നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 62, 2021. സെപ്റ്റംബർ. 25 ശനി

നാട്ടുകൂട്ടം വീഡിയോ യോഗം – 62
2021.09.25 ശനിയാഴ്ച

കുറിപ്പുകൾ

പങ്കെടുത്തവർ:
രാം കിരൺ, Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, ശ്രീ ഓംകാർ ഗിരിജാശങ്കർ, ശ്രീമതി ആതിര എം കുമാർ, ശ്രീ ഭദ്രൻ ഭാസ്കരൻ, ശ്രീ സുരേഷ്കുമാർ, ശ്രീ വർഗ്ഗീസ് കണ്ണമ്പള്ളി, ശ്രീ വിജയനാഥ് (വിപഞ്ചിക), ശ്രീ ഇ എം ജോർജ്, ശ്രീ ഫിലിപ്പ് എം പ്രസാദ്, ശ്രീ എൽ പങ്കജാക്ഷൻ.

“സഹജീവൻ സ്വരാജ് സാധന” ആഗസ്റ്റ് 15-ാം തീയതി മുതൽ എന്നും 7 മണിക്ക് 7 മിനിറ്റ് നേരം തുടങ്ങിയതിന്റെ ലക്ഷ്യം വിശദീകരിച്ചു. ഈ സമയം എല്ലാവരും ഒരുമിച്ച് സാധന ചെയ്യുന്നു. സ്വന്തം കാര്യം സ്വയം ചെയ്യാൻ കഴിവ് വേണം എന്നുള്ള ഇച്ഛാശക്തി, ഇത് നടപ്പിലാക്കാൻ വേണ്ട കർമ്മകുശലത നേടൽ, അതിന് ദിവസവും കൈകൊണ്ട് എന്തെങ്കിലും ജോലി ചെയ്യണം എന്ന ആശയം, എല്ലാവർക്കും സ്വരാജ് പ്രാപ്തം ആക്കണം എന്നുള്ള ബോധം, അതിനു വേണ്ടി എല്ലാവരെയും സഹായിക്കാനും പങ്കിട്ട് ജീവിക്കാനുമുള്ള സന്നദ്ധത ഇവയെല്ലാമാണ്, സ്വരാജ് സാധനയിൽ ഉറപ്പിക്കുന്നത്.
മനഃപരിവർത്തനം ഉണ്ടായാലേ പുനരുജ്ജീവനം സാധ്യമാവുകയുള്ളൂ അതിനുവേണ്ടിയാണ് പരിപാടി തുടങ്ങിയത്. മൂന്നു ഭാഗങ്ങൾ ഉണ്ട്. ശാരീരിക ശ്രമം, ശ്വസനക്രിയ, മാനുഷിക ധ്യാനം. അവരവർക്ക് യുക്തമായ രീതിയിൽ ഇത് മൂന്നും കൂടി 7 മിനിറ്റ് സമയം ചെയ്യുന്നതാണ് സഹജീവൻ സ്വരാജ് സാധന. ഈ സാധനയുടെ പ്രത്യേകത ലോകത്ത് എല്ലാവരും ഒരുമിച്ച് ഒരേ സമയത്ത് ചെയ്യുക എന്നതാണ് എന്ന് Dr N N പണിക്കർ സാറും, ശ്രീമതി സരള പണിക്കറും വിശദീകരിക്കുകയുണ്ടായി. ഇന്നത്തെ ദിവസത്തെ പ്രത്യേകത ഇന്ന് ലോക സ്വപ്ന ദിനം ആണ്. സ്വപ്നം കാണുന്നതിന്റെ പ്രാധാന്യം, അതിനു ഒരു ശീലം ഉണ്ടാക്കുന്നത് എന്നിവയെപ്പറ്റി Dr N N പണിക്കർ സാർ സംസാരിച്ചു. കുട്ടനാട് രാമകൃഷ്ണപിള്ളയുടെ ജന്മദിനമാണ് ഇന്ന്. ഇദ്ദേഹം ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ 10 ആമത്തെ പ്രസിഡന്റ് ആയിരുന്നു. 1938 (1114)ൽ ഇടത്വായിൽ നിന്ന് ജലഘോഷയാത്ര ആയി പുളിങ്കുന്നു സമ്മേളനത്തിൽ പങ്കെടുത്തു. അടുത്ത പ്രസിഡന്റ് ആയി അക്കാമ്മ ചെറിയാനെ ഭാരം ഏല്പിച്ചിട്ടു പോയി അറസ്റ്റ് വരിച്ചത് ചരിത്രം.

തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തെപറ്റി Dr N N പണിക്കർ സാർ സംസാരിക്കുകയുണ്ടായി. കുട്ടനാടിനെ രക്ഷിക്കാൻ ആണ് എന്ന് പ്രചാരണം നടത്തുന്നു. വാസ്തവത്തിൽ കുട്ടനാടിന്റെ നിലനിൽപ് തന്നെ അപകടത്തിൽ ആക്കുന്ന പ്രവർത്തനം ആണ് അവിടെ നടക്കുന്നത്. തോട്ടപ്പള്ളിയിൽ നാട്ടുകാർ സമരം നടത്തുകയാണ്. ഇന്ന് അവിടെ നിന്ന് വന്ന ശ്രീ സുരേഷ് കുമാർ, ശ്രീ ഭദ്രൻ ഭാസ്കരൻ, ശ്രീ ഓംകാർ ഗിരിജാശങ്കർ എന്നിവർ വിശദമായി പ്രതിഷേധ സമര വിവരങ്ങൾ നൽകി. AERB യുടെ അനുമതി ഉള്ള ആളുകളാണ്. പക്ഷേ AERB യുടെ യാതൊരുവിധ നിബന്ധനകളും ഇവർ ഇവിടെ പാലിച്ചിട്ടില്ല. ചവറയിൽ IREL ന്റെ യൂണിറ്റ് നിൽക്കുന്നതിന് 18 മീറ്റർ ചുറ്റളവിൽ പ്രദേശത്ത് ഖനനം ചെയ്യുന്നതിനും മിനറൽ വേർതിരിക്കൽ നടത്തുന്നതിനും ഉള്ള അനുവാദപത്രമാണ് അവർക്ക് ഉള്ളത്. തോട്ടപ്പള്ളിയിൽ നിന്ന് മണ്ണ് വാരികൊണ്ട് പോകാൻ യാതൊരുവിധ അനുവാദവും IRELന് ലഭിച്ചിട്ടില്ല. AERB യുടെ നിബന്ധനങ്ങൾക്ക് വിരുദ്ധമായ പ്രക്രിയയാണ് ഇവിടെ നടക്കുന്നത്. നിയമം അനുസരിച്ചാണെങ്കിൽ യാതൊരു മലിനീകരണ വസ്തുക്കളും കടലിലേക്ക് വിടാൻ പാടില്ല. പ്രദേശത്ത് ഖനനം നടത്തി മാറ്റുന്ന സാധനങ്ങൾ ബാഗുകളിൽ സീൽ ചെയ്ത് കൊണ്ടുപോകണം എന്നാണ് പറഞ്ഞിട്ടുള്ളത്. ഒരു റേഡിയോളജിക്കൽ സേഫ്റ്റി ഓഫീസറുടെ സേവനം സദാസമയവും ഈ സൈറ്റിൽ വേണമെന്ന് പറഞ്ഞിട്ടുണ്ട്. ഇതൊന്നും ഇവർ ഇവിടെ പാലിച്ചിട്ടില്ല. ഇവിടെ നിർമ്മിതി പലതും നടക്കുന്നത് കോൺട്രാക്ട് അടിസ്ഥാനത്തിൽ അല്ല. അതുകൊണ്ട് വിവരാവകാശം ചോദിച്ച്, അതുവെച്ച് കോടതിയിൽ പോകാമെന്ന് കണ്ണമ്പള്ളി സാർ പറഞ്ഞു. കോടതിയിൽ 2 പെറ്റീഷൻ കൊടുത്തിട്ടുണ്ട്. ഇവിടെ നടക്കുന്ന നിയമലംഘനം ചൂണ്ടിക്കാണിച്ചും, ഈ പരിസരങ്ങളിൽ പരിസ്ഥിതി ആഘാതം എന്തുമാത്രം ഉണ്ടായി എന്ന് കാണിച്ചും കോടതിയിൽ കേസ് ഉണ്ട്.
ഇവിടെ മണൽ എടുക്കുന്നതിന് ഒരു എഗ്രിമെൻറ് സൈൻ ചെയ്തു വച്ചിട്ടുണ്ട്. ശ്രീ സുരേഷ്കുമാർ അതിൽ പ്രധാനപ്പെട്ട ഒന്ന് രണ്ടു നിർദ്ദേശങ്ങളെക്കുറിച്ച് പറഞ്ഞു.
1. ഇവരുടെ മണലെടുപ്പ് മൂലം ഇവിടെയുള്ള ആൾക്കാരുടെ വീടുകളൊ സാഗമ രംഗമ വസ്തുക്കൾക്കോ എന്തെങ്കിലും നശിച്ചാൽ അത് കമ്പനിയുടെ സ്വത്തുക്കളിൽ നിന്ന് ആറ് ആറ് നടത്തി എടുക്കണം എന്ന് MOU ൽ ഒരു പ്രധാന കാര്യമാണ്.
2. ഇവിടെ നിന്ന് മണൽ എടുക്കണം എന്നുണ്ടെങ്കിൽ രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണിവരെ മാത്രമേ മണൽ എടുക്കാവൂ.
3. ഒരു ലോറിയിലും ഓവർലോഡ് പാടില്ല.
4. ഇറിഗേഷൻ എഞ്ചിനീയർമാരുടെ നേതൃത്വത്തിൽ അളന്ന് തിരിച്ച് കൊടുത്തിട്ടുള്ള സ്ഥലത്ത് നിന്ന് മാത്രമേ മണൽ എടുക്കാവൂ എന്നു പറഞ്ഞിട്ടുണ്ട്.

