നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 57, 2021. ആഗസ്റ്റ്.21 ശനി

Spread the love

നാട്ടുകൂട്ടം വീഡിയോ യോഗം – 57,  2021.08.21 ശനിയാഴ്ച

 

കുറിപ്പുകൾ

 

പങ്കെടുത്തവർ:

രാം കിരൺ, Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, ശ്രീ എൽ. പങ്കജാക്ഷൻ, ശ്രീ N ബാബു കൊടുവ, ശ്രീമതി ആതിര എം കുമാർ, ശ്രീ കെ ബ്രഹ്മാനന്ദൻ, Prof എൻ സുനിൽകുമാർ, ശ്രീ ശ്രീനാഥ്, Dr കെ ജി പത്മകുമാർ, ശ്രീ അയ്യപ്പ പ്രസാദ്, ശ്രീ വർഗ്ഗീസ് കണ്ണമ്പള്ളി.

 

 

ഇന്ന് തിരുവോണം. ആശംസകൾ നേർന്നു കൊണ്ട് ഓണത്തെക്കുറിച്ച് Dr. N N പണിക്കർ സാർ പറയുകയുണ്ടായി. യാതൊരു വിധത്തിലുള്ള പോരായ്മകളും ഇല്ലാത്ത ഒരു ലോകം ഉണ്ടായിരുന്നു. അവിടുന്നാണ് നമ്മൾ തുടങ്ങേണ്ടത്. അതിൻെറ ഓർമ്മയ്ക്കാണ് ഓണം ആഘോഷിക്കുന്നത്. ആദർശ വ്യവസ്ഥിതി ഉണ്ടായിരുന്ന ഒരു ലോകത്ത് ജീവിച്ചവരാണ് നമ്മൾ. നാടിന് വളർച്ച ഉണ്ടാവാൻ വേണ്ടി നമ്മൾ കഴിയുന്നത് ചെയ്യുന്നു എന്നുള്ള ഒരു ആശയമാണ് നാട്ടുകൂട്ടത്തിന് ഉള്ളത്. നല്ല ഒരു കാലമായിരുന്നു ഉണ്ടായിരുന്നത് അതിനെ തിരിച്ചുപിടിക്കണം. പുനരുജ്ജീവനത്തിനാണ് പ്രാധാന്യം അത് നേടിയെടുക്കും. സാമൂഹ്യ പുരോഗതിക്കുള്ള പല കാര്യങ്ങളും വിഭാവന ചെയ്യാൻ പറ്റിയ നേതൃത്വം ഇവിടെ ഉണ്ടായിട്ടുണ്ട്.

 

ഓണത്തിനും നാട്ടുകൂട്ടത്തിനും ആദർശ വ്യവസ്ഥിതി സമാനമാണ്. ഇപ്പോഴത്തെ പ്രതിസന്ധിയെ അതിജീവിച്ചുകൊണ്ട് നമ്മൾ മുന്നോട്ടു പോവുകയാണ്. നാട്ടുകൂട്ടത്തിന്റെ പ്രവർത്തനവും കൂടിച്ചേരലും ലക്ഷ്യമാക്കുന്നത് നാടിന്റെ പുനരുജ്ജീവനത്തിനാണ്. ഇത്തരമൊരു സാഹചര്യത്തിൽ ആണെങ്കിൽ പോലും പലരും പങ്കെടുക്കാൻ ഇപ്പോഴും ആവേശം കാണിക്കുന്നുണ്ട്. എന്ന് ശ്രീമതി ആതിര M കുമാർ പറഞ്ഞു.

 

മലയാളികൾ ലോകത്തെവിടെയുണ്ടെങ്കിലും ഓണം ആഘോഷിക്കും. ഒത്തൊരുമയുടെ വികാരവും സന്ദേശവും നമുക്ക് എല്ലാവർക്കും ലോകത്തെ കാണിച്ചുകൊടുക്കാം. എല്ലാ ജോലിക്കും അതിൻെറതായ പ്രാധാന്യവും മഹത്വവും ഉണ്ട്. രാഷ്ട്രീയ വ്യത്യാസങ്ങൾ ഒന്നുമില്ലാതെ പ്രായഭേദമന്യേ ഓണം മനസ്സുകൊണ്ട് ആഘോഷിക്കാൻ സാധിക്കട്ടെ. എന്ന് Prof എൻ സുനിൽകുമാർ സാർ പറഞ്ഞുകൊണ്ട് ഒരു ഓണപ്പാട്ട് പാടി സന്തോഷം പങ്കുവെച്ചു.

