ശാസ്ത്രീയ വിവര ശേഖരണത്തിൽ നിന്നും ആഗോള ദർശനത്തിലേക്ക് 66-ആം പ്രതിവാര യോഗം 2021.10.23

Spread the love

നാട്ടുകൂട്ടം കുറിപ്പുകൾ

ശാസ്ത്രീയ വിവര ശേഖരണത്തിൽ നിന്നും ആഗോള ദർശനത്തിലേക്ക് .

നമ്മുടെ അവകാശങ്ങൾ നേടിയെടുക്കാൻ ശാസ്ത്രീയമായ വിവരം ശേഖരിച്ച് പ്രവർത്തിക്കുക എന്നത് ആയിരുന്നു കഴിഞ്ഞ ആഴ്ച നാട്ടുകൂട്ടം 65 വീഡിയോ യോഗത്തിൽ തീരുമാനിച്ചതെങ്കിൽ, ഇന്നലെ നടന്ന 66 ആം പ്രതിവാര യോഗത്തിൽ സമഗ്രമായ ഒരു ആഗോള സമീപനം കൊണ്ടുവരിക എന്നതായിരുന്നു ചെയ്തത്.
ആഗോളമായ സഹജീവൻ സ്വരാജ് സാധന, ഐക്യരാഷ്ട്ര ദിന ഓർമ്മപ്പെടുത്തൽ തുടങ്ങി ആഗോളതാപനം വെള്ളപ്പൊക്കത്തെ സ്വാധീനിച്ചത് വരെ ചർച്ച ചെയ്തു. സൂചകമായ ചില വിവരങ്ങൾ:
കുട്ടനാടിൻറെ വെള്ളപ്പൊക്കം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ആഗോളമായ ഒരു പരിഹാരമാണ് നോക്കേണ്ടത് എന്ന് ശ്രീ EM ജോർജ് പറഞ്ഞത് ഇന്നലത്തെ ചർച്ചകൾക്ക് എല്ലാം തന്നെ അടിസ്ഥാനമായി തീർന്നു. ആഗോളതാപനം ആണ് കൂടിവരുന്ന വെള്ളപ്പൊക്കത്തിന് മൂലകാരണം
എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിന് ശാസ്ത്രീയമായ കണ്ടെത്തലുകൾj പിൻബലം നൽകുന്നതായി, ഡോക്ടർ പണിക്കർ, അടുത്ത കാലത്തെ ചില കണക്കുകൾ ഉദ്ധരിച്ചു സൂചിപ്പിച്ചു.

1. ഇപ്പോഴത്തെ നിരക്കിൽ തുടർന്നാൽ 2100 ആകുമ്പോഴേക്ക് സമുദ്രനിരപ്പ് ഒരു മീറ്റർ ഉയർന്നിരിക്കും. ലോകത്ത് 15 കോടി ജനങ്ങൾ താമസിക്കുന്നത് ഈ ഒരു മീറ്ററിന് ഉള്ളിലാണ്, അവിടം മുങ്ങിപ്പോകും എന്നാണ് കണക്ക്.

2. ലോക രാഷ്ട്രങ്ങൾ തീരുമാനിച്ചതുപോലെ, ( 196 parties UNFCCC 2015) ആഗോളതാപന വർദ്ധനവ് വ്യാവസായ വിപ്ലവത്തിന് ശേഷം 1.5 ഡിഗ്രി C യിൽ പരിമിതപ്പെടുത്തി യാൽ പോലും കടൽനിരപ്പ് 2100 ആകുമ്പോഴേക്ക് 52 സെൻറീമീറ്റർ ഉയരും. അതല്ല, രണ്ട് ഡിഗ്രി ആയാൽ കടൽ നിരപ്പ് 63 സെൻറീമീറ്റർ ഉയരുമെന്നും കണക്കുകൾ കാണിക്കുന്നു. ഈ 11 സെൻറീമീറ്റർ വ്യത്യാസം കൊണ്ട് മാത്രം ലോകത്തിൽ ഉണ്ടാവുന്ന വെള്ളപ്പൊക്ക നഷ്ടങ്ങൾക്ക് പ്രതിവർഷം 1.4 ട്രില്യൻ ഡോളർ വർദ്ധന എന്നും കണക്കാക്കുന്നു. അതല്ല, ഒന്നും ചെയ്യാതിരുന്നാൽ നഷ്ടം 14 ട്രില്യൻ ഡോളർ (ആയിരം ലക്ഷം കോടി രൂപ !) ഒരു വർഷം എന്ന രീതിയിൽ ആയിരിക്കുമെന്നും കണക്കുകൾ വന്നിരിക്കുകയാണ്. (The Guardian പത്രത്തിൽ 2018 ജൂലായ് 12 ന് ജോൺ എബ്രഹാം പ്രസിദ്ധീകരിച്ച കണക്കാണിത്. Reference: Environmental Resarch Letters v.13,n.7.) കുട്ടനാട് മാത്രമല്ല, കൊച്ചി പോലെയുള്ള പല നഗരങ്ങളും കടലിനടിയിൽ ആകും എന്നാണ് പ്രവചനം.

നമ്മുടെ കാലത്ത്, രൂക്ഷത കുറയ്ക്കാൻ നമുക്ക് ചെയ്യാവുന്നതൊക്കെ ചെയ്തുകൊണ്ടിരിക്കുകയും, അടിക്കടി കൂടിക്കൊണ്ടിരിക്കുന്ന വെള്ളപ്പൊക്കം ബാധിക്കാതിരിക്കാൻ വേണ്ടത് ചെയ്തുകൊണ്ടിരിക്കുകയും ആണു വേണ്ടത്. ഏതായാലും, സാമാന്യബുദ്ധിക്ക് ചേർന്ന രീതിയിലുള്ള വികസനവും നമ്മുടെ നമ്മുടെ പൂർവികർ കാണിച്ചു തന്ന വഴികളും ഉപയോഗിച്ചുകൊണ്ട് നല്ലൊരു ആവാസവ്യവസ്ഥ നമുക്ക് പുന:സൃഷ്ടിക്കാൻ സാധിക്കും.

കുട്ടനാട്ടിലെ പ്രശ്നങ്ങൾ നമുക്ക് നിയന്ത്രണമില്ലാത്ത ബാഹ്യ പ്രതിഭാസങ്ങൾ കൊണ്ടാണ് എന്നും വികസനത്തിൻറെ പേരിൽ ഇന്ന് നടക്കുന്ന പ്രവർത്തനങ്ങൾ കൊണ്ട് ആണെന്നും മനസ്സിലാക്കിയാലും, നാം തൽക്കാലികവും തദ്ദേശീയവുമായി ചെയ്യേണ്ട കാര്യങ്ങൾക്ക് ലാഘവം പാടില്ല.

“Local Action with Global Perception”. ആഗോള ദർശനത്തോടെ, ലോക നിലവാരം പുലർത്തി, മാതൃകാപരമായി, നമ്മുടെ നാട്ടിൽ വേണ്ടത് അതാതുസമയം അതാത് സ്ഥലത്ത് ചെയ്യാൻ ആണല്ലോ നാട്ടുകൂട്ടം ശ്രമിക്കുന്നത്. കുട്ടനാട്ടിൽ ഇത് ഏറ്റവും പ്രസക്തമാണെന്ന് ബോധ്യം ആവുകയാണ്. കൂടുതൽ ഉത്സാഹത്തോടുകൂടി നമുക്ക് ഒരുമിച്ച് മുന്നേറാം.
സസ്നേഹം,
NNPanicker