തിരൂര്‍ പുഴയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി

തിരൂര്‍: മാലിന്യം നിറഞ്ഞതിനെ തുടര്‍ന്ന് തിരൂര്‍ പുഴയില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങുന്നത് വ്യാപകമാകുന്നു. പുഴവെള്ളം കറുപ്പുനിറമായതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ആശങ്കയില്‍. മാലിന്യം നിറഞ്ഞതിനെ തുടര്‍ന്നാണ് കഴിഞ്ഞ രണ്ടുദിവസമായി തിരൂര്‍ പുഴയില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തത്. ഇവ പ്രദേശത്തെ യുവാക്കള്‍ കരയ്ക്കടുപ്പിച്ച് കുഴിച്ചുമൂടിയെങ്കിലും ശനിയാഴ്ചയും വന്‍തോതില്‍ മത്സ്യങ്ങള്‍ ചത്തു. തിരൂര്‍ പുഴയില്‍ പനമ്പാലം മുതല്‍ മംഗലം കൂട്ടായിക്കടവ് വരെയാണ് മത്സ്യങ്ങള്‍ ചത്തൊടുങ്ങിയത്. പുഴവെള്ളം കറുപ്പുനിറത്തിലായതും കടുത്ത ദുര്‍ഗന്ധം വ്യാപിച്ചതും പുഴയോരവാസികളെ ആശങ്കയിലാക്കി. പുഴയോരത്തെ കിണറുകളിലേക്കും കറുപ്പുനിറം വ്യാപിച്ച് കുടിവെള്ളത്തിന് രുചിവ്യത്യാസമുണ്ടായിട്ടുണ്ട്. തിരൂര്‍ അന്നാര, പൊറൂര്‍, പച്ചാട്ടിരി ഭാഗത്തുള്ള നിരവധി കുടുംബങ്ങള്‍ വീട് ഒഴിഞ്ഞുപോയിരിക്കയാണ്. നഗരത്തിലെ അങ്ങാടികളിലെ ഓടകളില്‍നിന്നുള്ള മലിനജലം തിരൂര്‍ പുഴയിലേക്കാണ് ഒഴുക്കിവിടുന്നത്. പുഴയില്‍ വെള്ളം കുറഞ്ഞതും കൂട്ടായി റഗുലേറ്ററിന്റെ ഷട്ടര്‍ ഇട്ടതുംമൂലം വെള്ളം മലിനമായി. ഇതേ തുടര്‍ന്ന് വെള്ളത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞതോടെയാണ് മത്സ്യങ്ങള്‍ ചത്തുപൊന്തിയതെന്നാണ് നിഗമനം. പുഴവെള്ളം മലിനമായതോടെ ദുര്‍ഗന്ധം ശ്വസിച്ച് സമീപത്തെ വീടുകളിലെ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും അസുഖങ്ങളും തളര്‍ച്ചയും അനുഭവപ്പെട്ടതായും പറയുന്നു. ഇത് തടയാന്‍ അധികൃതര്‍ കാര്യമായ നടപടി എടുത്തിട്ടില്ല. ദുര്‍ഗന്ധം കൂടുതല്‍ സ്ഥല ത്തേക്ക് വ്യാപിച്ചിട്ടുമുണ്ട്. മഴ ശക്തമായി പുഴയില്‍ വന്‍ കുത്തൊഴുക്ക് വന്നാല്‍ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയൂ

തിരൂർപുഴ വഞ്ചിപ്പാട്ട്

തിരൂര്‍ സഹജീവനം

എന്‍.എന്‍.പണിക്കര്‍ സരളാ പണിക്കര്‍

തിരൂർ പുഴ ജലമേള
തെയ് തെയ് തക തെയ് തെയ് തോ
നാട്ടാരെല്ലാം കൂട്ടായുള്ള
തിത്തത്താ തിത്തെയ് തെയ്

സഹജീവന പദ്ധതി
തെയ് തെയ് തക തെയ് തെയ് തോ
ജീവതാള ലയത്തോടെ
തിത്തത്താ തിത്തെയ് തെയ്
തിത്തിത്താരാ തിത്തിത്തെയ്
തിത്തെയ് തക തെയ് തെയ് തോ
പന്ത്രണ്ടിന പരിപാടി
സഹാജാരോഗ്യത്തിനായ്
തന്ത്രമായി നമുക്കവ
ചെയ്തു തുടങ്ങാം                              (തിത്തിത്താരാ……)

പണ്ടേയുണ്ടായിരുന്നൊരു
ജലപാത വീണ്ടെടുക്കാം
കൊണ്ടാടീടാം ജലയാത്ര
നമുക്കിനിയും                                   (തിത്തിത്താരാ……)

നവംബർ പതിമൂന്നിലും
പതിനാലാം ദിനത്തിലും
അവബോധ യാത്ര ചെയ്യാം
പുഴക്കരയിൽ                                    (തിത്തിത്താരാ……)

