നാട്ടുകൂട്ടം വീഡിയോ യോഗം – 63
2021.10.2 ശനിയാഴ്ച
കുറിപ്പുകൾ
പങ്കെടുത്തവർ:
രാം കിരൺ, Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, ശ്രീ ബ്രഹ്മാനന്ദൻ, ശ്രീ ഓംകാർ ഗിരിജാശങ്കർ, Er കെ കെ കൃഷ്ണകുമാർ, ശ്രീ ഇ എം ജോർജ്, ശ്രീ വർഗ്ഗീസ് കണ്ണമ്പള്ളി, ശ്രീ ഭദ്രൻ ഭാസ്കരൻ, Prof സുനിൽകുമാർ എൻ, ശ്രീ വിക്രംജി, Dr. കെ ജി പത്മകുമാർ.
“സഹജീവൻ സ്വരാജ് സാധന” ആഗസ്റ്റ് 15-ാം തീയതി മുതൽ എന്നും 7 മണിക്ക് 7 മിനിറ്റ് നേരം തുടങ്ങിയതിന്റെ ലക്ഷ്യം വിശദീകരിച്ചു. ഈ സമയം എല്ലാവരും ഒരുമിച്ച് സാധന ചെയ്യുന്നു. സ്വന്തം കാര്യം സ്വയം ചെയ്യാൻ കഴിവ് വേണം എന്നുള്ള ഇച്ഛാശക്തി, ഇത് നടപ്പിലാക്കാൻ വേണ്ട കർമ്മകുശലത നേടൽ, അതിന് ദിവസവും കൈകൊണ്ട് എന്തെങ്കിലും ജോലി ചെയ്യണം എന്ന ആശയം, എല്ലാവർക്കും സ്വരാജ് പ്രാപ്തം ആക്കണം എന്നുള്ള ബോധം, അതിനു വേണ്ടി എല്ലാവരെയും സഹായിക്കാനും പങ്കിട്ട് ജീവിക്കാനുമുള്ള സന്നദ്ധത ഇവയെല്ലാമാണ്, സ്വരാജ് സാധനയിൽ ഉറപ്പിക്കുന്നത്.
മനഃപരിവർത്തനം ഉണ്ടായാലേ പുനരുജ്ജീവനം സാധ്യമാവുകയുള്ളൂ അതിനുവേണ്ടിയാണ് പരിപാടി തുടങ്ങിയത്. മൂന്നു ഭാഗങ്ങൾ ഉണ്ട്. ശാരീരിക ശ്രമം, ശ്വസനക്രിയ, മാനുഷിക ധ്യാനം. അവരവർക്ക് യുക്തമായ രീതിയിൽ ഇത് മൂന്നും കൂടി 7 മിനിറ്റ് സമയം ചെയ്യുന്നതാണ് സഹജീവൻ സ്വരാജ് സാധന. ഈ സാധനയുടെ പ്രത്യേകത ലോകത്ത് എല്ലാവരും ഒരുമിച്ച് ഒരേ സമയത്ത് ചെയ്യുക എന്നതാണ് എന്ന് Dr N N പണിക്കർ സാർ വിശദീകരിക്കുകയുണ്ടായി. Er. കൃഷ്ണകുമാർ ഇതു പതിവായി സ്വയം ചെയ്യുന്ന രീതി സൂചിപ്പിച്ചു.
ഇന്ന് ലോകം മുഴുവൻ ഗാന്ധി ജയന്തിയോടനുബന്ധിച്ച് നമുക്ക് പലർക്കും പങ്കുള്ള ഗംഭീര പരിപാടികളായിരുന്നു. ഇന്ന് അന്താരാഷ്ട്ര അഹിംസാ ദിനവുമാണ്.
ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് പലസ്ഥലങ്ങളിലും നടന്ന പരിപാടികളെക്കുറിച്ച് ഒരു റിപ്പോർട്ട് ഓരോരുത്തരും പറഞ്ഞു.
രാവിലെ നടന്ന ചിരിയോഗയെ പറ്റി Dr എൻ എൻ പണിക്കർ സാർ പറഞ്ഞു. ഗാന്ധിജയന്തി ആഘോഷിച്ചത് ആഹ്ലാദത്തിലൂടെ, വിപഞ്ചികയിൽ നടന്നു.