കുട്ടനാട്ടിലെ മണൽകൊള്ളക്കെതിരെ തോട്ടപ്പള്ളിയിലെ സമരത്തിന് സമാനമാണ് AC റോഡിലെ പ്രശ്നം. ഇവിടെയുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും നടപ്പിലാക്കുകയും വേണം. ഇവിടെ നിർമ്മാണ ഘട്ടത്തിൽ എങ്ങനെയാണ് പണി പൂർത്തിയാക്കേണ്ടത് എന്ന് പറഞ്ഞിട്ടുണ്ട്. ഇവിടെ പണി നടത്തുമ്പോൾ ഒരു വശത്തുകൂടെ വണ്ടി കടത്തി വിടുകയും ഒരു വശത്ത് പണി നടത്തുകയും ചെയ്യണം എന്നാണ് പറഞ്ഞിട്ടുള്ളത്. അവിടെ നടക്കുന്നത് ഇതല്ല. നിയമങ്ങളൊന്നും പാലിക്കുന്നില്ല. കരാറിലെ എഴുതപ്പെട്ട വ്യവസ്ഥ നേരായ രീതിയിൽ നടപ്പിലാക്കാൻ ആവശ്യപ്പെട്ടുകൊണ്ട് കോടതിയിൽ പോകേണ്ടിവന്നു എന്ന് ശ്രീ വർഗ്ഗീസ് കണ്ണമ്പള്ളി. ജില്ലാകളക്ടർക്ക്, ഡിജിപിക്ക് പെറ്റീഷൻ കൊടുത്തു. കുട്ടനാട്ടിൽ തീരസംരക്ഷണം ഇല്ലായെങ്കിൽ ഈ പ്രദേശം പോലും കാണത്തില്ല അതുകൊണ്ട് പരസ്പരം യോജിച്ച് നിന്നുകൊണ്ട് നമുക്ക് നീങ്ങുന്നതാണ് നല്ലത്.
വിവരാവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആളുകളെ സഹായിക്കാൻ ശ്രീ എ ബി ജോർജ് (വിവരാവകാശ കൂട്ടായ്മ) നമ്മുടെ ഒപ്പമുണ്ട്.

13 അസംബ്ലി മണ്ഡലങ്ങളിലും 3 പാർലമെൻറ് മണ്ഡലങ്ങളിലും 3 ജില്ലകളിലുമായിട്ട് കിടക്കുന്നതാണ് കുട്ടനാട് എന്ന് പറയുന്നത്. കുട്ടനാടിന് 3 ജില്ലാ കളക്ടർമ്മാർ ഉണ്ട്. 3 പാർലമെൻറ് മെമ്പർമാർ ഉണ്ട്. 13 എം.എൽ.എ. മാർ ഉണ്ട്. ഇവരെ എല്ലാവരെയും രംഗത്ത് കൊണ്ടുവരേണ്ടതുണ്ട്. അതിന് തോട്ടപ്പള്ളിയിൽ ഉള്ള സുഹൃത്തുക്കളുടെ അഭിപ്രായം നമുക്ക് ആവശ്യമാണ്.

മധുര തുളസി (സ്റ്റീവിയ) കൃഷി വളരെ ലാഭകരമാണ്. അത് ചെയ്യാനുള്ള സഹായം വിക്രംജി ചെയ്തു തരാമെന്ന് പറഞ്ഞിട്ടുണ്ട്. ബണ്ടുകളിൽ രാമച്ചം നട്ടു വളർത്താം.

ഏതു പരിപാടി ആയാലും ആധുനികമായ സൗകര്യങ്ങൾ ഉപയോഗിച്ച് ചെയ്യണം എന്ന് വർഗ്ഗീസ് കണ്ണമ്പള്ളി പറഞ്ഞു. ഉദാ: മണൽ ആണെങ്കിൽ പല തരത്തിലും ഉള്ള മണലുകൾ വേർതിരിച്ച് ചാക്കുകളിലാക്കി കൊടുക്കാൻ ആണ് ഉദ്ദേശിച്ചിരുന്നത്. അതുപോലെ ഭംഗിയായി നടത്താൻ നാട്ടിൽ സൗകര്യമില്ല. മണൽ സിമന്റ് പോലെ പാക്കറ്റിലാക്കി കൊടുക്കുകയാണെങ്കിൽ അതിൻെറ ദുരുപയോഗം കുറയും. ഏറ്റവും പുതിയ ടെക്നോളജികൾ നാട്ടിൽ ഉപയോഗിക്കാൻ പറ്റും.

വെള്ളക്കെട്ടിന്റെ പ്രശനം എല്ലാവരെയും ബാധിയ്ക്കുന്നുണ്ട് എന്ന് ശ്രീമതി ആതിര പറഞ്ഞു.

“Everything is the cause of everything” എന്ന് ശ്രീ ഇ എം ജോർജ് ഓർമ്മപ്പെടുത്തി.

ശ്രീ വിജയനാഥ് (വിപഞ്ചിക), ചിരി യോഗ ക്ലാസിനെക്കുറിച്ച് ഒരു വിവരണം നൽകി. ചിരി ആരോഗ്യത്തിന് നല്ലതാണ്. എന്നും രാവിലെ 6:30ന് വീഡിയോയിൽ പങ്കെടുക്കാൻ ലിങ്ക് ഇടുന്നുണ്ട്.
ശ്രീ ഫിലിപ്പ് എം പ്രസാദ് അപ്രതീക്ഷിതമായി വന്ന്‌ നമ്മുടെ പ്രവർത്തനങ്ങളിൽ താല്പര്യം പ്രകടിപ്പിച്ചു.

മറ്റു വിഷയങ്ങൾ അടുത്ത ശനിയാഴ്ച 7.30ന് കൂടുമ്പോൾ ചർച്ചചെയ്യാം എന്ന് പറഞ്ഞ് 9.00 ന് യോഗം പിരിഞ്ഞു.