 

സ്വരാജ് സാധന എന്നുള്ള ഒരു ആശയം നാട്ടുകൂട്ടത്തിലാണ് ആദ്യമായിട്ട് കൊണ്ടുവരുന്നത്. എല്ലാവരും ഒരു കൃത്യ സമയത്ത് വൈകിട്ട് 7 മണിക്ക് 7 മിനിറ്റ് നേരത്തേക്കാണ് ചെയ്യുന്നത്. ഒരു പരീക്ഷണമാണ്. ആ സമയം നമ്മൾ ഒരുമിച്ച് ചിന്തിക്കുന്നു. നമുക്ക് സ്വരാജ് വേണം. സ്വന്തം കാര്യം സ്വയം ചെയ്യാൻ കഴിവ് വേണം എന്നുള്ള ഒരു ഇച്ഛാശക്തി, ഇത് നടപ്പിലാക്കാൻ വേണ്ട കർമ്മകുശലത നേടൽ, അതിന് ദിവസവും കൈകൊണ്ട് എന്തെങ്കിലും ജോലി ചെയ്യണം എന്ന ആശയം, എല്ലാവർക്കും സ്വരാജ് പ്രാപ്തം ആകണം എന്നുള്ള ബോധം, അതിനു വേണ്ടി സഹായിക്കാനും പങ്കിട്ട് ജീവിക്കാനുമുള്ള സന്നദ്ധത ഇവയെല്ലാമാണ് സ്വരാജ് സാധനയിൽ ഉറപ്പിക്കുന്നത്. ഈ ആശയം Dr. എൻ എൻ പണിക്കർ വിശദീകരിച്ചു.

 

ശ്രീ എൽ പങ്കജാക്ഷൻ ഒരു സന്തോഷ വാർത്ത അറിയിച്ചു. ഇവിടെ അവതരിപ്പിച്ച സ്വരാജ് സാധന എന്ന 7 മിനിറ്റ് പരിപാടിയിൽ കായികാദ്ധ്വാനം എന്ന് പറഞ്ഞ കാര്യം നമ്മുടെ സംസ്ഥാനത്തിൽ ഒരു പരിപാടിയായി ഏറ്റെടുത്തിട്ടുണ്ട്. എല്ലാവരും തൊഴിലുറപ്പ് പദ്ധതിയിൽ “job card” എടുക്കുക എന്നുള്ളതും അതോടൊപ്പം തൊഴിലാളികളോടൊപ്പം

പോയി ഒരു വർഷത്തിൽ പത്ത് ദിവസം എങ്കിലും ജോലി ചെയ്യണമെന്ന് തീരുമാനമെടുത്തിട്ടുണ്ട്. അത് ജനങ്ങളുടെ അടുത്ത് ഇടപഴകാനും ഈ ശ്രമദാനത്തിന്റെ മറ്റൊരു പുതിയ രൂപമാണ്. ഗ്രാമസഭ മൂവ്മെന്റിൽ നിൽക്കുന്ന എല്ലാവരും അതിന്റെ അകത്ത് ആവണം എന്നാണ് തീരുമാനം.

 

ഗ്രാമ സംരക്ഷണ വികസന സമിതിയുടെ പ്രവർത്തനത്തിൽ കിഴക്കേ മംഗല പള്ളിയിൽ മാതൃകാ പരിസര നിർമ്മാണം പുരോഗമിക്കുന്നുണ്ട്. ചിങ്ങം ഒന്നിന് കൃഷിയുടെ ഉദ്ഘാടനം നടന്നു. നാട്ടുകൂട്ടത്തിന്റെയും മറ്റുള്ളവരുടെയും പിന്തുണ എടുത്തു പറയേണ്ടതാണ്. നാട്ടുകൂട്ടം നൽകിയ പ്രചോദനമാണ് ഈ പ്രവർത്തനങ്ങളെ മുന്നോട്ട് നയിക്കാൻ തുണയായത്. എന്ന് ശ്രീ അയ്യപ്പ പ്രസാദ് പറഞ്ഞു. Prof സുനിൽകുമാർ സാർ വളരെ ആത്മാർത്ഥമായി ഓരോ കാര്യത്തിലും സഹായിച്ചു. ഈ പരിപാടികൾ ഇവിടം കൊണ്ട് നിർത്തുവാൻ ഉദ്ദേശിക്കുന്നില്ല. ഗ്രാമ സംരക്ഷണ വികസനം എന്ന കാഴ്ചപ്പാട് ഗ്രാമത്തെ സംരക്ഷിച്ചുകൊണ്ട് ഒരു മാതൃകാ ഗ്രാമമാക്കി മാറ്റുക എന്നതാണ്.