ചർച്ചയിലൂടെ ആയിരുന്നു എടത്വയിലെ ആചരണം. ഇന്ത്യയുടെ പ്രാദേശിക വികസനത്തിനു പോലും വേണ്ടി ഇറങ്ങിയ ഒരു വ്യക്തിയാണ് ഗാന്ധിജി എന്ന് ശ്രീ കണ്ണമ്പള്ളി സാർ വിശദീകരിച്ചു. കുട്ടനാട് പാക്കേജിന്റെ കാര്യം ചർച്ചയിൽ കൊണ്ടുവന്നു. രണ്ടാം കുട്ടനാട് പാക്കേജിൽ പറയുന്ന പോസ്റ്റ് ഫ്ലഡ് കുട്ടനാട് ആണ് വെള്ളപ്പൊക്ക ഭീഷണിയിൽ. ഫ്ലഡിനെ നിയന്ത്രിക്കാനുള്ള യാതൊരു നീക്കങ്ങളും അവിടെ നടക്കുന്നില്ല. ഭരണകക്ഷിയിലും പ്രതിപക്ഷത്തും ഉള്ള ഏതാണ്ട് എല്ലാ രാഷ്ട്രീയകക്ഷികളുടെയും പ്രതിനിധികൾ ഇന്ന് യോഗത്തിൽ പങ്കെടുത്തു. അതിനുപരിയായി കുട്ടനാടിന്റെ വിവിധ മേഖലയിലുള്ളവരും എഞ്ചിനീയറും പങ്കെടുത്തു. പ്രധാനമായിട്ട് മൂന്ന് കാര്യങ്ങൾ ആണ് പറയുന്നത്.
1. ഒരു കേന്ദ്രീകൃത വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനം ഉണ്ടാക്കണം. അതിൻെറ ആശയം വ്യക്തമാക്കുന്ന ലേഖനങ്ങളും നിവേദനങ്ങളും മന്ത്രിമാർക്കും എല്ലാ രാഷ്ട്രീയ കക്ഷികൾക്കും കൊടുക്കാൻ തീരുമാനമായി.
2. കുട്ടനാട്ടിലെ നിർമ്മിതികൾക്ക് ഒരു പെരുമാറ്റച്ചട്ടം ഉണ്ടാക്കണം. പുളിങ്കുന്ന് എൻജിനീയറിങ് കോളേജുമായും കൂടുതൽ എൻ ജി ഒ മാരുമായും മറ്റും സഹകരിച്ച്. കുട്ടനാട്ടിലെ വീടുകളുടെ നിർമ്മിതി, വീടുകൾ, സ്ഥാപനങ്ങൾ, റോഡുകൾ, പാലങ്ങൾ. എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് ഒരു പെരുമാറ്റച്ചട്ടം ഉണ്ടാക്കണം. അത് ഗവൺമെന്റിന് സാധിക്കുന്നതിനേക്കാൾ കൂടുതൽ കുട്ടനാടുമായി ബന്ധപ്പെട്ട എഞ്ചിനീയറിങ് സ്ഥാപനങ്ങളും ഇവിടെ തന്നെയുള്ള എഞ്ചിനീയർമാരും സാമൂഹ്യ പ്രവർത്തകരും എല്ലാവരും കൂടെ കൂടി ഒരു മീറ്റിങ് നടത്തി അതുകഴിഞ്ഞ് ഗവേഷണം നടത്തിയാൽ ഇവിടുത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പറ്റും.
കുട്ടനാടിന്റെ ജലശുദ്ധി എങ്ങനെ നമുക്ക് വീണ്ടെടുക്കാം. അഞ്ച് നദികളിൽ നിന്ന് വരുന്ന വെള്ളം അതിൻെറ ഉത്ഭവസ്ഥാനം മുതൽ പതനസ്ഥാനം വരെ വഴിയിൽ ഉണ്ടാകുന്ന മാലിന്യം ഉണ്ടാകുന്നത് മാറ്റണം. കുട്ടനാട്ടുകാരുടെ ശീലങ്ങളും മാറ്റണം.