സസ്നേഹം,
രാം കിരൺ

നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 61, 2021. സെപ്റ്റംബർ.18 ശനി

നാട്ടുകൂട്ടം വീഡിയോ യോഗം – 61
2021.09.18 ശനിയാഴ്ച

കുറിപ്പുകൾ

പങ്കെടുത്തവർ:
രാം കിരൺ, Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, ശ്രീമതി ആതിര എം കുമാർ, ശ്രീ ഇ എം ജോർജ്, ശ്രീ ബ്രഹ്മാനന്ദൻ, ശ്രീമതി പ്രിയദർശിനി R, Prof സുനിൽകുമാർ എൻ.

കുട്ടനാട്ടിൽ പ്രവൃത്തികൾക്ക് വിപരീതമായി പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നു. ഇതിനെ പ്രതിരോധിക്കാൻ സഹജീവൻ സ്വരാജ് സാധന എല്ലാവരും ചെയ്യുന്നത് നല്ലതാണ്. എന്ന് Dr N N പണിക്കർ പറഞ്ഞു.
സെപ്റ്റംബർ 16 ഓസോൺ ദിനാചരണത്തെക്കുറിച്ച് സംസാരിച്ചു.
പ്രധാന മന്ത്രി
നരേന്ദ്ര മോദിയുടെ 71മത് ജന്മദിനാഘോഷം ആയിരുന്നു. അദ്ദേഹത്തിന് ആശംസകൾ പറഞ്ഞു.

നമ്മൾക്ക് സന്തോഷത്തിനായി ചെയ്യുന്നത് മറ്റുള്ളവർക്ക് ദുഃഖത്തിന് ഇടവരരുത്.
അമ്പലത്തിൽ ഇപ്പോഴത്തെ അവസ്ഥയിൽ ചെയ്യാൻ പാടില്ലാത്തതാണ്. കെട്ടിടം ജാക്കിവെച്ച് പൊക്കാൻ
നോക്കുന്നത്. അമ്പലം താഴ്ന്നത് അതിനുചുറ്റും പൊക്കിയത് കൊണ്ടാണ്. കെട്ടിടത്തിനു ദോഷം ഉണ്ടാവാതെ പണികൾ ചെയ്യണം. യൂജിൻ പണ്ടാല എന്ന എഞ്ചിനീയർ വന്നു. കെട്ടിടം നോക്കിയതിനുശേഷം പറഞ്ഞത് പൊക്കുന്നതിനെപ്പറ്റി വിചാരിക്കുകയേ പാടില്ല. പൂർവ്വ സ്ഥിതിയിലേക്ക് ഇരുന്നതു പോലെ മുറ്റം മാറ്റുകയാണ് വേണ്ടത്.
മാറി നിൽക്കുന്നവരെയും കൂടെ കൂട്ടിയാൽ കാര്യങ്ങൾ എളുപ്പമായേനെ അല്ലെങ്കിൽ ആളുകൾ നമുക്ക് തന്നെ പാരആവുകയാണ്. കടൽ ലെവൽ കൂടുന്നതായി അറിയുന്നു.
ഇതിനൊക്കെ ഒരു പരിഹാരം കാണുന്നതിന് ചെറുപ്പക്കാരെ കൊണ്ടുവരണം. ടെക്നിക്കൽ കോളിഫിക്കേഷൻ ഉള്ളവരെ ഇതിലേക്ക് കൊണ്ടുവരണം. ക്ഷേത്രങ്ങളിലെ പഴമ നിലനിർത്തണം. അമ്പലത്തിലെ വെള്ളക്കെട്ടിന് പരിഹാരമുണ്ട്. ക്ഷേത്രത്തിൽ കോൺഗ്രീറ്റ് ഇട്ട് ടൈൽസ് ഇട്ടിരിക്കുന്നു. അതുകൊണ്ട് വെള്ളം താഴുന്നില്ല. അവിടെ കള്ളികൾ ആയിട്ട് കുഴിക്കുക, എന്നിട്ട് ചെങ്കല്ല് ഇഷ്ടികയോ വെക്കുക, മണൽ നിറയ്ക്കുക. വെള്ളം അതിലൂടെ പോകാൻ അനുവദിക്കുക, വേണ്ടപ്പോൾ പമ്പ് ചെയ്തു കളയുക, ഇതാണ് Er പണ്ടാല ശ്രീ ബീയാർ പ്രസാദിനോട് പറഞ്ഞത്.
Pro സുനിൽകുമാർ സാർ പറഞ്ഞത് ഈ അമ്പലത്തിൽ ഗ്രേഡിയന്റ് ഇല്ലാത്തതിനാൽ വെള്ളം താഴുന്നില്ല. ജലാശയങ്ങളിൽ ആദ്യം വേണ്ടത് വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം. അടയാതെ നിലനിർത്തുക.

കൗമാരക്കാരുടെ ലഹരിയിലോട്ട് ഇവിടെയുള്ള കുട്ടികളെ മാതാപിതാക്കൾക്ക് നിയന്ത്രിക്കാൻ പറ്റാതായി. ഉപദേശിക്കാൻ ചെല്ലുന്നവരെ അതിനു വിപരീതമായി ചെയ്യുന്നു.
ഒരു വീക്ഷണം : നാടകം എന്ന രീതിയിൽ അവരുടെ അടുത്ത് ആക്ട് ചെയ്യുക. മദ്യപിക്കുന്നവർ അവരവർ തന്നെ വിചാരിക്കണം. ഈ സ്വഭാവം നല്ലതല്ല, ആരോഗ്യത്തിന് നല്ലതല്ല, ആരോഗ്യത്തിനു ദോഷം ചെയ്യുന്ന അവരവർക്ക് തന്നെ തോന്നണം. അതിനു മാർഗം ചിന്തിക്കണം.

മറ്റു വിഷയങ്ങൾ അടുത്ത ശനിയാഴ്ച 7.30ന് കൂടുമ്പോൾ ചർച്ചചെയ്യാം എന്ന് പറഞ്ഞ് 9.00 ന് യോഗം പിരിഞ്ഞു.

സസ്നേഹം,
രാം കിരൺ

നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 60, 2021. സെപ്റ്റംബർ.11 ശനി

നാട്ടുകൂട്ടം വീഡിയോ യോഗം – 60

2021.09.11 ശനിയാഴ്ച

 

കുറിപ്പുകൾ

 

 

പങ്കെടുത്തവർ:

രാം കിരൺ, Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, ശ്രീമതി ആതിര എം കുമാർ, ശ്രീ ഇ എം ജോർജ്, Er. കെ കെ കൃഷ്ണകുമാർ, ശ്രീ ബ്രഹ്മാനന്ദൻ, ശ്രീ ചാൾസ് മാത്യു, Prof സുനിൽകുമാർ എൻ.

  

 

ഒൻപതാം ചരമവാർഷികത്തിൽ Dr. കെ കെ ഹരിദാസിനെ അനുസ്മരിച്ച് Dr. എൻ എൻ പണിക്കർ സാർ സംസാരിച്ചു. അദ്ദേഹം അമൃത ഹോസ്പിറ്റൽ തിരക്കേറിയ ഹാർട്ട് സർജൻ ആയിരുന്നു. വിശ്രമിക്കുന്നത് അൽപം മാത്രം.  അദ്ദേഹത്തിൻെറ അനിയൻ ആയ Er. കെ കെ കൃഷ്ണകുമാർ അദ്ദേഹത്തെക്കുറിച്ച് സംസാരിച്ചു. നമുക്ക് മാതൃകയാക്കാവുന്ന ഗുണങ്ങളുണ്ട്, പക്ഷേ, അച്ഛന്റെ (Dr കെ വി കൃഷ്ണദാസ്) ഒരു പ്രസ്താവന ഉണ്ടായിരുന്നു ” Heartbeat of life മനസ്സിലാക്കാതെ, ഇന്നു പല ഡോക്ടർമാരും മനുഷ്യനെ ഒരു യന്ത്രം പോലെയാണ് കാണുന്നത്.” Dr ഹരിദാസ് അനാവശ്യമായിട്ടുള്ള സമ്മർദ്ദം എടുത്ത്, സ്വന്തം ആരോഗ്യം നന്നായി നോക്കിയിരുന്നില്ല. വർക്ക് ലൈഫ് ബാലൻസിങ് തെറ്റി പോയതിന് ഒരു ഉദാഹരണമാണ് എന്ന് ശ്രീ കൃഷ്ണകുമാർ പറഞ്ഞു.