 

മാതൃകാപരമായി ഭാവിയിൽ പ്ലാസ്റ്റിക് ഉപയോഗിക്കാതെ പുതിയ പ്രകൃതികൃഷി രീതികൾ ചെയ്യുക. നട്ടുവളർത്താൻ ആണെങ്കിൽ തേങ്ങയുടെ തൊണ്ട് കൊണ്ട് ജൈവരീതിയിൽ പൂച്ചട്ടി ഉണ്ടാക്കാം. നടുമ്പോൾ ഒന്നും മാറ്റാതെ തന്നെ മുഴുവനായിട്ട് മണ്ണിലൊട്ട് ഇറക്കിവെച്ച് നടാം.

കിഴക്കേ മംഗല പള്ളിയും പരിസരവും നല്ല വളക്കൂറുള്ള മണ്ണാണ്. അതുകൊണ്ട് അവിടെ മറ്റു വളങ്ങളുടെ ആവശ്യമില്ല. അവിടെ ഒരു കുളമുണ്ട്. തോടും ഉണ്ട്. അവിടെ സ്ഥിരമായി വെള്ളക്കെട്ട് ഉണ്ടാവുക എന്നത് ചെറിയ പ്രശ്നങ്ങൾ കൊണ്ടാണ്. ഒഴുകിപ്പോകാൻ അനുവദിക്കുക. പ്രശ്നങ്ങൾ പരിഹരിച്ചാൽ വെള്ളക്കെട്ട് ഉണ്ടാകാതെ നിലനിർത്താൻ കഴിയും. വെള്ളം പൊങ്ങി കിടക്കുന്ന അവസ്ഥയിൽ അതിന് അനുയോജ്യമായ രീതിയിൽ കൃഷി ചെയ്യുക. നമ്മുടെ ശ്രീ ലിനു പോളയുടെ പുറത്ത് കൃഷി ചെയ്യുന്നുണ്ട് എന്നത് ഒരു മാതൃകയാണ്. എന്ന് Dr N N പണിക്കർ സാർ പറഞ്ഞു.

 

ഇതിൽ വസ്തു ഉടമകളുടെ സഹകരണം വളരെ പ്രധാനപ്പെട്ടതാണ്, ആവശ്യമാണ്. ഇതിനുള്ള നിർദ്ദേശങ്ങളും സഹായങ്ങളും ഈ ഗ്രൂപ്പ് വഴിയും കിട്ടുന്നുണ്ട് എന്ന് ശ്രീ അയ്യപ്പ പ്രസാദ് പറഞ്ഞു.

 

മറ്റു പലയിടത്തു നിന്നും  ഉപയോഗം ഇല്ലാത്തതും നമ്മൾക്ക് ഉപയോഗിക്കാൻ പറ്റുന്നതും ആയ വസ്തുക്കൾ കൃഷിക്ക് ഉപയോഗിക്കുന്നു. ഉദാ: പഴയ ഓടുകൾ കുത്തി നിർത്തി മണ്ണ് നിറച്ച് കൃഷി ചെയ്യുന്നു. എല്ലാവർക്കും ഇതൊരു മാതൃകയായി കാണിക്കാം. എന്ന് ശ്രീ എൻ എൻ പണിക്കർ സാർ ഓർമ്മപ്പെടുത്തി.

 