3. തോട്ടപ്പള്ളിയിലെ സത്യാഗ്രഹ സമരത്തിലൂടെയാണ് ഗാന്ധി ജയന്തി അവിടെ ആഘോഷിച്ചത്. അതിനെക്കുറിച്ച് ശ്രീ ഭദ്രൻ ഭാസ്കരൻ സംസാരിച്ചു. തോട്ടപ്പള്ളി കരിമണൽ ഖനനത്തിനെതിരെ സത്യാഗ്രഹം 2-ാം തിയതി ആകുമ്പോൾ 115 ദിവസമാകുന്നു. പ്രകടനം നടത്തിയ കെ. സജീവനെ കാണാതെ ആയിട്ട് 3 ദിവസങ്ങൾ കഴിഞ്ഞു എന്നിട്ടും പോലീസിന്റെ പക്കൽ നിന്നും പുരോഗമനം ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഗാന്ധിജയന്തി ദിനത്തിൽ പോലും ഇവിടെ വാഹനങ്ങൾ പ്രവർത്തിക്കുകയും ലോറിയിൽ മണൽ കടത്തുകയും ചെയ്യുന്നു.
4. ഗ്രാമങ്ങളുടെ അവകാശ പ്രഖ്യാപനത്തിലൂടെ ഗാന്ധി ജയന്തി ആഘോഷിച്ചു. ശാന്തിഗ്രാം അതിനായി പ്രവർത്തിച്ചു. അയൽ സഭകളും ഗ്രാമകേന്ദ്രങ്ങളും ജനങ്ങളുടെ അവകാശവും സംവാദവും ആണ് നടക്കുന്നത് എന്ന് ശ്രീ രാം കിരൺ പറഞ്ഞു.
5. ഉപവാസം, സർവ്വമത പ്രാർത്ഥന, അഹിംസാ സമ്മേളനം, സർവ്വ ധർമ്മ സമാഭാവന യാത്ര എറണാകുളത്ത് നടന്നു. ഇതിന് നേതൃത്വം നൽകിയത് Dr. ജേക്കബ് വടക്കാഞ്ചേരി.
6. ആഴ്ചകൂട്ടം പി എൻ പണിക്കർ ഫൗണ്ടേഷൻ ഭാഗമായി. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിലൂടെ ഗാന്ധിജയന്തി ആഘോഷിച്ചു. ശ്രീ ബാലഗോപാൽ ആണ് നേതൃത്വം നൽകിയത്.
കരിമണൽ ഖനനത്തെക്കുറിച്ച് Dr കെ ജി പത്മകുമാർ സംസാരിച്ചു. നമ്മുടെ എല്ലാ വേദികളിലും ഇതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. കോടതിയിൽ ഇതിനെപ്പറ്റി കേസ് ആരംഭിച്ചിട്ട് ഒരു വർഷത്തിൽ അധികമായി. കോടതിയിൽ നിന്ന് പോലും ഇതിന് അനുകൂലമായി ഒരു നിലപാടും നമുക്ക് കിട്ടുന്നില്ല. ഇൻറർനാഷണൽ മാഫിയാ സംഘങ്ങൾ ഇതിന് പിന്നിലുണ്ട്. എന്തു ചെയ്യണമെങ്കിലും ഇതിന് ഒരു പുതിയ സ്റ്റഡി നടന്നതിനു ശേഷം മാത്രമേ മറ്റു പരിപാടികൾ നടത്താവു എന്ന് പറയണം. ഇതെല്ലാം കോടതിയിൽ പറഞ്ഞിട്ടുണ്ട് എന്നിട്ടും ഒരു ഫലപ്രാപ്തി ഇല്ല.