 

സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രഭാഷണം 1893 -ൽ ഇതേ ദിവസം രാവിലെ ആയിരുന്നു നടന്നത്. അദ്ദേഹം പറഞ്ഞത് സഹിഷ്ണുത അല്ല എല്ലാവരെയും ഒരുപോലെ സ്വീകരിക്കുക ആണ് വേണ്ടതെന്ന്. ലോകത്തിൽ ഇതു വലിയ മാറ്റങ്ങൾ വരുത്താൻ സാധിച്ചിട്ടുണ്ട് എന്ന് Dr പണിക്കർ പറഞ്ഞു.

ആചാര്യ വിനോബാ ഭാവേയുടെ ജന്മദിനമാണ് ഇന്ന്. 1895 സെപ്റ്റംബർ 11 ന് ജനിച്ചു. 1982 നവംബർ 15ന് അദ്ദേഹം മരണം വരിക്കുന്നത് പ്രായോപവേശത്തോടെ മരണത്തെ ഭയമില്ലാതെ ആയിരുന്നു. 13 വർഷം ഭൂദാന യജ്ഞത്തിൽ ഇന്ത്യ മുഴുവൻ നടന്ന് ഭൂമി ഇല്ലാത്തവർക്ക് വേണ്ടി പ്രവർത്തിച്ചു. 1957 മെയ് ഒന്നാം തീയതി ചങ്ങനാശ്ശേരിയിൽ വച്ച് കേരളത്തിൽ കൂടെ കടന്നു പോയപ്പോൾ കാണാനും സംസാരിക്കാനും സാധിച്ചു എന്ന് Dr പണിക്കർ പറഞ്ഞു. ഭഗവത് ഗീതയിൽ നിന്ന് അദ്ദേഹത്തോട് ഒരു സംശയം ചോദിച്ചു. മനുഷ്യൻെറ പ്രശ്നങ്ങൾ എവിടെയാണ് ഉദിക്കുന്നത് എന്നുപറയുന്ന ശ്ലോകത്തിൽ എന്താണ് നശിക്കുന്നത് എന്നതിനു കിട്ടിയ മറുപടി, സ്കൂൾ വിദ്യാർഥിയായിരുന്ന തനിക്ക് ഒരു ദിശാമാറ്റം ഉണ്ടാക്കി. ശാസ്ത്ര ഗവേഷണ മേഖലകളിലേക്ക് പോകാൻ പ്രചോദനമായി. 1989 ൽ നാട്ടിൽ തിരിച്ചു വന്നതിന് ശേഷം ആണ്. “Discovery of Gandhi” എന്ന ലേഖനം എഴുതിയത്. വിനോബജിയുടെ പ്രത്യേകത മഹാത്മാ ഗാന്ധിക്ക് ശേഷം സാമ്പത്തിക വിപ്ലവത്തിനു വേണ്ടി ഏറ്റവും അധികം സംഭാവന നടത്തിയ ഒരാളാണ് എന്നതാണ്.

ന്യൂയോർക്കിലെ ട്വിൻ ടവേഴ്സിൽ 2 വിമാനങ്ങൾ ഇടിച്ച് തകർത്ത  ഭീകരപ്രവർത്തനത്തിന്റ ഇരുപതാം വാർഷികമാണ് ഇന്ന്. ആയിരങ്ങൾ മരിച്ചു. അഫ്ഗാനിസ്ഥാനിലും മറ്റുമുള്ള പ്രശ്നങ്ങൾ ഇപ്പോഴും തുടരുകയാണ്.

 

“സഹജീവൻ സ്വരാജ് സാധന” ആഗസ്റ്റ് 15-ാം തീയതി മുതൽ എന്നും 7 മണിക്ക് 7 മിനിറ്റ് നേരം തുടങ്ങിയതിന്റെ ലക്ഷ്യം വിശദീകരിച്ചു. ഈ സമയം എല്ലാവരും ഒരുമിച്ച് സാധന ചെയ്യുന്നു. സ്വന്തം കാര്യം സ്വയം ചെയ്യാൻ കഴിവ് വേണം എന്നുള്ള ഇച്ഛാശക്തി, ഇത് നടപ്പിലാക്കാൻ വേണ്ട കർമ്മകുശലത നേടൽ, അതിന് ദിവസവും കൈകൊണ്ട് എന്തെങ്കിലും ജോലി ചെയ്യണം എന്ന ആശയം, എല്ലാവർക്കും സ്വരാജ് പ്രാപ്തം ആകണം എന്നുള്ള ബോധം, അതിനു വേണ്ടി എല്ലാവരെയും സഹായിക്കാനും പങ്കിട്ട് ജീവിക്കാനുമുള്ള സന്നദ്ധത ഇവയെല്ലാമാണ്, സ്വരാജ് സാധനയിൽ ഉറപ്പിക്കുന്നത്.

മനഃപരിവർത്തനം ഉണ്ടായാലേ പുനരുജ്ജീവനം സാധ്യമാവുകയുള്ളൂ അതിനുവേണ്ടിയാണ് പരിപാടി തുടങ്ങിയത്. മൂന്നു ഭാഗങ്ങൾ ഉണ്ട്. ശാരീരിക ശ്രമം, ശ്വസനക്രിയ, മാനുഷിക ധ്യാനം. അവരവർക്ക് യുക്തമായ രീതിയിൽ ഇത് മൂന്നും കൂടി 7 മിനിറ്റ് സമയം ചെയ്യുന്നതാണ് സഹജീവൻ സ്വരാജ് സാധന. ഈ സാധനയുടെ പ്രത്യേകത ലോകത്ത് എല്ലാവരും ഒരുമിച്ച് ഒരേ സമയത്ത് ചെയ്യുക എന്നതാണ് എന്ന് Dr. എൻ എൻ പണിക്കർ വിശദീകരിച്ചു.

 

ഹൈക്കോടതിയിൽ നിന്ന് അടിയന്തര ഓർഡർ നേടിയെടുത്തു, വെള്ളപ്പൊക്കം തടയാൻ വേണ്ട പണികളുടെ എസ്റ്റിമേറ്റ് എടുപ്പിച്ചു. ശ്രീ കൊടുവ ബാബുവിന് അനുമോദനം നൽകി. ഇന്ന് നാട്ടിൽ എം.എൽ.എ വന്നപ്പോൾ ശ്രീ ബാബു അദ്ദേഹത്തെ പള്ളിവേട്ടയാൽ മുതൽ ശങ്കര വിദ്യാപീഠം വരെ വെള്ളത്തിലായ റോഡ് ഒരു നല്ല റോഡാക്കി എടുക്കാൻ വേണ്ടിയിട്ടുള്ള നിവേദനം കൊടുത്തു. ഇതിനൊക്കെ അനുമോദനം നൽകി Dr. എൻ എൻ പണിക്കർ സംസാരിച്ചു.

