Tirurpuzha Progress Report

തിരൂർപുഴ സഹജീവനം

തിരുരിന്റെ ജീവനാഡിയായ തിരുർപുഴയുടെ പുനരുജ്ജീവനത്തിന്  നാട്ടുകാരെല്ലാം കൂടി ചേർന്നു പ്രവർത്തിക്കാൻ 2011 മാർച്ച്  മാസത്തിൽ തുടങ്ങിയ പ്രസ്ഥാനമാണ് തിരൂർപുഴ സഹജീവനം. സഹജീവനത്തിലും സ്വാശ്രയത്തിലും അധിഷ്ഠിതമായ സ്വരാജ്  സങ്കല്പമാണ്  ഇതിന്റെ അടിസ്ഥാനം. ഭേദ ചിന്തയില്ലതെ നാട്ടിലെ എല്ലാവരും പുഴക്കും നാടിനും വേണ്ടി അവരവരുടെ രീതിയിൽ പ്രവർത്തിക്കാനുള്ള വേദിയാണിത്.  കുളി, നീന്തൽ, യാത്ര മുതലായ  പുഴയുടെ സദുപയോഗങ്ങൾക്ക്  സ്വൗകര്യമുണ്ടാക്കുകയും, മലിനപ്പെടുത്തൽ, കൈയേറ്റം, ഒഴുക്കുതടയൽ മുതലായ ദുരുപയോഗങ്ങൾ  ഒഴിവാക്കുകയും ചെയ്യുന്നതാണ് പ്രവർത്തനശൈലി. അതിനു വേണ്ട സമീപന രീതിയും, ജീവിതശൈലികളും  ആധുനിക വിദ്യകളും പ്രചരിപ്പിക്കുന്ന പുരോഗമനോന്മുഖമായ പദ്ധതിയാണ് തിരൂർപുഴ സഹജീവന പദ്ധതി.

നാലുവർഷം മുൻപ് പന്ത്രണ്ടിന പരിപാടിയുമായി തുടങ്ങിയ ഈ പദ്ധതിക്ക് പുതിയ ആശയങ്ങളും കാലോചിതമായ മാറ്റങ്ങളും ഉൾക്കൊണ്ട്  മുന്നേറാൻ പറ്റിയ അവസരമാണ് നമുക്കിന്നുള്ളത്. ഇന്നാട്ടിലെ ചെറുപ്പക്കാർ ഇപ്പോൾ ചെയ്തകൊണ്ടിരിക്കുന്ന  കാര്യങ്ങൾ അനേകമാണ് :