മണൽ പലതരത്തിലും ക്ലീൻ ചെയ്ത് എടുക്കുന്നുണ്ട്. അതിൽ ഏറ്റവും അപകടം പിടിച്ചത് ” sea washing” ആണെന്നാണ് പറയുന്നത്. അതാണ് ഇപ്പോൾ തോട്ടപ്പള്ളിയിൽ നടന്നുകൊണ്ടിരിക്കുന്നത്. മണൽ എടുക്കുമ്പോൾ വേനൽക്കാലത്ത് പോലും പൊഴി അടയുകയില്ല. കുട്ടനാട്ടിലെ കൃഷി പൂർണമായി നശിക്കുന്ന ഒരു സാഹചര്യമാണ് വരുന്നത്.
ഇവിടെയുള്ള മണ്ണ് മറ്റൊരു സ്ഥലത്ത് കൊണ്ടുപോകേണ്ടതല്ല. യഥാ സ്ഥലത്ത് കിടന്നില്ല എങ്കിൽ കടലാക്രമണം കൂടും. ഇത് കുട്ടനാടിന്റെ നിലനിൽപ്പിനെ ബാധിക്കും എന്ന് Dr എൻ എൻ പണിക്കർ പറഞ്ഞു.
നാട്ടുകൂട്ടം മുന്നോട്ടുവയ്ക്കുന്ന ഒരു അവകാശ പ്രഖ്യാപനം നമുക്ക് മുന്നോട്ട് കൊണ്ടുവന്നുകൂടെ എന്ന് Prof സുനിൽകുമാർ ചോദിക്കുകയുണ്ടായി. അടുത്ത മീറ്റിങ്ങിന് മുമ്പായി തയ്യാറാക്കാം എന്ന് തീരുമാനിച്ചു. അതിനകത്ത് കുട്ടനാടിനെ അറിയുക എന്നതാണ് കുട്ടനാട്ടുകാരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം. കുടിവെള്ളത്തിന് എന്ത് ഗുണമാണ് ഉള്ളതെന്ന് അറിയാൻ നമുക്ക് അവകാശമുണ്ട്. നമ്മൾ താമസിക്കുന്ന സ്ഥലം ഏത് ഏതുതരത്തിൽ ഉള്ളതാണ് എന്ന് അറിയാൻ നമുക്ക് അവകാശമുണ്ട്. നമ്മൾ കഴിക്കുന്ന ഭക്ഷണം അതിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്ന് നമുക്ക് അറിയാൻ അവകാശമുണ്ട്. നമ്മൾ ചെയ്യുന്ന കൃഷിയിൽ ഉപയോഗിക്കുന്നത് (ദോഷം ആയിട്ടുള്ള എന്തെങ്കിലും അതിൽ ഉണ്ടോ എന്ന്), അത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് കൃത്യമായിട്ട് നമുക്ക് അറിയാൻ അവകാശമുണ്ട്.
ഇതിനൊക്കെ ഇടപെടാൻ ആയിട്ട് ഓരോ കുട്ടനാട്ടുകാരനും സാധിക്കണം എന്ന രീതിയിലുള്ള അവകാശപ്രഖ്യാപനം ആണ് നമുക്ക് വേണ്ടത്. കുട്ടനാട്ടുകാർക്ക് പ്രധാനമായി വേണ്ടത് ആരോഗ്യമാണ് ഇതിൽ കുടിവെള്ളം, ആഹാരം, വ്യായാമം ഇതിനെ എല്ലാത്തിനെയും ആശ്രയിച്ചിരിക്കും. നിർമ്മാണം രണ്ടാമത് വരുന്ന കാര്യമാണ്. നാട്ടുകൂട്ടത്തിന്റെ ഒരു അവകാശ പ്രഖ്യാപനം ആയി മാറട്ടെ.