 

ഇതുപോലെ നല്ല കാര്യങ്ങൾ ചെയ്യുന്ന ശ്രീ ചാൾസ് മാത്യു ഇന്നത്തെ യോഗത്തിൽ വന്നു മണപ്പള്ളി പാടത്തെ വെള്ളം വറ്റിച്ച് ആളുകൾക്ക് സഹായം ചെയ്തു കൊടുക്കാൻ സഹായിച്ച കാര്യം പറഞ്ഞു. അതിനു ചുറ്റും ബണ്ട് ഉണ്ടാക്കുന്നതിന്റെ സൂത്രധാരൻ ചാൾസ് ആണ്. ആ ഒരു മോഡൽ പരിസരത്തുള്ള മറ്റു പാടങ്ങളിൽ ചെയ്യാൻ ശ്രമിച്ചു. പക്ഷേ, ചെയ്തത് വേറെ പാടം മുഴുവൻ വിഷം അടിച്ചു കരിച്ചു, പിറ്റേ ദിവസം ട്രാക്ടർ ഓടിച്ച് കയറ്റി, വെള്ളം കയറ്റി. അതിൻെറ പുറത്ത് വിതക്കാനാണ് പരിപാടി. മനുഷ്യൻ ബോധമില്ലാതെ ഓരോന്നും ചെയ്യുന്നു എന്ന് ശ്രീ ചാൾസ് മാത്യു പറഞ്ഞു. നാട്ടിൽ എല്ലായിടത്തും പ്രശ്നങ്ങളാണ് ഇവിടുത്തെ ഓരോ വീട്ടിലും പ്രായമായ അമ്മമാരുടെയും അച്ഛന്മാരുടെയും കാലുകളിൽ വ്രണങ്ങൾ ആണ്. ഓരോ അസുഖങ്ങൾ ഉള്ളവരും ഉണ്ട്. അങ്ങനെ പ്രശ്നമുള്ളവരാണ് വെള്ളത്തിൽ കൂടി നീന്തി നടക്കുന്നത്. എനിക്ക് കോവിഡായ സമയത്ത് വയലിൽ വെള്ളം തുറന്നു വിട്ടു രണ്ടാം കൃഷി ഇല്ല എന്ന് പറഞ്ഞു. നാട്ടുകാർ പണം തന്നാലേ രണ്ടാം കൃഷി ചെയ്യുകയുള്ളൂ എന്ന് പറഞ്ഞു. താനും ലിനുവും ശ്രീഹരിയും സംസാരിച്ചു. 70 ഏക്കർ കൃഷി ഞങ്ങൾ ചെയ്യാം എന്ന് പറഞ്ഞു. അവർ അത് സമ്മതിച്ചില്ല. ലിനു എം.എൽ.എ വഴി 3 ദിവസം കൊണ്ട് അനുവാദം വാങ്ങിച്ചു. ഇപ്പോഴത്തെ അത്യാവശ്യത്തിനു വേണ്ടി എല്ലാവരോടുമായി പണം പിരിച്ച് പമ്പുചെയ്ത് വെള്ളം വറ്റിച്ചു. ഈ ചെയ്ത പ്രവർത്തിയിൽ മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ച മൂന്നുപേർക്കും Prof എൻ സുനിൽകുമാർ സാർ അനുമോദനം നൽകി. നാട്ടുകാരിൽ നിന്ന് വളരെയധികം പ്രോത്സാഹനം കിട്ടുന്നുണ്ട്. ഞങ്ങൾ ചെയ്യുന്ന പ്രവർത്തി ഫലം നമുക്ക് കിട്ടുന്നുണ്ട്. അതുകൊണ്ടാണ് ഞങ്ങൾക്ക് കൂടുതലായി പിടിച്ചുനിൽക്കാൻ പറ്റുന്നതെന്ന് ശ്രീ ചാൾസ് പറഞ്ഞു. ബണ്ട് കെട്ടുന്നതിനുള്ള ഫണ്ട് കിട്ടിയിട്ടുണ്ട് 3.4 കോടി. ശങ്കരാ ജംഗ്ഷൻ മുതൽ മങ്കൊമ്പ് ക്ഷേത്രം വഴി മങ്കൊമ്പ് ചന്ത ആയുർവേദ ഹോസ്പിറ്റൽ വരെ ഒരു റോഡിനു വേണ്ടി ശ്രമിക്കുന്നുണ്ട്. പഞ്ചായത്തിൻെറ അനുവാദം കിട്ടിയിട്ടുണ്ട്. അത് വന്നു കഴിഞ്ഞാൽ കാര്യങ്ങൾ എളുപ്പമാകും. ജനങ്ങളുടെ 80% പ്രശ്നങ്ങളും പരിഹരിക്കാൻ പറ്റും എന്ന് തോന്നുന്നു. ശ്രീമതി സരള പണിക്കർ ഇതിനെപ്പറ്റി ഒരു സംശയം ചോദിച്ചു. ബണ്ട് ഉണ്ടാകുമ്പോൾ അവിടെ തോട്ടിലും ആറ്റിലുമായി കിടക്കുന്ന ഒരുപാട് കല്ലുകൾ ഉണ്ട്, ഇനിയും കല്ലുകൾ വേണോ? ബണ്ട് കെട്ട് എന്നുള്ളതിൽ ഒരു മാറ്റം വരുത്തരുത്. ശ്രീ സുനിൽ കുമാർ സാറിനോട് അഭിപ്രായം ചോദിച്ചു ചെയ്താൽ നന്നായിരുന്നു. ചാൾസ് പറഞ്ഞു ശ്രീഹരി prof സുനിൽകുമാർ സാറുമായി സംസാരിച്ചിരുന്നു. അവർ പറഞ്ഞത് അവിടെ കിടക്കുന്ന കല്ലുകളും ഉപയോഗിച്ചുകൊണ്ട് തന്നെ പണി ചെയ്യും എന്ന് പറഞ്ഞു. ഇവിടുത്തെ പണിയിൽ നേരായ മാർഗ്ഗത്തിലല്ല എല്ലാ പണികളും നടക്കുന്നത്. ഉദാ: തൊടുപുഴയിലോ മൂവാറ്റുപുഴയിലോ ഉള്ള ഡേവിഡ് ജോൺ എന്നുപറയുന്ന ആളാണ് ഇവിടുത്തെ ജോലി എടുത്തിരിക്കുന്നത്. ജോലി ചെയ്യുന്നത് പ്രദോഷ് എന്ന ആളാണ്. ഇതുപോലെ അദൃശ്യ ശക്തികൾ ഇതിന്റെ പുറകിൽ ഉണ്ട്. ഇതിൽ ഇടപെടേണ്ടത് അവസാനമല്ല, തുടക്കത്തിൽ തന്നെ നമ്മൾ ഇടപെടണം. പണികൾ ചെയ്യുന്ന ആളിന്റെ ഡയറക്ടറെയാണ് കാണേണ്ടത്.

 