അനാവശ്യ നിർമ്മിതികൾക്ക് എതിരായി ഉപവാസ സമരം നല്ല വിജയമായിരുന്നു. എന്ന് ശ്രീ വർഗ്ഗീസ് കണ്ണമ്പള്ളി പറഞ്ഞു. ജനശ്രദ്ധ ആകർഷിക്കാൻ വേണ്ടിയുമാണ് അത് നടത്തിയത്. പ്രശ്ന പരിഹാരം കേന്ദ്രവുമായി സഹകരിച്ചുള്ള ഭാരത് മാല പദ്ധതി ആണെന്ന  ഒരു നിർദ്ദേശം കൊടുക്കാൻ പറ്റി. അതിനോടൊപ്പം അശാസ്ത്രീയമായ സെമി എലിവേറ്റഡ് ഹൈവേകൾ ഒഴിവാക്കുക. ജല നിർഗമന സാധ്യതയില്ലാത്ത കലുങ്കുകളും കോസ് വേകളും ഒഴിവാക്കുക ഇതൊക്കെ നമുക്ക് കർക്കശമായി പറയാം. ഇതിൽ ഏതിലെങ്കിലും ഗവൺമെന്റ് ഒരു മുൻകൈ എടുത്താൽ പ്രശ്നങ്ങൾ അവസാനിപ്പിക്കാം. ഇനി അത് മുന്നോട്ടു നയിക്കേണ്ടത് ജനപ്രതിനിധികളും കൂടെയാണ്. നമ്മൾ ഉന്നയിച്ച പ്രശ്നങ്ങൾ അവർ പരിശോധിച്ചിട്ട് പരിഹരിക്കാവുന്നതേയുള്ളൂ. അതിന് അവർ തയ്യാറാവുന്നില്ല എങ്കിൽ മറ്റു മാർഗ്ഗങ്ങൾ നമുക്ക് എടുക്കേണ്ടിവരും.

 

ശ്രീ പത്മകുമാർ സാർ മങ്കൊമ്പിൽ നേരിട്ട് പോയതിനെപ്പറ്റി പറയുകയുണ്ടായി. Dr. എം എസ് സ്വാമിനാഥന്റെ കുടുംബവീട് താഴ്ന്നുപോയി. എല്ലായിടത്തും വെള്ളക്കെട്ടാണ്. ഒരു ദീർഘ വീക്ഷണത്തിൽ കുട്ടനാട്ടിൽ ഏറ്റവും കൂടുതൽ പ്രശ്നം സങ്കീർണമായിട്ടുള്ള പ്രദേശം മങ്കൊമ്പാണ്. ഈ പ്രശ്നങ്ങൾ ബന്ധപ്പെട്ടവരിലേക്ക് എത്തുന്നില്ല എന്നതാണ് വാസ്തവം.

 

Prof സുനിൽകുമാർ സാർ പറഞ്ഞു സ്ഥലങ്ങൾ താഴുന്നത് പരിഹരിക്കാൻ അത്ര എളുപ്പമല്ല. അവിടുത്തെ റോഡ് പോലും വെള്ളത്തിലാണ്. ചാൽ ഉണ്ടാക്കിയിട്ടും കാര്യമില്ല, പമ്പ് ചെയ്യതിട്ടും കാര്യമില്ല. ഒഴുകി പോകാനായിട്ട് അവിടെയുള്ള ജലാശയങ്ങൾ നാട്ടുകാരുടെയും സർക്കാരിന്റെയും  സഹായത്തോടെ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഇതിന് വേണ്ട സാങ്കേതികമായ സഹായങ്ങൾ നമ്മൾക്കും ചെയ്തു കൊടുക്കാൻ പറ്റും.

 

ജനവാസ കേന്ദ്രങ്ങളിൽ ഉള്ള വെള്ളക്കെട്ട് എത്രയോ ദയനീയമാണ്. കിഴക്കേ മംഗലപ്പിള്ളി വീട് താഴ്ന്നിട്ടില്ല. ശ്രീ വെങ്കിടേശ്വരന്റെ അച്ഛൻ വീട് ഉണ്ടാക്കിയപ്പോൾ തേക്കിൻ കഴ കൊണ്ടുള്ള കുറ്റികൾ നാട്ടി. വീട്ടിൽ ഉപയോഗിച്ചിരിക്കുന്ന സാധനങ്ങൾ നല്ല ഗുണമേന്മ ഉള്ളതാണ്. ഉദാഹരണം ചെമ്പ്, പിച്ചള, നല്ല മണൽ. പക്ഷേ അവരുടെ പുരയിടത്തിൽ ഇപ്പോഴും വെള്ളം കെട്ടി നിൽക്കുന്നു. ചുറ്റും പറമ്പ് താഴ്ന്നിട്ടുണ്ട്.