പരിഹാര നിർദ്ദേശം Prof സുനിൽകുമാർ നൽകി. ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ കിട്ടുന്ന വിവരങ്ങളും കൂടാതെ നമുക്ക് ചെറിയ കനാലുകളും മറ്റ് തോടുകളും ഉണ്ട്. ഇതിൻെറ വിശദമായ ഹൈഡ്രോളജി സർവ്വേ ആണ് പരിഹാരമായി പറഞ്ഞത്. അവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ട് പല തവണയായിട്ട് നടക്കേണ്ട കാര്യമാണ്. കുട്ടനാട്ടിനെ അറിയുക എന്നുദ്ദേശിച്ചത് നമ്മുടെ ശീലങ്ങളിൽ ഉണ്ടാകേണ്ട ചില മാറ്റങ്ങളെ മുന്നിൽ കണ്ടുകൊണ്ടാണ്. നമുക്ക് ഏറ്റവും വലിയ പ്രശ്നം ശുദ്ധജലത്തിന്റെ ദൗർലഭ്യമാണ്. മുൻപ് നദികളെല്ലാം ശുദ്ധജല സ്രോതസ്സുകൾ ആയിരുന്നു ഇപ്പോൾ അങ്ങനെയല്ല. ഇപ്പോൾ അങ്ങനെ ആയത് എങ്ങനെയാണെന്ന് നമുക്കറിയാം. ഇതിനകത്ത് ഒഴുകിവരുന്ന മാലിന്യങ്ങൾ, ടൗണുകളിൽ നിന്നും തള്ളുന്ന മാലിന്യങ്ങൾ, ഹൗസ് ബോട്ടിന്റെ മാലിന്യങ്ങൾ, ജനങ്ങൾ തന്നെ തള്ളുന്ന മാലിന്യങ്ങൾ ഉണ്ട്. എന്ത് മാലിന്യം ഉണ്ടെങ്കിലും ആറ്റിലോട്ട് എറിയുക എന്ന ശീലം നമുക്കുണ്ട്.
ഒരു കാലത്ത് ആലപ്പുഴയിൽ എല്ലാവരും എന്ത് കിട്ടിയാലും റോഡിലേക്ക് എറിയുക എന്നുള്ള പ്രവണത ഉണ്ടായിരുന്നു ഇപ്പോൾ അത് മാറി. അത് സാധിച്ചത് കുട്ടികളിലുടെയാണ് അതാണ് ഒരു പ്രധാനപ്പെട്ട കാര്യം. മുൻസിപ്പാലിറ്റി മുൻകൈ എടുത്തെങ്കിലും. സ്കൂളിലും മറ്റു വിദ്യാലയങ്ങളിലും പഠിക്കുന്ന കുട്ടികളിലൂടെ ഈ സന്ദേശം വീടുകളിലെക്ക് എത്തിച്ചു. കുട്ടികൾ പറഞ്ഞുകൊടുത്ത് വീട്ടുകാരെ ആകാര്യം ബോധ്യപ്പെടുത്തി. വളരെ വിജയിച്ചതിൻെറ ഫലമായിട്ട് ENIP യുടെ ഇന്ത്യയിലെ ശുചിത്വ നഗരങ്ങളിലെ പ്രധാനപ്പെട്ട രണ്ടു നഗരങ്ങളിൽ ഒന്നായി രണ്ടുവർഷം മുൻപ് ആലപ്പുഴ തെരഞ്ഞെടുക്കപ്പെട്ടു. ശുചിത്വത്തിന്റെ കാര്യത്തിൽ ജനങ്ങൾക്ക് ബോധവൽക്കരണം നൽകിയത് കൊണ്ട് മാത്രം പരിഹാരം ആയില്ല. കുട്ടനാടിന് യോജിച്ച രീതിയിലുള്ള മാലിന്യനിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള മാർഗ്ഗങ്ങൾ ജനങ്ങൾക്ക് പറഞ്ഞു കൊടുക്കേണ്ടത് അത്യാവശ്യമാണ്.
പാടങ്ങളിൽ നിന്ന് പുറത്തേക്ക് പമ്പ് ചെയ്യുന്ന വെള്ളത്തിൽ അവിടത്തെ കീടനാശിനികൾ അടങ്ങിയിരിക്കുന്നത് കൊണ്ടാണ് ധാരാളം പായലുകൾ വളരുന്നത്. അത് കുറയ്ക്കാൻ വിഷത്തിൻറ അളവ് കുറയ്ക്കാനുള്ള മാർഗ്ഗം ആലോചിക്കുന്നുണ്ട്. അത് ഒരു സെമിട്രീറ്റ്മെന്റിനു ശേഷം പുറം തള്ളിയാൽ എന്ത് എന്നതിനെക്കുറിച്ച് ആലോചന മനസ്സിൽ ഉണ്ട്.