പ്രതിഭാ പോഷണ കേന്ദ്രത്തിന്റെ വളർച്ചയെക്കുറിച്ച് Dr എൻ എൻ പണിക്കർ സാർ സംസാരിച്ചു. അതിൻെറ ഭാഗമായി രഞ്ജു രതീഷിന്റെ അച്ഛൻ രതീഷുമായി സംസാരിച്ചു. വള്ളങ്ങളുടെ പണികൾ നടന്നുകൊണ്ടിരിക്കുന്നു. 2 വള്ളങ്ങളാണ് ആയിട്ടുള്ളത് 4 വള്ളങ്ങളുടെ പണികൾ കൂടി ഉണ്ട്. രഞ്ജുവിന് ഒരു നേതൃത്വഗുണം ഉണ്ടാകണമെങ്കിൽ കുറച്ച് ചെറുപ്പക്കാരെ കൂട്ടത്തിൽ കൂട്ടി പണി എളുപ്പത്തിൽ ആക്കണം. കുറച്ചു ചെറുപ്പകാരെ സംഘടിപ്പിച്ചിട്ടു നാട്ടിലെ പ്രശ്നങ്ങളെ പറ്റി അറിയുന്നതിന് പല മത്സരങ്ങളും നടത്തുക. അതിൽ നിന്ന് അവർക്ക് സമ്മാനങ്ങൾ കൊടുക്കുക. ഇങ്ങനെ ഉള്ള പരിപാടികൾ നടത്തുക ചെറുപ്പക്കാരെ ആകർഷിപ്പിക്കുക എന്ന പരിപാടി ശ്രീ കൃഷ്ണകുമാർ ആവിഷ്കരിക്കുന്നത്. ഉദാ: നാട്ടിലെ കുടിവെള്ള പ്രശ്നം എടുക്കാം. ഇതിനെപ്പറ്റി ഒരു പഠനം നടത്തിയിട്ട് പുതിയ ആശയങ്ങളുമായി വരിക. ഇതിൽ ഏറ്റവും നല്ല അവതരണത്തിന് ഒരു സമ്മാനം കൊടുത്ത് പ്രോത്സാഹിപ്പിക്കുക. ഇങ്ങനെയുള്ള പരിപാടികൾ ഉദ്ദേശിക്കുന്നുണ്ട് എന്ന് Dr എൻ എൻ പണിക്കർ അഭിപ്രായപ്പെട്ടു. നാടിന്റെ ഉന്നമനത്തിന് ആശയങ്ങൾ നമുക്ക് കിട്ടുകയും ചെയ്യും. ഇവർക്ക് ഒരു പ്രോത്സാഹനം ആകുകയും സ്ഥലത്തെപ്പറ്റി മനസ്സിലാക്കാൻ ഒരു അവസരം ആകും. താല്പര്യം ഉണ്ടാവുകയും ചെയ്യും എന്ന് Prof സുനിൽകുമാർ സാർ പറഞ്ഞു.

 

കുട്ടനാട്ടിൽ തോട് കുഴിക്കുന്ന കാര്യം ആരും പറയുന്നില്ല. ഇന്ന് എം.എൽ.എ വന്നപ്പോഴും പുതിയ റോഡ് ഉണ്ടാക്കുന്ന കാര്യമാണ് പറയുന്നത്. ആളുകൾക്ക് അതിനാണ് താല്പര്യം. തോട് കുഴിക്കുന്നതിനെ പറ്റി ആരും എം.എൽ.എ യോട് ഒന്നും പറയുന്നില്ല. ഇതിനുവേണ്ടി നമ്മൾ ഇറങ്ങി തിരിക്കേണ്ടിയിരിക്കുന്നു. റോഡ് പൊക്കി കെട്ടിയാൽ വെള്ളം കെട്ടി നിൽക്കും. വെള്ളക്കെട്ട് ഇനിയും കൂടുകയാണ് ചെയ്യുന്നത്. ഇത് പ്രയോജനകരമല്ല, അപകടവും ആണ്.

ഇതിനൊരു ഉദാഹരണം ശ്രീമതി ആതിര എം കുമാർ പറഞ്ഞു. പുത്തേഴം ജംഗ്ഷൻ റോഡ് ഇൻറർലോക്ക് ചെയ്ത് ഉയർത്തി. ചെറിയ ഒരു മഴ പെയ്താൽ നമ്മുടെ വീട്ടിൽ ഇപ്പോഴും വെള്ളമാണ്. അവിടെ വെള്ളം ഒഴുകുന്നതിന് മാർഗ്ഗമില്ല. നമ്മുടെ പരിധിയിൽ വരുന്ന പാടശേഖരത്തിൽ അവിടുത്തെ ആളുകൾ കൃഷിചെയ്യാനോ അങ്ങനെയുള്ള ഒരു കാര്യങ്ങളും ചെയ്യാൻ താല്പര്യപ്പെടുന്നില്ല. അവിടുത്തെ പാടങ്ങൾ കാടുപിടിച്ചു കിടക്കുകയാണ്. ഇവിടെ മുന്നോട്ടു നയിക്കാൻ ആരുമില്ല. പ്രതിഭാ പോഷണ വികസനകേന്ദ്രം എത്രയും പെട്ടെന്ന് തുടങ്ങിയാൽ ഒരു സഹായമാകും.

 

 

മറ്റു വിഷയങ്ങൾ അടുത്ത ശനിയാഴ്ച 7.30ന് കൂടുമ്പോൾ ചർച്ചചെയ്യാം എന്ന് പറഞ്ഞ് 9.00 ന് യോഗം പിരിഞ്ഞു.

 

 

സസ്നേഹം,

രാം കിരൺ

നാട്ടുകൂട്ടം വീഡിയോ യോഗം റിപ്പോർട്ട്- 59, 2021. സെപ്റ്റംബർ.04 ശനി

നാട്ടുകൂട്ടം വീഡിയോ യോഗം – 59

2021.09.04 ശനിയാഴ്ച

 

കുറിപ്പുകൾ

 

പങ്കെടുത്തവർ:

രാം കിരൺ, Dr NN പണിക്കർ, ശ്രീമതി സരള പണിക്കർ, ശ്രീ E M ജോർജ്, ശ്രീ വർഗ്ഗീസ് കണ്ണമ്പള്ളി, ശ്രീ ആർ എസ് കുമാർ, Dr കെ ജി പത്മകുമാർ, Prof എൻ സുനിൽകുമാർ.

 

 

നാട്ടുകാരുടെ ഡോക്ടർ ആയിരുന്ന മൂർത്തി സ്വാമിയെ ശ്രീ Dr N N പണിക്കർ സാർ അനുസ്മരിച്ചു സംസാരിച്ചു.

 

തുടർന്ന് “സഹജീവൻ സ്വരാജ് സാധന” ആഗസ്റ്റ് 15-ാം തീയതി മുതൽ എന്നും 7 മണിക്ക് 7 മിനിറ്റ് നേരം തുടങ്ങിയതിന്റെ ലക്ഷ്യം വിശദീകരിച്ചു. മനഃപരിവർത്തനം ഉണ്ടായാലേ പുനരുജ്ജീവനം സാധ്യമാവുകയുള്ളൂ അതിനുവേണ്ടിയാണ് പരിപാടി തുടങ്ങിയത്. മൂന്നു ഭാഗങ്ങൾ ഉണ്ട്. ശാരീരിക ശ്രമം, ശ്വസനക്രിയ, മാനുഷിക ധ്യാനം. അവർക്ക് യുക്തമായ രീതിയിൽ ഇത് മൂന്നും കൂടി 7 മിനിറ്റ് സമയം ചെയ്യുന്നതാണ് സഹജീവൻ സ്വരാജ് സാധന. ഈ സാധനയുടെ പ്രത്യേകത ലോകത്ത് എല്ലാവരും ഒരുമിച്ച് ഒരേ സമയത്ത് ചെയ്യുക എന്നതാണ്.

 

സ്പീഡ് ബോട്ട് ഉണ്ടാക്കി അവാർഡുകൾ നേടിയ 10-ാം ക്ലാസുകാരൻ ആയ രഞ്ജു രതീഷിന് Dr N N പണിക്കർ അനുമോദനങ്ങൾ നൽകി സംസാരിച്ചു. രഞ്ജു രതീഷ് നമ്മുടെ 6 വള്ളങ്ങളുടെ പണികൾ ചെയ്തു കൊണ്ടിരിക്കുകയാണ്. കുട്ടനാട്ടിൽ വെള്ളപ്പൊക്കം വന്നാൽ ഈ കൊച്ചു വള്ളങ്ങൾ 6 എണ്ണം ഇട്ടിരിക്കും. അത്യാവശ്യം വന്നാൽ ആർക്കും എടുക്കാം.

