നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 65, 2021. ഒക്ടോബർ. 16 ശനി

Spread the love

നാട്ടുകൂട്ടം വീഡിയോ യോഗം – 65
2021.10.16 ശനിയാഴ്ച

കുറിപ്പുകൾ
🍁🍁🏵️💐💐🌹💐💐🏵️🍁🍁🏵️💐💐🌹💐💐🏵️🍁🍁🏵️💐💐🌹💐💐🏵️🍁🍁

പങ്കെടുത്തവർ:
രാം കിരൺ, Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, Prof സുനിൽകുമാർ എൻ, ശ്രീ ഓംകാർ ഗിരിജാശങ്കർ, ശ്രീ ബ്രഹ്മാനന്ദൻ കെ, ശ്രീ ആന്റെണി എം വി, ശ്രീ സുരേഷ്കുമാർ എസ്, ശ്രീ വർഗ്ഗീസ് കണ്ണമ്പള്ളി, Dr. കെ ജി പത്മകുമാർ.

💧💧💧💧💦💦💦💧💧💧💧💦💦💦💧💧💧💧💦💦💦💧💧💧💧💦💦💦💧💧💧💧

മൗന പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു.

“സഹജീവൻ സ്വരാജ് സാധന” അനുഭവം പങ്കുവെച്ചു. ആഗസ്റ്റ് 15-ാം തീയതി മുതൽ എന്നും 7 മണിക്ക് 7 മിനിറ്റ് നേരം തുടങ്ങിയതിന്റെ ലക്ഷ്യം വിശദീകരിച്ചു. ഈ സമയം എല്ലാവരും ഒരുമിച്ച് സാധന ചെയ്യുന്നു. സ്വന്തം കാര്യം സ്വയം ചെയ്യാൻ കഴിവ് വേണം എന്നുള്ള ഇച്ഛാശക്തി, ഇത് നടപ്പിലാക്കാൻ വേണ്ട കർമ്മകുശലത നേടൽ, അതിന് ദിവസവും കൈകൊണ്ട് എന്തെങ്കിലും ജോലി ചെയ്യണം എന്ന ആശയം, എല്ലാവർക്കും സ്വരാജ് പ്രാപ്തം ആക്കണം എന്നുള്ള ബോധം, അതിനു വേണ്ടി എല്ലാവരെയും സഹായിക്കാനും പങ്കിട്ട് ജീവിക്കാനുമുള്ള സന്നദ്ധത ഇവയെല്ലാമാണ്, സ്വരാജ് സാധനയിൽ ഉറപ്പിക്കുന്നത്.
മനഃപരിവർത്തനം ഉണ്ടായാലേ പുനരുജ്ജീവനം സാധ്യമാവുകയുള്ളൂ അതിനുവേണ്ടിയാണ് പരിപാടി തുടങ്ങിയത്. മൂന്നു ഭാഗങ്ങൾ ഉണ്ട്. ശാരീരിക ശ്രമം, ശ്വസനക്രിയ, മാനുഷിക ധ്യാനം. അവരവർക്ക് യുക്തമായ രീതിയിൽ ഇത് മൂന്നും കൂടി 7 മിനിറ്റ് സമയം ചെയ്യുന്നതാണ് സഹജീവൻ സ്വരാജ് സാധന. ഈ സാധനയുടെ പ്രത്യേകത ലോകത്ത് എല്ലാവരും ഒരുമിച്ച് ഒരേ സമയത്ത് ചെയ്യുക എന്നതാണ് എന്ന് Dr N N പണിക്കർ സാർ വിശദീകരിക്കുകയുണ്ടായി.

ഇന്ന് ലോകഭക്ഷ്യ ദിനം. നാളെ ദാരിദ്ര്യ നിർമ്മാർജ്ജന ദിനം. ലോകം മുഴുവൻ നോക്കുകയാണെങ്കിൽ, ഏഴിൽ ഒരാൾ ഭക്ഷണം കിട്ടാതെകിടക്കുന്നവരാണ്.