കുട്ടനാടിന്റെ അവകാശങ്ങൾ മൂന്ന് കാര്യങ്ങളാണ് ഉള്ളത്. അതിനെക്കുറിച്ച് Er. കെ കെ കൃഷ്ണകുമാർ പറഞ്ഞത്.
1. വെള്ളപ്പൊക്ക നിവാരണം
2. Environmental Protection
3. കുടിവെള്ളത്തിനുള്ള സ്രോതസ്സ്
ഇതിൽ ജലഗതാഗതത്തിന്റെ സാധ്യതയും കൂടെ നമ്മുടെ ആവശ്യത്തിൽ കൊണ്ടുവരണം എന്ന അഭിപ്രായം പറഞ്ഞു.
കാരണം ഇതിന് നല്ലൊരു കേസ് സ്റ്റഡി ഉണ്ട്. നമാമി ഗംഗേ പ്രോജക്ട് പൊല്യൂഷൻ കൺട്രോൾ ആയിട്ട് തുടങ്ങിയെങ്കിലും ഇന്ന് നാഷണൽ വാട്ടർ വേ നമ്പർ വൺ എന്നുപറഞ്ഞ് കൽക്കട്ട മുതൽ വാരണാസി വരെ മൂന്നു മീറ്റർ ഡ്രാഫ്റ്റിൽ ആയിട്ടുണ്ട്. തൃശ്ശൂരിലുള്ള കോട്ടപ്പുറം മുതൽ കൊല്ലത്തുള്ള അഷ്ടമുടി വരെ 20 ടൺ Carrying Capacity ഉള്ള Floating Vessels വളരെ എളുപ്പത്തിൽ പോകാനുള്ളത് അധികം ഡ്രജിങ്ങ് ഒന്നും ചെയ്യാതെ പോകും എന്നാണ് ഹൈഡ്രോളജിക് സ്റ്റഡി പറയുന്നത്.
അവകാശ പ്രഖ്യാപനത്തിൽ 2 പോയിന്റ് കൂടി ഉൾപ്പെടുത്താൻ പരിഗണിക്കണമെന്ന് ശ്രീ ഇ എം ജോർജ് പറഞ്ഞു.
1. കെട്ടിട നിർമ്മാണത്തിനുള്ള ഒരു norm കുട്ടനാട്ടിനായിട്ട് നടപ്പാക്കാനുള്ള നടപടികൾ എടുക്കണം. ഇത് എൻവിയോൺമെന്റ് ബന്ധപ്പെട്ട് ഉള്ള പ്രശ്നങ്ങൾ വഷളാകാതെ ഇരിക്കാനും സോൾവ് ചെയ്യാനും ഉള്ള തരത്തിലുള്ള കെട്ടിട നിർമ്മാണങ്ങൾ നിയമപരമായിട്ട് നിർബന്ധമാക്കണം.
2. ഉത്തരേന്ത്യയിലെ ജയ്പൂർ ഉള്ള “പിങ്ക് സിറ്റി” എന്ന പേര് അവിടുത്തെ പ്രത്യേകത കൊണ്ട് തന്നെ ലോക പ്രശസ്തമാണ്. ഞാൻ നിർദ്ദേശിക്കുന്നത് കുട്ടനാടിനെ ലോകശ്രദ്ധ കുറച്ചു കൂടി ആകർഷിക്കാൻ കുട്ടനാട് പ്രദേശത്തുള്ള വീടുകൾക്ക് എല്ലാം ഒരു പോലെ നിറം വന്നാൽ കുട്ടനാട് കൂടുതൽ ലോകശ്രദ്ധയിൽ വരുകയും കുട്ടനാടിന്റെ പ്രശ്നങ്ങൾ ലോകത്തിൻെറ മുൻപിൽ അവതരിപ്പിക്കാൻ കുറച്ചുകൂടെ എളുപ്പം ആവുകയും ചെയ്യും എന്ന് തോന്നുന്നു.