 

പ്രതിഭാ പോഷണ വികസന കേന്ദ്രത്തിന്റെ ഉദ്ദേശം ചെറുപ്പക്കാരുടെ സൃഷ്ടിപരമായ കഴിവ് വർദ്ധിപ്പിക്കുക എന്നതാണ്. കുട്ടനാട്ടിൽ ഉള്ള ബുദ്ധിമുട്ടുകൾ കൊണ്ട് വ്യക്തികൾ വിഷമിച്ച് നാടു വിടുന്നതിനു പകരം ഒരു വെല്ലുവിളിയായി സ്വീകരിച്ച് അവരുടെ വികസനത്തിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വേണ്ടി അവരുടെ ഒപ്പം നിന്ന് പ്രവർത്തിക്കുക എന്നതാണ് ഉദ്ദേശം. ഇതിന് ചെറുപ്പക്കാരെ സംഘടിപ്പിച്ച് അവർക്ക് ഒരു കേന്ദ്രം ഉണ്ടാക്കുക. അവർക്ക് നേതൃത്വം നൽകാൻ നമ്മുടെ മാന്ത്രികൻ മനു മങ്കൊമ്പ് മുൻപന്തിയിൽ തന്നെ ഉണ്ട്. സ്ഥലം YMPC ലൈബ്രറി, സ്കൂളിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താം.

 

വെള്ളപ്പൊക്കത്തെ ഒഴിവാക്കാൻ ഒരു വഴി പതിവായ ഈടു കുത്തലും കര പൊക്കലും ആയിരുന്നു. അതിന് ഒരു ഉദാഹരണം Dr N N പണിക്കർ സാർ പറഞ്ഞു. ഡോ. എം എസ് സ്വാമിനാഥന്റെ കുടുംബവീട് താഴ്ന്നു കൊണ്ട് ഇരിക്കുന്നു. നേരെമറിച്ച് ഡോ കെ വി കൃഷ്ണദാസിന്റെ വീട് താഴ്ന്നിട്ടില്ല. എന്താണ് വ്യത്യാസം? Dr കൃഷ്ണദാസിന്റെ വീട്ടിൽ ഇടയ്ക്കിടയ്ക്ക് ഈട് കുത്തുന്നു. ഇങ്ങനെ കര പൊക്കി കൊണ്ടിരുന്നാൽ വീട് താഴുന്നില്ല, വെള്ളക്കെട്ടും ഉണ്ടാകുന്നില്ല എന്ന നിരീക്ഷണത്തെക്കുറിച്ച് ഒരു പഠനം നടത്തേണ്ടതാണ്. വീട് ചെയ്തിരിക്കുന്ന രീതിയും അറിയേണ്ടതുണ്ട്. പണ്ട് തെങ്ങിന്റെ കുറ്റി ഉപയോഗിച്ച് ഫൗണ്ടേഷൻ ചെയ്യുന്ന രീതി ഉണ്ടായിരുന്നു. കൂടുതലും തടി ഉപയോഗിച്ചാണ് പണി ചെയ്തിട്ടുള്ളത്. ഇന്ന് ഈട് കുത്തുന്നത് ഭാരിച്ച ചെലവാണ്. ഇതിന് ജോലിക്കാർ ഇല്ല എന്നതാണ് ഒരു കാരണം എന്ന് ശ്രീ ശ്രീകുമാർ പറഞ്ഞു.. ഒരു വഴി ഉള്ളത് ഇതിനു വേണ്ടിയിട്ടുള്ള യന്ത്രങ്ങൾ കണ്ടുപിടിക്കണം എന്ന് Dr N N പണിക്കർ സാർ പറഞ്ഞു. ചെളിയും കട്ടയും കുത്തിയെടുക്കുന്നതിനും വേണ്ടത് നിക്ഷേപിക്കുകയും ചെയ്യുന്ന യന്ത്രങ്ങൾ, പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഉണ്ടാക്കി എടുക്കണം.

ഇതുപോലുള്ള കണ്ടുപിടുത്തങ്ങൾ ചെയ്യുന്നതിനും അറിവുകൾ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുന്നതിനും കൂടിയാണ് നമ്മുടെ പ്രതിഭാ പോഷണ വികസന കേന്ദ്രം.

 

അണക്കെട്ടുകളിൽ മണ്ണുമാറ്റി ജലസംഭരണശേഷി വർധിപ്പിക്കുന്നത് അത്യാവശ്യമാണ്. അണക്കെട്ടുകളിൽ മണ്ണടിഞ്ഞ് ജല സംഭരണശേഷി കുറഞ്ഞിരിക്കുന്നു. KSEB യുടെയും ജലവിഭവ വകുപ്പിനെയും മേൽനോട്ടത്തിലാണ് ഡാമുകൾ. ഈ രണ്ടു വകുപ്പുകളുടെയും മന്ത്രിമാരെ കാണുകയും അവരിൽ സമ്മർദ്ദം ചെലുത്തിയാൽ മാത്രമേ ഇത് പരിഹരിക്കാൻ പറ്റുകയുള്ളു.

 

തോട്ടപ്പള്ളി സ്പിൽവേയെക്കുറിച്ചും അനുബന്ധ കനാലുകളെക്കുറിച്ചും പഠനം നടത്തുമ്പോൾ അതുമായി കൂടുതൽ ബന്ധപ്പെടാൻ കഴിയുന്നതും കൂടുതൽ സംഭാവന ചെയ്യാൻ കഴിയുന്നതുമായ സ്ഥാപനങ്ങൾ ഇവിടുത്തെ എൻജിനീയറിങ് സ്ഥാപനങ്ങളാണ്. അവരുമായി ബന്ധിപ്പിക്കാതെ മറ്റു പലയിടത്തും പഠനം നടത്തി റിപ്പോർട്ട് കൊണ്ടുവരുന്നു. ഇത് ശരിയായിട്ടുള്ള രീതിയിൽ ചെയ്യാൻ സാധിക്കുന്നില്ല എന്ന് Dr. പത്മകുമാർ സാർ പറഞ്ഞു. ഇതിന് പത്മകുമാർ സാർ മുൻകൈയെടുക്കണം എന്ന് ശ്രീ വർഗ്ഗീസ് കണ്ണമ്പള്ളി പറഞ്ഞു. സമുദ്രനിരപ്പിന് താഴെയാണ് കുട്ടനാട് പ്രദേശം. ഇവിടെ ഉണ്ടാകുന്ന പ്രതിഭാസങ്ങളെ അപഗ്രഥിച്ച് അതിന് പരിഹാരം കാണണം.

 

ശ്രീ വർഗ്ഗീസ് കണ്ണമ്പള്ളി AC റോഡ് പണിയെ പറ്റി പറഞ്ഞു. AC റോഡ് 3 വർഷത്തേക്ക് അടച്ചിടും എന്ന് മുഖ്യമന്ത്രി വരെ പ്രസ്താവിക്കുകയുണ്ടായി. കരാറുകാരനും സർക്കാരും തമ്മിലുള്ള കരാറിൽ റോഡ് അടച്ചിടുന്ന കാര്യം പറയുന്നില്ല. റോഡ് പണി നടക്കുമ്പോൾ പകുതി ഭാഗത്ത് നിർമ്മാണം നടക്കുകയും. പകുതിഭാഗം വാഹനം കടത്തിവിടുകയും ചെയ്യണമെന്ന് പറയുന്നുണ്ട്. അതുപോലെതന്നെ പാലങ്ങളിലെ കലുങ്കുകൾ ഇതൊക്കെ പണിയുമ്പോൾ “deviation” റോഡ്, “deviation” പാലം നിർബന്ധമായി വേണം എന്ന് പറയുന്നുണ്ട്. സർട്ടിഫിക്കറ്റ് ഉള്ള വാഹനങ്ങൾ കടത്തിവിടണം എന്ന് പറയുന്നു.