സിനിമാനടനും കുട്ടനാട്ടുകാരനുമായ ശ്രീ നെടുമുടി വേണുവിനെ Dr. എൻ എൻ പണിക്കർ. അനുസ്മരിച്ച് സംസാരിച്ചു. അദ്ദേഹത്തെ കാണാൻ പറ്റിയിട്ടുണ്ട് എന്ന് Prof സുനിൽകുമാർ പറഞ്ഞു. അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിക്കുകയും ചെയ്തു.

വിദ്യാരംഭത്തെക്കുറിച്ച്, പുതിയ ആരംഭത്തിന്, നമുക്ക് പ്രസക്തിയുണ്ട്. പുതിയ നല്ലൊരു തുടക്കത്തിനായി നമുക്ക് കൈകോർക്കാം. മറ്റുള്ളവരുമായി കൂടുതൽ സഹകരിച്ച് കൂട്ടത്തിൽ പങ്കെടുപ്പിക്കുക. സമഗ്രമായ ഒരു മാറ്റത്തിനു വേണ്ടിയാണ് നമ്മൾ ശ്രമിക്കുന്നത് എന്ന് Dr എൻ എൻ പണിക്കർ പറഞ്ഞു.

നാട്ടുകാർക്ക് തീർച്ചയായിട്ടും അറിയാനുള്ള അവകാശങ്ങളുണ്ട്, അവർക്ക് സുഖമായി ജീവിക്കാനുള്ള അവകാശങ്ങൾ ഉണ്ട്, അതുമാത്രമല്ല ആ ഒരു ആവാസവ്യവസ്ഥയ്ക്ക് അതിൻെറതായ അവകാശങ്ങൾ ഉണ്ട്. നദികൾക്ക് ഒഴുകാനുള്ള അവകാശങ്ങൾ ഉള്ളതുപോലെ ആവാസവ്യവസ്ഥയ്ക്കും നിലനിൽക്കാൻ അവകാശം ഉണ്ട്. അതിനെ ഇല്ലാതാക്കാൻ ആർക്കും അവകാശമില്ല. കഴിവില്ലാത്തവരെ സംരക്ഷിക്കാൻ ചുമതലയുണ്ട്. അതുകൊണ്ടാണ് നമ്മൾ പാവങ്ങൾക്ക് വേണ്ടിയിട്ടുള്ള അവകാശങ്ങൾക്ക് ശബ്ദം ഉയർത്തണം, നീതിക്കുവേണ്ടി പോരാടണം എന്ന് പറയുന്നത്. മാത്രമല്ല ആവാസവ്യവസ്ഥ എന്ന് പറയുമ്പോൾ അതിനെ നിലനിൽക്കാൻ അനുവദിക്കുമ്പോൾ നമ്മുടെ നിലനിൽപ്പിനും കൂടി അത് പ്രയോജനപ്പെടും. ആവാസവ്യവസ്ഥയ്ക്ക് അവകാശമുള്ളത് കോടതികൾ ഇപ്പോൾ വിധിച്ചു തുടങ്ങിക്കഴിഞ്ഞു എന്ന് Prof. സുനിൽകുമാർ പറഞ്ഞു. പ്രകൃതിക്കാണ് വാസ്തവത്തിൽ അവകാശമുള്ളത്. പക്ഷേ മനുഷ്യൻ ഭൂമിയുടെ മിക്കവാറും ഭാഗങ്ങൾ കൈയ്യടക്കി വെച്ചിരിക്കുന്നു അതുകൊണ്ടാണ് ഈ സന്തുലനത്തിന് മാറ്റം വരുന്നത്. അപ്പോൾ പ്രകൃതിയുടെ പല അവകാശങ്ങളും കയ്യടക്കി വച്ചിരിക്കുന്നു എന്നാണ് പറയേണ്ടത്. അത് കുറച്ചൊക്കെ പ്രകൃതിക്ക് കൊടുത്തില്ലെങ്കിൽ നമുക്ക് ദുരിതങ്ങളായി മാറാൻ സാധ്യതയുണ്ട്. മരങ്ങൾ വെട്ടി മാറ്റിയതും വെള്ളം ഒഴുകാനുള്ള വഴികൾ അടച്ചു വെച്ചിരിക്കുന്നതും കൊണ്ടാണ് ഉരുൾപൊട്ടൽ ഉണ്ടാകുന്നത്. ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയമായി പ്രശ്നങ്ങളെ സമീപിക്കുക. നാട്ടുകൂട്ടത്തിന്റെ ലക്ഷ്യവും ഇതുതന്നെയാണ്. നന്നായി കാര്യങ്ങളെപ്പറ്റി അറിഞ്ഞു പഠിച്ച് ശാസ്ത്രീയമായി അവതരിപ്പിക്കണം. അതായിരിക്കട്ടെ നാട്ടുകൂട്ടത്തിന്റെ ലക്ഷ്യം.