 

പുളിങ്കുന്ന് എൻജിനീയറിങ് കോളേജിന് ഈ പ്രശ്നത്തെ പറ്റി സൂക്ഷ്മമായി പഠിക്കാനുള്ള ഒരു അവസരമാണ് ഇത് എന്ന് ശ്രീ എൻ എൻ പണിക്കർ സാർ പറഞ്ഞു. ഈ വിഷയത്തെപ്പറ്റി പ്രഗൽഭർ ലോകത്ത് എവിടെയുണ്ടോ അവരുമായി ചേർന്ന് പഠനം നടത്തുക. എന്തുകൊണ്ട് ഇവിടെ ഇത്രയും പെട്ടെന്ന് താഴ്ന്നു?. എല്ലായിടവും ഒരുപോലെ താഴാൻ വഴിയില്ല. മണപ്പള്ളി പാടശേഖരത്തിനോട് ചേർന്നുകിടക്കുന്ന ഭൂമി വളരെ പെട്ടെന്ന് താഴ്ന്നു. പാടശേഖരങ്ങളിൽ എപ്പോഴും വെള്ളം പമ്പ് ചെയ്ത് കളയുന്നുണ്ട് ഇതിനെക്കുറിച്ച് പഠനം നടത്തേണ്ടതുണ്ട്.

 

ഇപ്പോഴത്തെ സാഹചര്യം രൂക്ഷമായതുകൊണ്ട് ഇതിന് ഒരു “Global solution” ആവശ്യമാണ്. എന്ന് ശ്രീ N സുനിൽകുമാർ സാർ പറഞ്ഞു. അതു കഴിഞ്ഞാൽ മാത്രമേ “Local level solution” നിർദ്ദേശിക്കാൻ സാധിക്കൂ. ഇപ്പോൾ വീടുകൾ വെക്കുന്നത് തൂണുകൾക്ക് മുകളിലായി ആണ്. ഇതിൽ ഫൗണ്ടേഷൻ ശരിയായ രീതിയിൽ അല്ല എങ്കിൽ കുറച്ചുനാൾ കഴിയുമ്പോൾ ചരിവോ മറ്റു പ്രശ്നങ്ങളോ ഉണ്ടാവാൻ സാധ്യതയുണ്ട്. Natural settlement കൂടാതെ, കെട്ടിട നിർമ്മാണ രീതി, പുറത്തു കൊടുക്കുന്ന ഭാരം/കല്ല്, ഭൂമിയുടെ മുകളിൽ ഭാരം ചെലുത്തുന്നത്, വണ്ടികളുടെ ഭാരം ഇതെല്ലാം കൊണ്ട് ഭൂമി താഴുന്നു.

 

 ഇവിടുത്തെ ആറ്റിലെ ആഴം കുറഞ്ഞിരിക്കുന്നു. വെള്ളം ഒഴുകി പോകുന്നില്ല. പണ്ട് ഈട് കുത്തുക എന്ന പ്രക്രിയ ഉണ്ടായിരുന്നു. എല്ലാ വർഷവും ചെളി, കട്ട, മണ്ണ് എന്നിവ മാറ്റി കരയ്ക്കിട്ട് കര പൊക്കിക്കൊണ്ടിരുന്നു. ഇത് കുറച്ചു കാലമായി നടക്കുന്നില്ല. അതിൻെറ പ്രത്യാഘാതം ഉണ്ട്. തണ്ണീർമുക്കം ബണ്ട് വരെ ഒഴികിയാലും അവിടെ വന്നുകഴിഞ്ഞാൽ വളരെ പതുക്കെയാണ് ഒഴുകുന്നത്. കടലിലേക്ക് വാർന്നു പോകുന്നത് അവിടെ നടക്കുന്നില്ല. അടിയിൽ എക്കലും കല്ലും മണ്ണും പ്ലാസ്റ്റിക്കും എല്ലാം അടിഞ്ഞു കിടക്കുകയാണ്. ആദ്യമായി ഇവിടെ ഒരു ശുചീകരണം നടക്കണം. ഒരു ഡാം ഉണ്ടാക്കിയാൽ എത്ര ഉയരം വരെ വെള്ളം പുറകോട്ട് ഉയർന്ന് കിടക്കും എന്നതിനെപ്പറ്റി ഒരു പഠനം നടത്താറുണ്ട്. ഇങ്ങനെ കിട്ടുന്ന water level (Backwater Curve) കുട്ടനാട്ടിലെ വെള്ളപ്പൊക്കവും വെള്ളക്കെട്ടും മനസ്സിലാക്കാൻ സഹായിക്കുമെന്ന് Dr. എൻ എൻ പണിക്കർ സാർ പറഞ്ഞു.

 

മറ്റു വിഷയങ്ങൾ അടുത്ത ശനിയാഴ്ച 7.30ന് കൂടുമ്പോൾ ചർച്ച ചെയ്യാം എന്ന് പറഞ്ഞ് 9.00 ന് യോഗം.

 

 

സസ്നേഹം,

രാം കിരൺ