ഇന്ന് ഒരു ദുരന്തം ഉണ്ടാകേണ്ടതാണ്. പൊങ്ങ പാലത്തിന്റെ ഭാഗത്ത് ഉണ്ടാക്കിയിരിക്കുന്ന താൽക്കാലിക പാലം ഉണ്ടാക്കിയിരുന്നത് കമുക്, മുള, തെങ്ങിന്റെ കുറ്റി കൊണ്ടും ആണ്. അതിലോട്ട് ഒരു വലിയ ലോറി കയറിയത് തുടക്കത്തിൽ കണ്ടു പിടിച്ചു അതുകൊണ്ട് വലിയ ഒരു അപകടം ഒഴിവായി. കരാറിൽ എഴുതി വെച്ചിട്ടുള്ള കാര്യങ്ങൾ പോലും സത്യസന്ധമായി ചെയ്യാൻ വൻകിട പ്രോജക്റ്റുകളിൽ പോലും കഴിയുന്നില്ല. എസ്റ്റിമേറ്റിൽ 672 കോടി പദ്ധതിയിൽ എന്തൊക്കെയാണോ പറഞ്ഞിരിക്കുന്നത് ഇവരെകൊണ്ട് ചെയ്യിപ്പിക്കാൻ നമ്മുടെ ഭരണകൂടത്തിനും ജനപ്രതികൾക്കും കഴിയുന്നില്ല. AC റോഡിൻെറ കാര്യത്തിൽ ഒരു കേസ് ഫയൽ ചെയ്തു. കൃത്യമായ വ്യവസ്ഥയിൽ കാര്യങ്ങൾ പാലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരുകേസ് കൂടി ഫയൽ ചെയ്യുന്നുണ്ട്. നിലവിലുള്ള റോഡ് വികസിപ്പിക്കുന്നതിനോട് എതിർപ്പുണ്ട് കാരണം. ആ റോഡ് പുതിയ റോഡിന്റെ പണി തീരുന്നതുവരെ ഉപയോഗശൂന്യമാകും എന്നുള്ളതാണ്. നിലവിലുള്ള നിർമ്മാണങ്ങളെ തകർക്കേണ്ടി വരും. ഗതാഗത സൗകര്യം വർധിപ്പിക്കാൻ വേണ്ടി മറ്റൊരു റോഡ് ഉണ്ടാക്കുകയാണ് വേണ്ടത്. നിലവിലുള്ള റോഡ് പൊളിച്ചിട്ടോ അടച്ചിട്ടിട്ടോ അതേ സ്ഥലത്ത് പണിയുകയല്ല വേണ്ടത്. കാരണം രണ്ടു സൈഡിൽ ഉള്ള എല്ലാ നിർമ്മാണങ്ങളും തകർത്തു കളയേണ്ടിവരും. വേസ്റ്റ് കുന്ന് കൂട്ടുന്നു, അവിടെയുള്ള തൊഴിലവസരം നഷ്ടപ്പെടുത്തുന്നു, ആ റോഡ് അത്രയുംകാലം ഉപയോഗിക്കാൻ പറ്റാതെ വരുന്നു. ഇതിൽ വരുന്ന നഷ്ടത്തിനെക്കാൾ കുറവ് ചെലവാക്കിയാൽ പുതിയ ഒരു റോഡോ പാലമോ സ്ഥാപിക്കാം. നിലവിലുള്ള ഗതാഗത സംവിധാനം ഉപയോഗപ്പെടുത്താം. ഇതിൻെറ കൂടുതൽ വിശദാംശങ്ങൾ ശേഖരിച്ച് കഴിഞ്ഞാൽ മങ്കൊമ്പിന് വേണ്ടി ഉള്ള പ്രൊപ്പോസൽ കൂടുതൽ ഫലപ്രദമാക്കാൻ സാധിക്കും. ഇത് നല്ലൊരു അഭിപ്രായമാണ്. ഭാരത് മാലാ പദ്ധതി കേന്ദ്ര ഗവൺമെന്റിന്റെ സപ്പോർട്ടിൽ ചെയ്യുന്ന പദ്ധതിയാണ്. അതാണ് പരിഹാരം എന്ന് Dr N N പണിക്കർ പറഞ്ഞു.

 

ഡാമുകളിലെ മണൽ വാരുന്നത് ലാഭകരം ആയ ഒരു പ്രോജക്ട് ആണ്. നാട്ടിൽ പ്രയോജനമുള്ള ഒരു കാര്യം ആണ്. യന്ത്രങ്ങളുപയോഗിച്ച് അത് ശേഖരിക്കാനും വേർതിരിച്ചെടുക്കാനും ചെയ്യുന്ന പ്രോജക്ട് ആണ് വേണ്ടത്.

ശ്രീ വിക്രംജിയുടെ കമ്പനിയാണ് മലമ്പുഴ ഡാമിന്റെ മണൽ വാരുന്ന കോൺട്രാക്ട് എടുത്തിരുന്നത്. രാഷ്ട്രീയപരമായ ഇടപെടൽ കൊണ്ടാണ് അത് നടക്കാതെ പോയത്.

ഒരു സംശയം ശ്രീ E M ജോർജ് ചോദിച്ചു. കുട്ടനാട്ടിലേക്കുള്ള വെള്ളം വരുന്ന വഴിയിലാണ് ഡാമുകൾ. ഇവിടെയുള്ള ചെളി ഒഴുകി വന്നാൽ കുട്ടനാടിന് നല്ലതാണോ? ദോഷമാണോ?. Dr പത്മകുമാർ പറഞ്ഞു കുട്ടനാട് ഭാഗത്ത് ചെളി വരുന്നത് നല്ലതാണ്. അത് ഉപയോഗിക്കപ്പെടണം. പണ്ടുള്ള കാലത്ത് അങ്ങനെയാണ് ചെയ്തിരുന്നത്. എക്കൽ കൃഷിക്കുവേണ്ടി ഉപയോഗപ്പെടുന്നു. ചെളിയെ വരാതെ ആക്കുന്നതാണ് ഡാം. കല്ലട ഡാം വന്നത് മൺറോ തുരത്തിൽ ദുരന്തമായി മാറി. അവിടെ വെള്ളം മാത്രമേ വരുകയുള്ളൂ, ചെളി ഇല്ലാതെയായി. താഴ്ന്നുകൊണ്ടിരിക്കുന്നു. വെള്ളക്കെട്ടും വെള്ളപ്പൊക്കവും കൂടി. ചെളി (Sediments) അടിസ്ഥാനപരമായ ഒരു കാര്യമാണ്. ഇതുമൂലമാണ് കായൽ തീരങ്ങൾ നിലനിൽക്കുന്നത്. അത് കടലിൽ ചെല്ലാത്തതുകൊണ്ടാണ് കടലാക്രമണ ഭീഷണി വർദ്ധിച്ചത്. ഇത് കാരണമാണ് കേരളത്തിൽ പത്തുപതിനഞ്ച് വർഷമായിട്ട് തീരത്ത് ചാകര ഉണ്ടാകുന്നില്ല. ഡാം നോക്കിനടത്താൻ ഡാം ഡെവലപ്മെൻറ് അതോറിറ്റി കേരളത്തിൽ ഉണ്ട്. ഇതൊക്കെ അവരുടെ ഉത്തരവാദിത്തമാണ്.

 

ഡാം ഉണ്ടാക്കുന്ന ലോബികൾ ഒരുപാട് ഉണ്ട്. ഇതിലും വലിയ ഒരു അപകടമാണ് റഗുലേറ്റർ കം ബ്രിഡ്ജ് – കടലിനോട് ചേർന്ന സ്ഥലങ്ങളിൽ ഡാം ഉണ്ടാക്കുന്നത്. അതുപോലെ ഒരെണ്ണമാണ് തണ്ണീർമുക്കം ബണ്ട്.

 

ബണ്ടുകളുടെ നിർമ്മാണത്തെ പറ്റി Dr സുനിൽ കുമാർ സംസാരിച്ചു. കല്ലിനു പകരം ജൈവ ബണ്ടുകൾ നിർമ്മിക്കാൻ നാട്ടുകാരെ പ്രേരിപ്പിക്കണം.

 

 

മറ്റു വിഷയങ്ങൾ അടുത്ത ശനിയാഴ്ച 7.30ന് കൂടുമ്പോൾ ചർച്ചചെയ്യാം എന്ന് പറഞ്ഞ് 9.00 ന് യോഗം പിരിഞ്ഞു.

 

 

സസ്നേഹം,

രാം കിരൺ