1.  പുഴയുടെ ഉദ്ഭവസ്ഥാനം മുതൽ അഴിമുഖം വരെയുള്ള പുഴയോരങ്ങളിൽ 40 പുഴക്കൂട്ടങ്ങൾ തുടങ്ങിയിട്ടുണ്ട്.
2. പുഴയിൽ മാലിന്യം വരാതിരിക്കാനും, നൂറുകണക്കിന് കുട്ടികളെ നീന്തൽ പഠിപ്പിക്കാനും പുഴ വൃത്തിയാക്കാനും ഇവർ ചെയ്യുന്ന  സേവനങ്ങൾ നിസ്തുല്ല്യ മാണ്.
3.  മാലിന്യമൊഴിവാക്കിയുള്ള ജീവിതശൈലി, പ്രകൃതികൃഷി, പ്രകൃതിജീവനം, സൌരോർജം മുതലായവ വഴി പ്രയോഗത്തിൽ വരുത്താൻ ശ്രമിക്കുന്നു.
4.  ഉറവിടങ്ങളിൽത്തന്നെ  മാലിന്യമെന്നു വിഭവം സംസ്കരിച്ച്  പുനരുപയോഗിക്കാൻ വീടുകൾ, ഹോട്ടലുകൾ, ആശുപത്രികൾ, തിരൂർമാർക്കറ്റ് മുതലായ സ്ഥലങ്ങളിൽ പുതിയ സാങ്കേതിക വിദ്യകൾ പ്രചരിപ്പിക്കുന്നുണ്ട്.
5. മത്സ്യ സമൃദ്ധിക്കും പരിസ്ഥിതി സന്തുലനത്തിനും വേണ്ടി സ്കൂൾ വിദ്യാർഥികൾ കണ്ടൽക്കാടുകൾ നട്ടിട്ടുണ്ട്.
6. പഠനഗവേഷണങ്ങൾ പരിസരത്തുള്ള കോളേജുകളെ ഉൾപ്പെടുത്തി നടന്നിട്ടുള്ളതിൽ ഷട്ടറുകളുടെ ഗുണദോഷങ്ങൾ, ചോർച്ച, മീൻ ചത്തുപൊങ്ങുന്നതിനു തൊട്ടു മുൻപുള്ള ജലപരിശോധന, ഷട്ടറിലെ മീൻപിടുത്തം, മണൽവാരൽ എന്നിവയും ഉൾപ്പെടുന്നു.
7. പുഴയിൽ ഒഴുക്കു നിലനിർത്താൻ വേണ്ടി മഴവെള്ള സംഭരണം പ്രചരിപ്പിച്ചിട്ടുണ്ട് .
8. ഒഴുക്കു തടയുന്ന കൂട്ടായി ഷട്ടർ തുറന്നിടാൻ കർഷകരുമായും ഉദ്യോഗസ്ഥന്മാരുമായും ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.
9. ഈ സ്വാശ്രയ പ്രസ്ഥാനം തുടങ്ങിയതു തന്നെ ഗത്യന്തരമില്ലാതെ നാട്ടുകാർ 2011 മാർച്ച് 25 ന്  കൂട്ടായിഷട്ടർ സ്വയം തുറന്നുകൊണ്ടാണ് .
10. കാനാത്തുകടവിൽ തിരൂർ മാർക്കറ്റിലെ മാലിന്യം വന്നു വീണ് പൊറുതി മുട്ടിയപ്പോൾ മറ്റെല്ലാ ശ്രമങ്ങൾക്കും ശേഷം ഓട അടച്ചതും അവിടത്തെ പുഴക്കൂട്ടമാണ്.
11. തിരൂർ മാർക്കറ്റിലെ മാലിന്യസംസ്കരണപ്ലാന്റിനു  വേണ്ടി സമ്മർദം ചെലുത്തിയതും അത് പ്രവർത്തനക്ഷമമല്ലെന്ന്  ബോധ്യപ്പെടുത്തിയതും നാട്ടുകാരുടെ  നിദാന്ത പരിശ്രമത്തിലൂടെയാണ്.
12. പുഴയിൽ മാലിന്യമൊഴുക്കരുതെന്ന ഹരിതട്രിബ്യൂണലിന്റെ വിധി സമ്പാദിച്ച പരിശ്രമത്തിലും പുഴക്കൂട്ടം സഹായിച്ചിട്ടുണ്ട് .
13. ഏഴൂർ മുതൽ അഴിമുഖം വരെ 2011 സെപ്റ്റംബർ 11- ന് ജലയാത്ര നടത്തി സൃഷ്ടിച്ച അവബോധം നിലനില്ക്കുന്നത് ഇത്തരം പ്രവർത്തനങ്ങളിലൂടെയാണ്.
14. 2013 ആഗസ്റ്റു 15 ന്  തലക്കടത്തുർ മുതൽ ബോട്ട് ജെട്ടി  വരെ പുഴയിലിറങ്ങി പുഴ വൃത്തിയാക്കിയത് തലക്കടത്തൂർ പുഴക്കൂട്ടമയിരുന്നു. അടുത്ത വർഷവും അതു ചെയ്യാൻ ശ്രമിച്ചെങ്കിലും പുഴയിൽ പായലും, പോളയും നിറഞ്ഞിരുന്നതിനാൽ അത് സാധിച്ചില്ല.
15. JCB  കൊണ്ട് പുഴ വൃത്തിയാക്കൽ നടന്നപ്പോൾ പുഴക്കൂട്ടങ്ങൾ എടുത്ത താല്പ്പര്യവും പരിശോധനയും സാധാരണയിൽ നിന്ന് വ്യത്യസ്തമായ ഫലം ഉണ്ടാക്കിയിട്ടുണ്ട്. കാക്കടവിലെ പുഴക്കൂട്ടത്തിന് അതു ചെയ്യാൻ പറ്റാത്തതിന്റെ പോരായ്മ കാണാം .
16. പരമ്പാരാഗത കൃഷിരീതി, മത്സ്യ ബന്ധനം, മീൻവളർത്തൽ, കക്കാവാരൽ, ചകിരി പണി, വിനോദസഞ്ചാരം എന്നീ മേഖലകളിൽ വന്ന നാശവും പഠനത്തിനു വിഷയമായി.
17. കാട്ടാമ്പള്ളി, ചമ്രവട്ടം, തണ്ണീർമുക്കം മുതലായ ഷട്ടറുകളുമായി താരതമ്യ  പഠനം നടത്തി കൂട്ടയിയിലെ പ്രശ്നങ്ങൾ വിലയിരുത്തി.
18. പുഴയുടെ ഉദ്ഭവ സ്ഥാനമായ ആതവനാട്ടിലെ കുന്നുകളും മരങ്ങളും നശിപ്പിച്ചും, പുഴയിൽ പെരുവെള്ളം കയറുന്നിടത്ത്  ആശുപത്രി സ്ഥാപിച്ചും, പുഴയെ നശിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടു. അയ്യപ്പനോവു പുഴക്കുട്ടം  ഇടപെട്ടതിന് സഹായം എത്തിച്ചു
19. വായ മൂടിക്കെട്ടി സമരം, കണ്ണ്‍മൂടിക്കെട്ടി സമരം മുതലായ പ്രതീകാത്മകമായ പ്രതിഷേധങ്ങൾ നടത്തി,
20. അന്താരാഷ്ട്ര നദീദിനം ആയ മാർച്ച്‌ 14 മുതൽ ലോകജലദിനം ആയ മാർച്ച്‌ 22 വരെ യുള്ള ഒന്പത് ദിവസങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ചു. 2014-ൽ ഇതു ജലമൈത്രി യോഗം എന്ന പേരിൽ ഒരു സമഗ്ര സെമിനാർ ആയി അവസാനിപ്പിച്ചു. 2015 -ൽ    ഓരോ ദിവസവും അഴിമുഖം മുതൽ ആതവനാട് വരെയുള്ള പുഴക്കുട്ടങ്ങളിൽ വച്ച് വിവിധ വിഷയങ്ങലീൽ ചർച്ചകൾ നടന്നു. അടുത്ത കൊല്ലവും നവദിന പരിപാടി നമുക്ക് ആസൂത്രണം ചെയ്യാം. ലോകജലദിനത്തിന്റെ 2016 ലെ  ചർച്ചാ വിഷയം “തൊഴിൽ” പ്രശ്നം ആണ് . നമുക്കു  വേണ്ട വിഷയം!  സൗരോർജ മേഖലയിൽ  ആകട്ടെ നമ്മുടെ വഴി.

ഭാവിപരിപാടികൾ

www.sahajivanswaraj com
tatsatpanicker@gmail.com
9447389369

Leave a Reply

Your email address will not be published. Required fields are marked *