അവകാശ പ്രഖ്യാപനത്തിന്റെ പണികൾ നടന്നുകൊണ്ടിരിക്കുന്നു. ഇതിൽ കൂട്ടിച്ചേർക്കാനുള്ള നിർദ്ദേശങ്ങൾ എല്ലാവർക്കും പറയാം. തോട്ടപ്പള്ളിയിലെ പ്രവർത്തനങ്ങൾക്ക് സഹായമായ കാര്യങ്ങൾ ശാസ്ത്രീയമായ പഠനം നടത്തണം, എന്ന് Dr എൻ എൻ പണിക്കർ പറഞ്ഞു. എവിടെയാണ് മണ്ണ് പോകുന്നത്, ഏത് വീടുകളും പറമ്പുകളുമാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്, മണ്ണ് എവിടെ ചെന്നാൽ കടലാക്രമണം ഉണ്ടാവുകയില്ല എന്നുള്ള കാര്യങ്ങൾ പഠിക്കണം. എല്ലാം കൂടി ഉൾപ്പെടുത്തുമ്പോൾ പ്രവർത്തനങ്ങൾക്ക് എല്ലാത്തിനും ഒരു കെട്ടുറപ്പ് ഉണ്ടാകും.

ഇളവുംപാക്കച്ചിറ തോട് വെള്ളപ്പൊക്കം ഉണ്ടാകാതിരിക്കാൻ JCB ഒക്കെക്കൊണ്ട് മണ്ണും ചെളിയും വാരി ഭംഗിയായിട്ട് ഇരുന്നതാണ്. അവിടെ ഒരു പാലം ഉണ്ടായിരുന്നു. പാലത്തിനു പകരം മുട്ടിട്ട് അതുവഴി യാത്ര ചെയ്യുന്നു. തോട് അടച്ചു. ആറ്റിലേക്കു തോട്ടിൽ നിന്ന് ഉണ്ടായിരുന്ന ഒഴുക്ക് നഷ്ടപ്പെട്ടു. പരിഹാരം പാലം ഉണ്ടാക്കുക എന്നതാണ് അവിടുത്തെ പ്രശ്നം. അവിടെ വൃത്തിയാക്കാൻ അവിടുത്തെ പാവപ്പെട്ട മനുഷ്യർ പോലും ആയിരം രൂപയോളം കൊടുത്തു. നാട്ടുകൂട്ടത്തിന്റെ മറ്റൊരു അനുഭവം മണപ്പള്ളി പാടം. പമ്പുചെയ്ത് വറ്റിക്കാനും ചുറ്റു വരമ്പ് ഉണ്ടാക്കാനും ചെറുപ്പക്കാർ ഉണ്ടായിരുന്നതുകൊണ്ട് അവിടെ വെള്ളം കയറിയിട്ടില്ല.

കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായ ഒരു അനുഭവം. കൊച്ചാലുംമൂട് നിന്ന് അകത്തൂട്ട് പാടം വരെ എത്താൻ 2 തോടുകൾ ഉണ്ട്.13ാം വാർഡ് വടക്കൻ തോട് കുറച്ച് നീളം കൂടുതൽ ഉള്ളതാണ്. കാടുപിടിച്ചു കിടന്ന തോട് വൃത്തിയാക്കി. JCB ഉപയോഗിച്ച് മണ്ണ് വാരി കരയ്ക്ക് ഇടാനാണ് അടുത്ത പരിപാടി. അതിനുവേണ്ടി തീരുമാനം എടുത്തിരിക്കുകയാണ്. അതിന് പഞ്ചായത്തിൻെറ ഫണ്ട് ആണ് ഉപയോഗിക്കുന്നത്. അവിടത്തെ പഞ്ചായത്ത് മെമ്പർ ശ്രീ പത്മകുമാർ അതിനു തീരുമാനമെടുത്തത് കൊണ്ടാണ് അവിടെ ജോലി ഭംഗിയായിട്ട് തീർക്കാൻ കാരണം. ഇത് മാതൃകാപരമായ ഒരു തീരുമാനം ആണ്. തെക്കൻ തോട് മുഴുവനായിട്ട് അടഞ്ഞ് കിടക്കുകയാണ്. അടഞ്ഞു കിടക്കുന്നതുകൊണ്ട് വേനൽക്കാലത്ത് പോലും ആ ഭാഗത്ത് എന്നും വെള്ളപ്പൊക്കമാണ്. അവിടെ തോടും കൂടെ ശരിയാക്കാതെ എന്ത് പണി നടന്നാലും ഒന്നും ശരിയാവില്ല എന്ന് Dr എൻ എൻ പണിക്കർ പറഞ്ഞു.

അമ്പലത്തിലെ പ്രശ്നം ഏതു തരത്തിൽ പരിഹരിക്കാം എന്ന് നോക്കാൻ യൂജിൻ ഫണ്ടാല എന്ന ആൾ മുൻപ് വന്നിട്ടുണ്ട്. പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിച്ചിട്ടുമുണ്ട്. ഇതെല്ലാം ഉൾക്കൊണ്ടുകൊണ്ട് ചെറുപ്പക്കാരെ മുന്നോട്ടു കൊണ്ടു വന്ന് അതിനൊരു പരിഹാരം ഉണ്ടാക്കുന്നതിന് പകരം അമ്പലം പോക്കുക എന്നുള്ള പരിപാടിയിലെക്കാണ് പലരും പോകുന്നത് അത് തെറ്റാണ്. വെള്ളം സാധാരണഗതിയിൽ ഒഴുകി പോകണം എന്നതാണ് നമുക്ക് വേണ്ടത്. ഇത് നടത്തിക്കാൻ ഒരു പുതിയ കാഴ്ചപ്പാട് വേണം. തുറന്ന ഒരു മനസ്സ് വേണം. അവിടുത്തെ തോടുകളിൽ, ആറുകളിൽ ചെളി അടഞ്ഞ് ആഴം കുറഞ്ഞുപോയി എന്ന് Dr എൻ എൻ പണിക്കർ പറഞ്ഞു. പുതിയ റോഡുകൾ ഉണ്ടാക്കണം, റോഡിൻെറ പൊക്കം കൂട്ടണം എന്നുള്ളതാണ് ചിന്ത. വെള്ളത്തിന്റെ പ്രശ്നത്തിനാണ് ആദ്യം പരിഹാരം കാണേണ്ടത്.

എം എസ് സ്വാമിനാഥൻ ഫൗണ്ടേഷന്റെ റിസോഴ്സ് സെന്റെർ തുടങ്ങാൻ താല്പര്യമുണ്ട്. ജിബിൻ അതിനുവേണ്ടി സഹായിക്കാം എന്ന് പറഞ്ഞിട്ടുണ്ട്.

തോട്ടപ്പള്ളി സമരത്തെ കുറച്ച് ശ്രീ സുരേഷ്കുമാർ സംസാരിച്ചു. സമരം തുടങ്ങിയിട്ട് ഇന്ന് 128 ദിവസമായി. ഇപ്പോഴും രാത്രിയിലും മണലെടുപ്പ് ഒരു മുടക്കവും ഇല്ലാതെ നടന്നുകൊണ്ടിരിക്കുന്നു.

