവിട്ടാൽ ഒഴുക്കുണ്ടെങ്കിൽ പുഴ വൃത്തിയാകും. വളരെ കൂടുതൽ മാലിന്യം ആയാൽ പ്രത്യേകിച്ച് പ്ലാസ്റ്റിക്‌ മുതലായി ജൈവരീതിയിൽ മാറ്റം വരാത്തവയാണെങ്കിൽ എടുത്തു മാറ്റേണ്ടിവരും. ഇക്കൊല്ലം സ്വാതന്ത്ര്യ  ദിനത്തിൽ നാം പുഴ ശുദ്ധീകരിച്ചത് മേല്പ്പറഞ്ഞ മാർഗ്ഗങ്ങളിൽ ആണ്.

പുഴയിൽ പൊങ്ങിക്കിടക്കുന്ന ചെറു ദ്വീപുകൾ (ജൈവപ്ലവങ്ങൾ – ബയോഫ്ലോട്ട്സ് ) ഉണ്ടാക്കി പുഴ ശുദ്ധീകരിക്കാൻ ചില സ്ഥലങ്ങളിൽ സാധിച്ചിട്ടുണ്ട്. വെള്ളത്തിലെ വിഷാംശങ്ങൾ വലിച്ചെടുക്കാൻ കഴിവുള്ള ചെടികളും അണുജീവികളും വളരുവാൻ സൌകര്യപ്പെടുത്തിയാൽ മതി. മഹാരാഷ്ട്രയിലെ മലാഡിലുള്ള ബുജാലെ കുളത്തിലും അമേരിക്കയിലെ യെല്ലോസ്റ്റോണ്‍ നദിയിലും മിനിയാപൊലിസിലെ ഒരു തടാകത്തിലും ഇതു ചെയ്യുന്നുണ്ട്. പ്ലാസ്റ്റിക്‌ കുപ്പികൾ ചേർത്തു കെട്ടിയാണ്  ജൈവപ്ലവങ്ങൾ ചിലയിടത്തുണ്ടാക്കിയിരിക്കുന്നത്. കൃഷിയും മീൻ വളർത്തലും ഇതോടൊപ്പം ചെയ്യുന്ന സ്ഥലങ്ങളും ഉണ്ട്. ചില പുഴക്കൂട്ടങ്ങളിൽ ഇത് പരീക്ഷിക്കാവുന്നതാണ്.

പൊങ്ങിക്കിടക്കുന്നതും അടിത്തട്ടിൽ അടിഞ്ഞു കിടക്കുന്നതുമായ മാലിന്യങ്ങൾ മാറ്റാനായി സർക്കാർ 70 ലക്ഷം രൂപയുടെ കരാർ തിരൂർ പുഴയ്ക്കു വേണ്ടി കൊടുക്കുന്നതായി അറിയുന്നു. ഷട്ടർ അടച്ചിട്ടുകൊണ്ട് ഇങ്ങനെ ചെയ്യുന്നത് പാഴ്‌ചെലവല്ലേ എന്ന് പരിശോധിക്കേണ്ടതാണ്.

One thought on “തിരൂർപുഴ വിഷയാവതരണം 2014-03-23

Leave a Reply

Your email address will not be published. Required fields are marked *