കുട്ടനാട് പാടശേഖരങ്ങളുടെ ബണ്ടിന്റെ ആകെ നീളം 1000 കിലോമീറ്ററിൽ കൂടുതൽ വരും. മൊത്തത്തിൽ കല്ലു കെട്ടാൻ ഇരുന്നാൽ എത്രമാത്രം ഭാരമാണ് നമ്മുടെ ഭൂമിക്ക് വരുന്നത്. പശ്ചിമഘട്ടത്തിൽ എത്രമാത്രം ക്ഷതമാണ് നമ്മൾ ഏൽപ്പിക്കുന്നത്, എന്ന് Prof സുനിൽകുമാർ പറഞ്ഞു. ജോർജ് സാർ പറഞ്ഞതു പോലെ നിർമ്മാണ പ്രക്രിയയ്ക്ക് നമുക്ക് ഒരു പെരുമാറ്റച്ചട്ടം കൊണ്ടുവരേണ്ടതുണ്ട്. പക്ഷേ നിർമ്മാണത്തെക്കാൾ നമുക്ക് മുഖ്യം പരിസ്ഥിതിയുമായി ബന്ധപ്പെട്ടതും നമ്മുടെ സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ടതുമായിട്ടുളള വിഷയമാണ്.
നമ്മുടെ പ്രോഡക്ട് എല്ലാം നമുക്ക് കമ്പോള വൽക്കരിക്കാൻ സാധിക്കണം. കുട്ടനാട് ജീവിതം മുന്നോട്ടു പോകുന്നത് കൃഷിയിലൂടെയാണ്. ഇപ്പൊൾ വിനോദസഞ്ചാരവും ഉണ്ട്. നമുക്ക് വേസ്റ്റ് പോലും ഉപയോഗപ്രദമായ രീതിയിൽ മാറ്റാം. ഉദാ: കുളവാഴ ഉപയോഗിച്ച് ബയോഗ്യാസ് ഉണ്ടാക്കാൻ സാധിക്കും. ഇതുപോലുള്ള എല്ലാം കുട്ടനാട് ബ്രാൻഡ് ആക്കി മാറ്റാം.
മണപ്പള്ളി പാടത്തിന്റെ പ്രശ്നങ്ങളെക്കുറിച്ചും പുരോഗതിയെക്കുറിച്ചും ചർച്ച ചെയ്തു. ആ സ്ഥലത്ത് ദൂരെ നിന്ന് ഒരുപാട് കല്ലുകൾകൊണ്ട് ഇടുന്നുണ്ട്. കൽ കെട്ടുകൾ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. അവർ പറഞ്ഞത് താഴെ വീണു കിടക്കുന്ന കല്ലുകൾ എടുത്ത് അത് ഉപയോഗിക്കും എന്ന് പറഞ്ഞിട്ടുണ്ട്. തെക്കേ മണപ്പള്ളി പാടത്ത് വെള്ളം പമ്പ് ചെയ്ത് കളയുന്നത് നടക്കുന്നുണ്ട്. മഴപെയ്താൽ വെള്ളം കയറുന്ന സാഹചര്യം മാറിയിട്ടുണ്ട്. ഇവിടെ കൃഷി ഇറക്കാനുള്ള ഏർപ്പാടുകൾ നടക്കുന്നുണ്ട്. പക്ഷേ ഒരു പ്രശ്നം ഉണ്ടായത് അവിടെയുള്ള പോളയുടെ പുറത്ത് വിഷം അടിച്ച് കരിച്ചാണ് കളയുന്നത്. അതിൻെറ ഒരു ദോഷം ഇവിടെയുണ്ട്. മദ്യപാനത്തിന്റെ പ്രശ്നം കൊണ്ട് കൃഷി ചെയ്യുന്ന രീതി ഒന്നും ശരിയാകുന്നില്ല എന്ന് പറയപ്പെടുന്നു.
മറ്റു വിഷയങ്ങൾ അടുത്ത ശനിയാഴ്ച 7.30ന് കൂടുമ്പോൾ ചർച്ചചെയ്യാം എന്ന് പറഞ്ഞ് 9.00 ന് യോഗം പിരിഞ്ഞു.
സസ്നേഹം,
രാം കിരൺ