പരിസ്ഥിതിയിൽ ഉണ്ടാക്കിയ താളപ്പിഴയാണ് ഈ കടുത്ത മഴയ്ക്ക് കാരണം. ആഗോളതാപനം എന്നു പറയുന്നത് മനുഷ്യൻെറ ഒരു സംഭാവനയാണ്. അതിൻെറ ഫലമായിട്ടാണ്, മഴ അല്ല, മേഘവിസ്ഫോടനം ആണ് ഇപ്പോൾ നടക്കുന്നത്. പണ്ട് ആൾക്കാർക്ക് ഇത്രയും അധികം വിവരവും വികസനവും വരുന്നതിനു മുൻപ്, വെള്ളം ഒഴുകി പോകുന്നതിന് മഴയ്ക്ക് മുൻപുതന്നെ തോടും കുളവും എല്ലാം വെട്ടി വൃത്തിയാക്കി ശരിയാക്കി ഇടും. ഇങ്ങനെ ജീവിച്ച ഒരു സമൂഹമാണ് പെട്ടെന്ന് മാറിയത്. തോടുകൾ മാറ്റി റോഡുകളാക്കി. വെള്ളം ഒഴുകി പോകാൻ മാർഗ്ഗം വേണം എന്നുള്ള ചിന്ത എല്ലാം മാറി. പണ്ട് റോഡിൻെറ സൈഡിൽ നോക്കിയാൽ ഓടകളും കലുങ്കുകളും ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാം മൂടി ഇട്ടിരിക്കുകയാണ്. എല്ലായിടവും ചെളി വീണ് ആഴംകുറഞ്ഞ് ഇരിക്കുകയാണ്. ചെളി നീക്കം ചെയ്യാൻ സർക്കാരിനെ കൊണ്ട് കഴിയുമെന്ന് തോന്നുന്നില്ല.
കടൽ ആക്രമണത്തെക്കുറിച്ച് Dr. എൻ എൻ പണിക്കർ സംസാരിച്ചു. നമ്മുടെ തീരത്തിനടുത്ത് കടലിന്റെ ആഴം കുറഞ്ഞിരിക്കുന്നു എന്നുള്ള നിരീക്ഷണം പ്രയോജനപ്പെടുത്താം എന്ന് ആലപ്പാട്ട് കാരനായ വേലുക്കുട്ടി അരയൻ പറഞ്ഞിട്ടുണ്ട്. തീരത്തിന് സമാന്തരമായി ആഴത്തിൽ തോട് പോലെ കുഴിക്കുക. അപ്പോൾ ആഴം കൂടുമ്പോൾ തിരയുടെ ശക്തി കുറയും അങ്ങനെ അവിടെയുള്ള മണ്ണ് കരയിൽ ഇടുകയും ചെയ്യാം. അങ്ങനെ ആ തീരം സംരക്ഷിക്കാൻ ഒരു വഴിയായി. 60 വർഷത്തിന് മുൻപ് പറഞ്ഞ ഈ കാര്യം പരിശോധിക്കേണ്ടതാണ്. നമ്മൾ ഒരു സമരം നടത്തുന്നതുകൂടാതെ ശാസ്ത്രീയമായ കാര്യങ്ങൾ പുറത്തു കൊണ്ടുവരാൻ ശ്രമിക്കണം എന്ന് Dr K G പത്മകുമാർ സാറും പറഞ്ഞു. പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ ഉണ്ട്. അതൊക്കെ ഇതിൻെറ ഭാഗമായിട്ട് കൊണ്ടുവരണം. എല്ലാം കൂടെ ഉൾപ്പെടുത്തി ഒരു ലിറ്ററേച്ചർ സർവ്വേ നടത്തണം. പല ഓർഗനൈസേഷനിലും കിട്ടുന്ന വിവരങ്ങൾ ശേഖരിച്ച് ഒരുമിച്ച് ആക്കുക, ശാസ്ത്രീയമായ പഠനം നടത്തുക. പരീക്ഷണം പോലെ തന്നെ ഏത് മണ്ണാണ്, എങ്ങോട്ടാണ് പോകുന്നത് എന്ന് കണ്ടുപിടിക്കാൻ നമുക്ക് സാധിക്കണം.

മറ്റു വിഷയങ്ങൾ അടുത്ത ശനിയാഴ്ച 7.30ന് കൂടുമ്പോൾ ചർച്ചചെയ്യാം എന്ന് പറഞ്ഞ് 9.00 ന് യോഗം പിരിഞ്ഞു.

സസ്നേഹം,
രാം കിരൺ
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