ഒഴുകേണം പുഴ നന്നായ്
നീക്കിടേണം തടസ്സങ്ങൾ
പുഴയോരത്തൊത്തുകൂടാം
ജനങ്ങൾക്കെല്ലാം                             (തിത്തിത്താരാ……)

കുളി, നീന്തൽ, ഒത്തുചേരൽ
വഞ്ചിയാത്ര, ജീവരക്ഷ
കളിയാകാം ചിരിയാകാം
യോഗം കളിയും                                 (തിത്തിത്താരാ……)

മാനസാദി സ്വാസ്ഥ്യത്തിനായ്
പതിവാക്കാം സുര്യയോഗം
വാനനിരീക്ഷണമാകാം
ചർച്ചാവേദിയും                                  (തിത്തിത്താരാ……)

പ്രകൃതി ജീവനം വഴി
ജനങ്ങൾക്കും പുഴയ്ക്കുമായ്
വികൃതിയില്ലാതാരോഗ്യം
കൈവരിച്ചിടാം                                  (തിത്തിത്താരാ……)

ജൈവമാലിന്യങ്ങളൊക്കെ
പ്രകൃതി കൃഷിയിലൂടെ
ജീവാഹാരമാക്കിയിട്ട്
ആസ്വദിച്ചീടാം                                   (തിത്തിത്താരാ……)

വാതകവും വൈദ്യുതിയും
വേണമെങ്കിൽ അവകൊണ്ട്
പാത ഊർജ്ജ സ്വശ്രയത്തിൻ
തെളിഞ്ഞീടട്ടെ                                   (തിത്തിത്താരാ……)

പുഴയോരക്കാടുകളും
ആഴിയുമായുള്ളൊഴുക്കും
തഴപ്പിച്ചു മത്സ്യ മേന്മ
വർദ്ധിപ്പിച്ചീടാം                                    (തിത്തിത്താരാ……)

മഴവെള്ളം സംഭരിക്കാം
കുളങ്ങൾ ചാലുകളുമായ്
ഒഴുകട്ടെ ശുദ്ധജലം
ആണ്ടുമുഴുവൻ                                      (തിത്തിത്താരാ……)

പൂഴിക്കുനകളും പിന്നെ
തീരദേശ മരങ്ങളും
ഒഴുകും പുഴയുമായാൽ
ഉപ്പുതടയാം                                           (തിത്തിത്താരാ……)

വികസന ബദലുകൾ
കണ്ടിടേണം നമുക്കിനി
പ്രകൃതിക്കു ചേർന്നിടുന്ന
വളർച്ച വേണം                                    (തിത്തിത്താരാ……)

കേട്ടറിവും നാട്ടറിവും
അനുഭവങ്ങളൊക്കെയും
ഒട്ടും ചോരാതെഴുതീടാം
പങ്കുവച്ചീടാം                                         (തിത്തിത്താരാ……)

നാട്ടാരെല്ലാം കൂട്ടായിട്ടീ
പന്ത്രണ്ടിന പരിപാടി
കോട്ടമൊട്ടും തട്ടീടാതെ
മുന്നോട്ടു നീക്കാം                                   (തിത്തിത്താരാ……)

സർക്കാരിന്റെ സ്ഥാപനങ്ങൾ
രക്ഷിക്കാനും ശിക്ഷിക്കാനും
തർക്കമൊന്നുമില്ലാതാക്കി
ഒപ്പമെത്തട്ടെ                                        (തിത്തിത്താരാ……)

നാരായണൻ മേല്പത്തൂരിൻ
തോണിയാത്ര മുഖാഭി ശ്രീ
നാരായണ ഗുരുജന്മം
വിനോബാജന്മം                                    (തിത്തിത്താരാ……)

ചിക്കാഗോ പ്രഭാഷണമാം
വിശ്വസാഹോദര്യദിനം
ഒക്കെയിങ്ങു നമുക്കിന്നീ
ടിട്ടിധ്  ധെയ് യാക്കാം                           (തിത്തിത്താരാ……)

കുറിപ്പുകൾ

1. മുഖാഭി = 425, കടപയാദി സംഖ്യാഗണന ക്രമത്തിൽ മേല് പത്തൂർ നാരായണ ഭട്ടതിരി തിരൂർ പുഴയിലൂടെ വഞ്ചിയാത്ര ചെയ്തു ഗുരുവായൂരിൽ ഭജനം ചെയ്ത്  തുടങ്ങിയതിന്റെ 425-ാം വാർഷിക ദിനമാണ് നാലാം ഓണമായ 2011 സെപ്റ്റംബർ 11.

2. ടിട്ടിധ്  ധെയ് യാക്കാം  = 11  9  11 (2011 സെപ്റ്റംബർ 11) തിരൂർ സഹജീവന ജലമേളാരംഭം.ടിട്ടിധ്  ധെയ്  = തിത്തിത്തെയ്  = വഞ്ചിപ്പാട്ട്  = ജലമേള

തത് സത്, തിരുവനന്തപുരം 695010, 0471 2321299, 9447389369 tatsatpanicker@gmail.com